
ദേശീയപാത നിർമാണം: കൂടുതൽ സ്പാനുകൾ ആവശ്യപ്പെട്ട് കത്തുനൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ ദേശീയപാത നിർമാണം നടക്കുന്ന മാർക്കറ്റ് ജംക്ഷനിൽ അധിക സ്പാനുകൾ അനുവദിക്കണമെന്ന ആവശ്യത്തിനു പിന്തുണയേറുന്നു. എംപിയും വിവിധ സംഘടനകളും നഗരസഭയും ഈ ആവശ്യം ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതർക്ക് കത്തു നൽകി. ദേശീയപാത നിർമാണം നടക്കുന്ന മാർക്കറ്റ് ജംക്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ പൊലീസ് സ്റ്റേഷനു മുൻപിൽ നിർമാണത്തിലിരിക്കുന്ന അടിപ്പാതയ്ക്ക് തുടർച്ചയായി 3 സ്പാൻ മേൽപാലം നിർമിക്കണമെന്ന് യുഡിഎഫ് നീലേശ്വരം നഗരസഭാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഇ.എം.കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മഡിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, പി.രാമചന്ദ്രൻ, ടി.വി.ഉമേശൻ, ഇ.ഷജീർ, റഫീക്ക് കോട്ടപ്പുറം, കെ.പി.നസീർ, സി.വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.
നഗരത്തിലേക്ക് വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യം നിലവിൽ പൊലീസ് സ്റ്റേഷൻ തെരു റോഡിലുള്ള 25 മീറ്റർ അടിപ്പാതയിലൂടെ മാത്രമായതിനാൽ ഭാവിയിൽ വൻ ഗതാഗത തടസ്സം സൃഷ്ടിക്കും. ഈ അടിപ്പാതയുടെ ഇരുഭാഗത്തുമായി പാർശ്വഭിത്തിയുടെ പണി നിർത്തിയ സ്ഥലത്തിനും അടിപ്പാതയുടെ തൂണുകൾക്കും ഇടയിലായി റിഎൻഫോഴ്സ്ഡ് എർത്ത് പാനൽ നിർമിക്കാൻ ബാക്കിയുള്ള സ്ഥലത്ത് കൂടുതൽ സ്പാൻ നിർമിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് കാണിച്ച് ദേശീയപാത റീജിയനൽ ഓഫിസർക്കും പ്രോജക്റ്റ് ഡയറക്ടർക്കും കത്ത് അയച്ചതായി നഗരസഭാ അധ്യക്ഷ ടി.വി.ശാന്ത അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അധിക സ്പാനുകൾ അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി ദേശീയപാത റീജിയനൽ ഓഫിസർക്ക് കത്തു നൽകിയതായി അറിയിച്ചു.