
പാലിൽ രൂക്ഷഗന്ധം: വിശദ പരിശോധന നടത്താൻ മിൽമ: ഒന്നും കലർന്നിട്ടില്ലെന്ന് വിശദീകരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട് ∙ പാലിൽനിന്നും രൂക്ഷഗന്ധം ഉയർന്നുവെന്ന പരാതിയിൽ വിശദമായ പരിശോധനയ്ക്കു മിൽമ. ഇന്നലെ കണ്ണൂരിലെ ലാബിൽ നടത്തിയ ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി പരിശോധനയിലും പാലിന് എന്താണു സംഭവിച്ചതെന്നു വ്യക്തത വരുത്താൻ മിൽമയ്ക്കു കഴിഞ്ഞിട്ടില്ല. രൂക്ഷഗന്ധമുണ്ടെന്നു സമ്മതിക്കുമ്പോഴും പാലിൽ ഒന്നും കലർന്നിട്ടില്ലെന്ന നിലപാടിലാണു മിൽമ. അടുത്തിരിക്കുന്ന വസ്തുക്കളുടെ ഗന്ധം ആഗിരണം ചെയ്യാനുള്ള പാലിന്റെ കഴിവായിരിക്കാം ഓയിൽ സ്വഭാവമുള്ള ഗന്ധത്തിനു പിന്നിലെന്നാണു മിൽമയുടെ പ്രാഥമിക നിഗമനമെന്ന് കാസർകോട് ഡെയറി ക്വാളിറ്റി കൺട്രോളർ വിനോജ് പറഞ്ഞു.
മാവുങ്കാലിൽ പ്രവർത്തിക്കുന്ന കാസർകോട് ഡെയറിയിൽനിന്ന് നൽകിയ ഒരു ബാച്ച് പാലിലാണു തിളപ്പിക്കുമ്പോൾ ഓയിൽ ഗന്ധം വരുന്നതായി പരാതി ഉയർന്നത്. അര ലീറ്ററിന്റെ 10,000 പായ്ക്കറ്റുകളാണു ബാച്ചിലുള്ളത്. പരാതി വ്യാപകമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത പാൽ തിരിച്ചെടുക്കാനുള്ള നിർദേശം മിൽമ വിതരണക്കാർക്ക് നൽകിയിരുന്നു. ഇതുപ്രകാരം 5,000 പായ്ക്കറ്റുകൾ തിരിച്ചെത്തിയെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇതിൽ മുൻബാച്ചുകളിലെ പാലും ഉൾപ്പെട്ടിട്ടുണ്ട്.
ബാച്ച് തിരിച്ചാണു വിതരണമെങ്കിലും പ്രധാന ഡീലർമാരിൽനിന്നു പുറപ്പെട്ടാൽ പായ്ക്കറ്റുകൾ കണ്ടെത്തുക പ്രയാസമാണ്. പലരും ഉപയോഗിച്ചതിനാൽ മുഴുവൻ പാലും തിരികെയെടുക്കാനാകില്ല. ആരോപണം ഉയർന്ന ബാച്ചിന്റെ ഉപയോഗ കാലാവധി ഇന്ന് അവസാനിക്കും. അതോടെ കൂടുതൽ പായ്ക്കറ്റുകൾ തിരിച്ചെത്തുമെന്നാണു കരുതുന്നത്.ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നു പറഞ്ഞവരുടെ വീട്ടിൽ മിൽമ അധികൃതർ ഇന്നലെ നേരിട്ടെത്തി പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ, ഡെയറി വകുപ്പുകൾ അന്വേഷണം ആരംഭിച്ചു.