
പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്കു പരോൾ: ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായം തേടി പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിയ ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതക കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ ഒന്നാം പ്രതി എ.പീതാംബരനും നാലാം പ്രതി എ.അനിൽകുമാറിനും പരോൾ അനുവദിക്കുന്നതു സംബന്ധിച്ച് പൊലീസ് ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെ അഭിപ്രായം തേടി. പരോളിനുള്ള അപേക്ഷയിൽ കണ്ണൂർ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടിയതിനെത്തുടർന്ന് ബേക്കൽ പൊലീസ് ഇന്നലെ ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകളിലെത്തിയിരുന്നു.
വിധി വന്ന് മൂന്നരമാസം തികയും മുൻപേ പരോൾ നൽകാനുള്ള നീക്കത്തെ കുടുംബാംഗങ്ങൾ ശക്തമായി എതിർത്തു. 6 വർഷം ജൂഡീഷ്യൽ കസ്റ്റഡിയിലായിരുന്നിട്ടും പരോൾ ലഭിക്കാത്ത പ്രതികൾക്കാണ് ശിക്ഷാവിധി വന്ന് മാസങ്ങൾക്കകം പരോൾ നൽകാൻ നീക്കം നടക്കുന്നതെന്നും ഇത് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണെന്നും ശരത്ലാലിന്റെ പിതാവ് പി.കെ.സത്യനാരായണൻ പറഞ്ഞു. സിബിഐ അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതി വരെ പോയി പരാജയപ്പെട്ട സർക്കാർ പ്രതികളെ എത്രയുംവേഗം ജയിലിൽ നിന്നിറക്കാൻ കുറുക്കുവഴി തേടുകയാണെന്ന് കൃപേഷിന്റെ പിതാവ് പി.വി.കൃഷ്ണൻ പറഞ്ഞു.
ഈ വർഷം ജനുവരി 3 നാണ് കൊച്ചി സിബിഐ കോടതി കേസിലെ 14 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇരുവരും അറസ്റ്റിലായതു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ജീവപര്യന്തം തടവിനു പുറമേ ഇരുവരെയും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു.കേസിൽ 5 വർഷം തടവിനു ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്ന കെ.വി.കുഞ്ഞിരാമൻ(61), കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ (44) എന്നിവരുൾപ്പെടെ നാലു പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ശിക്ഷാവിധിയെത്തുടർന്ന് കണ്ണൂർ ജയിലിലെത്തിച്ച പ്രതികളെ സിപിഎം നേതാവ് പി.ജയരാജൻ സന്ദർശിച്ചതും ജാമ്യം ലഭിച്ച പ്രതികൾക്ക് ജയിലിനു പുറത്ത് വൻ വരവേൽപ് നൽകിയതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രധാന പ്രതികൾക്ക് ശിക്ഷാവിധി വന്ന് മൂന്നര മാസം തികയും മുൻപേ തിരക്കിട്ട് പരോൾ അനുവദിക്കാനുള്ള നീക്കം.