
തട്ടമിട്ട തെയ്യം; പാടുന്നത് മാപ്പിളപ്പാട്ട് ഇശലുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ ‘പാവാട വേണം, മേലാട വേണം, പഞ്ചാരപ്പനങ്കിളിക്ക്…
ഇക്കാന്റെ കരളേ, ഉമ്മാന്റെ പൊരുളേ, മുത്താണു നീ ഞമ്മക്ക്…’ പാട്ടുകേട്ടു തിരിഞ്ഞുനോക്കിയാൽ കാണുന്നതു തെയ്യക്കോലത്തെ. കക്കാട്ട് മഠത്തിൽ കോവിലകത്ത് ഉമ്മച്ചിത്തെയ്യം കെട്ടിയാടിയപ്പോഴായിരുന്നു ഈ അപൂർവ കാഴ്ച. പണ്ടു കോലോത്തു നെല്ലുകുത്താനെത്തിയ മുസ്ലിം സ്ത്രീ കുത്തിയ നെല്ല് പാകമായോ എന്നറിയാൻ തിന്നുനോക്കിയപ്പോൾ അതുകണ്ട കാര്യസ്ഥൻ ഉലക്കകൊണ്ടടിച്ചെന്നും മരണപ്പെട്ട സ്ത്രീ പിന്നീടു യോഗ്യാർ അകമ്പടി തെയ്യത്തിനൊപ്പം ദൈവക്കോലമായെന്നുമാണ് ഐതിഹ്യം.
എല്ലാ വർഷവും മേടം 10നു പുലർച്ചെ നീലേശ്വരം കക്കാട്ട് മഠത്തിൽ കോവിലകത്താണ് ഉമ്മച്ചിത്തെയ്യം കെട്ടിയാടുന്നത്. തട്ടമിട്ട തെയ്യം, തോറ്റംപാട്ടിനു പകരം മാപ്പിളപ്പാട്ടിന്റെ ഇശലുകൾ പാടും. ഉലക്ക കൊണ്ടുള്ള അടിയുടെ വേദന മറക്കാനായി മാപ്പിളരാമായണത്തിലെ ‘പണ്ടു താടിക്കാരനവുലി പാടിവന്ന പാട്ട്.. കേട്ടതല്ലേ ഞമ്മളീ ലാമായണം കഥപ്പാട്ട്…’ എന്നുപാടി ഏറ്റുപാടാൻ വാദ്യക്കാരോട് ആവശ്യപ്പെടും. നിറദീപങ്ങൾക്കു മുൻപിൽ തെയ്യത്തിന്റെ കല്ലാടിമാരും പണിക്കമ്മാരും ഇശലുകൾ ഏറ്റുപാടുന്നതു മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ച കൂടിയാണ്. കെഎസ്ആർടിസി കണ്ടക്ടറായ കക്കാട്ട് രാജൻ പണിക്കരാണ് ഉമ്മച്ചിത്തെയ്യത്തിന്റെ കോലധാരി.