
ശരത്ലാലും കൃപേഷും പ്രതികളായ വധശ്രമക്കേസിൽ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിയ ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ലാലും ക്യപേഷുമുൾപ്പെടെ പത്ത് പേർക്കെതിരേ ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിഭാഗം സാക്ഷിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. ജില്ലാ അഡീഷനൽ സെഷൻസ് കോടതി(അഡ്ഹോക്ക് –3)യിൽ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായ കേസിൽ പ്രതിഭാഗത്തിന് വേണമെങ്കിൽ സാക്ഷികളെയും തെളിവുകളെയും ഹാജരാക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് 4 സാക്ഷികളുടെ പട്ടിക നൽകിയത്. കേസ് വിശദമായ വാദത്തിനും പ്രോസിക്യൂഷൻ എതിർവിസ്താരത്തിനുമായി 29 ലേക്ക് മാറ്റി.
2019 ജനുവരി 5 ന് വൈകിട്ട് കല്യോട്ട് ടൗണിൽ മുന്നാട് പീപ്പിൾസ് കോളജ് ബസ് തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പെരിയ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി എ.പീതാംബരൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്ന വിഷ്ണു സുര എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന കൊലചെയ്യപ്പെട്ട ശരത്ലാൽ ഒന്നാം പ്രതിയായ കേസിൽ പ്രവർത്തകരായ മഹേഷ്, അനൂപ്, വിവേക് ചന്ദ്രൻ, കൃപേഷ്, നിതിൻകുമാർ, ശ്രീരാഗ്, ഉണ്ണി, ശ്രീകുമാർ, ജനാർദനൻ എന്നിവരാണു മറ്റു പ്രതികൾ. ഇതിൽ ആറാം പ്രതിയായിരുന്ന ക്യപേഷിനെയും ഏഴാം പ്രതി നിതിൻകുമാറിനെയും പിന്നീട് കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2019 ജനുവരി 2ന് കല്യോട്ട് എകെജി മന്ദിരം തകർത്തതിനെതിരെ ബേക്കൽ പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിലാണ് പീതാംബരനെയും സുരേന്ദ്രനെയും അപായപ്പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സതീശനും പ്രതിഭാഗത്തിനു വേണ്ടി കെ.പത്മനാഭനുമാണ് ഹാജരാകുന്നത്.