
കാസർകോട് ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹജ്: പരിശീലന ക്ലാസുകൾ ഇന്നുമുതൽ
ദേളി∙ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിന് പോകുന്നവർക്കുള്ള പരിശീലന ക്ലാസുകൾ ഇന്നുമുതൽ നടക്കും. ഇന്ന് രാവിലെ 10ന് ദേളി ജാമിഅ സഅദിയ്യയിൽ ജില്ലാതല ഉദ്ഘാടനം ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിക്കും. കാസർകോട്, ചെർക്കള സോണിലുള്ള ഹാജിമാർ പങ്കെടുക്കണം. പരിശീലന ക്ലാസുകളിൽ വച്ച് ഹജ് കമ്മിറ്റി നൽകുന്ന ബാഗേജ്, മഫ്ത സ്റ്റിക്കറുകൾ എന്നിവ വിതരണം ചെയ്യും. ജില്ലയിലെ മറ്റ് ക്ലാസുകൾ 27ന് മള്ഹർ മഞ്ചേശ്വരത്തും 28ന് കാഞ്ഞങ്ങാട് ബിഗ്മാളിലും മേയ് 1ന് തൃക്കരിപ്പൂർ നടക്കാവ് ശ്രീലയ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ജില്ലാ ട്രെയ്നിങ് ഓർഗനൈസർ മുഹമ്മദ് സലീം അറിയിച്ചു.
മുസ്ലിം ലീഗ് യോഗം 22ന്
കാസർകോട്∙ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി യോഗം 22ന് രാവിലെ 10.30ന് ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേരുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ അറിയിച്ചു.
എൽഡിഎഫ് റാലിയും യോഗവും നാളെ
കാഞ്ഞങ്ങാട് ∙ എൽഡിഎഫ് റാലിയും യോഗവും നാളെ വൈകിട്ട് 4ന് മലനാട് ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവർത്തകർ വരുന്ന വാഹനങ്ങൾ നിശ്ചയിച്ച സ്ഥലത്ത് പാർക്ക് ചെയ്യണമെന്ന് ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ അറിയിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നു വരുന്നവർ കാഞ്ഞങ്ങാട് മേൽപാലത്തിന്റെ അടുത്ത് ഇറങ്ങി വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ, ഗാർഡർ വളപ്പ് പ്രദേശത്ത് പാർക്ക് ചെയ്യണം. ഉദുമ മണ്ഡലത്തിൽ നിന്നുള്ള വാഹനങ്ങൾ മൻസൂർ ആശുപത്രിക്ക് അടുത്ത് ആളുകളെ ഇറക്കി ആശുപത്രിക്ക് മുൻപിലുള്ള സ്ഥലത്ത് പാർക്ക് ചെയ്യണം. കാഞ്ഞങ്ങാട് മണ്ഡലത്തിലെ വാഹനങ്ങൾ മലനാട് ടൂറിസ്റ്റ് ഹോമിന് മുൻപിൽ ആളുകളെ ഇറക്കി അപ്സര ലോഡ്ജിന് പുറകുവശത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മഞ്ചേശ്വരം, കാസർകോട് മണ്ഡലത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ മൻസൂർ ആശുപത്രിക്ക് മുന്നിൽ ആളുകളെ ഇറക്കി സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും പാർക്ക് ചെയ്യണം.
