
കഴുത്തോളം കടം; 1500 രൂപയുടെ സമ്മാനക്കൂപ്പൺ; അടിച്ചാൽ ഒന്നാം സമ്മാനം 3300 ചതുരശ്ര അടിയുള്ള വീടും 26 സെന്റും!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേളകം ∙ 1500 രൂപയുടെ സമ്മാനക്കൂപ്പൺ; അടിച്ചാൽ ഒന്നാം സമ്മാനം 3300 ചതുരശ്ര അടിയുള്ള വീടും 26 സെന്റും! കടബാധ്യതയിൽനിന്നു കരകയറാനും ഭാര്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനുമായി കേളകം അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നി തോമസാണ് ഈ ഭാഗ്യപരീക്ഷണം നടത്തുന്നത്. വിദേശത്തു 35 വർഷം ജോലിചെയ്തു സമ്പാദിച്ചതെല്ലാം കൂട്ടിവച്ചാണ് ബെന്നി സ്ഥലവും വീടും വാങ്ങിയത്. 2016ൽ റിയാദിൽ സ്വന്തമായി സ്പെയർപാർട്സ് കട തുടങ്ങി. നാട്ടിൽ കൃഷിയും. പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിൽ മാത്രം ശ്രദ്ധിക്കാനായിരുന്നു ആലോചന. അതിന് 55 ലക്ഷം രൂപ കൃഷിവായ്പയെടുത്തു. എന്നാൽ, ലോക്ഡൗൺ കാലത്തു വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായി. റിയാദിലെ സ്ഥാപനവും പൂട്ടേണ്ടിവന്നു.
ഇതിനിടെ ഭാര്യയ്ക്കു കാൻസർ സ്ഥിരീകരിച്ചു. കയ്യിലുണ്ടായിരുന്ന പണമെല്ലാം ചികിത്സയ്ക്കു ചെലവിട്ടു; കടവും വാങ്ങി. ഒടുവിൽ 85 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയായി. ഭാര്യയുടെ ചികിത്സയ്ക്ക് 21 ദിവസം കൂടുമ്പോൾ 2.75 ലക്ഷം രൂപ ആവശ്യമാണ്. സ്ഥലവും വീടും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോൾ ജപ്തിനടപടികൾ അന്തിമഘട്ടത്തിലാണ്. അങ്ങനെയാണ് സമ്മാനക്കൂപ്പൺ എന്ന തീരുമാനത്തിലെത്തിയത്. 1500 രൂപയുടെ 10,000 കൂപ്പണുകൾ അച്ചടിച്ചു.
രണ്ടും മൂന്നും സമ്മാനങ്ങൾ യൂസ്ഡ് കാറുകളാണ്. നാലാം സമ്മാനം പുതിയ ബുള്ളറ്റ്. മേയ് 25ന് ആണു നറുക്കെടുപ്പ്. ഇതിനു മുൻപ് വീടും സ്ഥലവും വിൽക്കാനായാൽ കൂപ്പൺ എടുത്തവർക്കു പണം തിരികെ നൽകുമെന്ന് ബെന്നി പറയുന്നു.