ഭാസ്കര കുമ്പള രക്തസാക്ഷിത്വ ദിനാചരണം 22ന്
കാസർകോട്∙ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 22ന് ഭാസ്കര കുമ്പള രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിക്കും. രാവിലെ 7.30 ന് ജില്ലാ കമ്മിറ്റി ഓഫിസിൽ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു പതാക ഉയർത്തും. ജില്ലയിലെ 1644 യൂണിറ്റ് കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടുകൂടി പതാക ഉയർത്തും. കുമ്പള ഷേഡിക്കാവിലെ സ്മൃതി മണ്ഡപത്തിൽ 8.30ന് പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. 3.30ന് ശാന്തിപള്ളം കേന്ദ്രീകരിച്ച് വൈറ്റ് വൊളയന്റിയർ മാർച്ചും പ്രകടനവും നടക്കും. 4ന് കുമ്പളയിൽ നടക്കുന്ന യോഗം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നുമുതൽ
പള്ളിക്കര∙ കാസ്ക് കല്ലിങ്കാലിന്റെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് പള്ളിക്കര ഗവ. ഹൈസ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങും. 19 ദിവസത്തെ ടൂർണമെന്റിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഫുട്ബോൾ പ്രതിഭകൾ കളത്തിലിറങ്ങും ഇന്ന് രാത്രി 8ന് ഉദ്ഘാടന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ഫിഫ മഞ്ചേരി, കെഎംജി മാവൂർ, സബാൻ കോട്ടക്കൽ, അൽമദീന ചെർപ്പുളശ്ശേരി, മെഡിഗാർഡ് അരീക്കോട്, കെഡിഎസ് കിഴിശേരി, എഫ്സി നെല്ലിക്കുത്ത്, സോക്കർ ഷൊർണൂർ, ശാസ്ത മെഡിക്കൽ, ലിൻഷാ മണ്ണാർക്കാട് അഭിലാഷ് കുപ്പൂത്ത്, കെഎഫ്സി കാളിക്കാവ്, ഹണ്ടേഴ്സ് കൂത്തുപറമ്പ്, യുറോ സ്പോർട്സ് പടന്ന, നെക്സ്റ്റൽ ഷൂട്ടേഴ്സ് കാസർകോട്, എഫ്സി തൃക്കരിപ്പൂർ, ഹിറ്റാച്ചി എഫ്സി, കൊണ്ടോട്ടി എഫ്സി തുടങ്ങി 20 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് മേയ് 8ന് സമാപിക്കും.
കളിയാട്ടം നാളെ സമാപിക്കും
തൃക്കരിപ്പൂർ ∙ കൂലേരി മുണ്ട്യയിൽ 2 നാളായി നടത്തി വരുന്ന കളിയാട്ടം നാളെ സമാപിക്കും. തൃക്കരിപ്പൂർ ചക്രപാണി മഹാക്ഷേത്രത്തിൽ നിന്നു ആചാരസ്ഥാനികരുടെ നേതൃത്വത്തിൽ പൊലിമയാർന്ന ചടങ്ങുകളോടെ ദീപവും തിരിയും എഴുന്നള്ളിച്ചു കൊണ്ടു വന്നതോടെയാണ് കളിയാട്ടം ആരംഭിച്ചത്. ബീരിച്ചേരി മനയിൽ നിന്നു പുറപ്പെട്ട കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. വാദ്യമേളങ്ങളും താലപ്പൊലിയേന്തിയ ബാലികമാരും മുത്തുക്കുടകളും അകമ്പടിയായി. തെയ്യാട്ടത്തിൽ വിവിധ തോറ്റങ്ങളും തെയ്യങ്ങളും അരങ്ങിലെത്തി. ഇന്നു വൈകിട്ട് 4.30 നു കൂത്തും തുടർന്നു ഹാസ്യപ്രധാനമായ ചങ്ങനും പൊങ്ങനും അരങ്ങിലെത്തും. രാത്രി 8 നു പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്ര മ്യൂസിക്കൽ നൈറ്റ് ഒരുക്കും.
കിളിയളം പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം 22ന്
നീലേശ്വരം ∙ കിനാനൂർ–കരിന്തളം, കോടോം–ബേളൂർ പഞ്ചായത്തുകളിലെ ജനങ്ങളുടെ വളരെക്കാലത്തെ സ്വപ്നമായിരുന്ന കിളിയളം പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം 22ന് രാവിലെ 11ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വൈസ് പ്രസിഡന്റ് ടി.പി.ശാന്ത, കെ.വി.അജിത്ത് കുമാർ, കെ.യശോദ, കെ.ലക്ഷ്മണൻ, എൻ.പുഷ്പരാജൻ, ഉമേശൻ വേളൂർ എന്നിവർ അറിയിച്ചു.