
ദേശീയപാതാ നിർമാണം: പാലം നീട്ടണം, ആവശ്യം ശക്തം; മുന്നിലുള്ളത് അമ്പലപ്പുഴ മാതൃക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ ദേശീയപാത വികസനത്തിൽ മേൽപാലമെന്ന ആവശ്യം പാടെ അവഗണിക്കപ്പെട്ട നഗരത്തിനു മുൻപിൽ ഇനിയുള്ളത് അടിപ്പാത സൗകര്യം വർധിപ്പിക്കുകയെന്ന പോംവഴി. നിലവിൽ അനുവദിച്ചിരിക്കുന്ന ചെറിയ പാലം(എംബാങ്ക്ഡ് ബ്രിജ്) തൂണുകൾ വർധിപ്പിച്ച് അൽപം കൂടി നീട്ടിയെടുക്കുക എന്ന സാധ്യതയാണിത്. നിലവിൽ പാർശ്വഭിത്തി നിർമാണം നിർത്തിവച്ച മാർക്കറ്റ് ജംക്ഷനിലേക്ക്, നിർമാണം പുരോഗമിക്കുന്ന പാലം നീട്ടിയെടുത്താൽ നഗരം നേരിടുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണു വാദം. താരതമ്യേന ചെറുനഗരങ്ങളായ മാവുങ്കാലിലും കാഞ്ഞങ്ങാട് സൗത്തിലും ഇത്തരത്തിൽ 3 തൂണുകളിലായി വീതിയുള്ള അടിപ്പാത സൗകര്യം അനുവദിച്ചിട്ടുണ്ട്. അതേമാതൃകയിൽ നീലേശ്വരത്തും പുതിയ തൂണുകളെടുത്ത് അടിപ്പാത സൗകര്യം വർധിപ്പിക്കണമെന്ന ആവശ്യമാണുയരുന്നത്. നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് ഇതു പരിഹാരമാകുമെന്നാണു വാദം.
മലയോരത്തിന്റെ കവാടം;വേണ്ടത് വീതി
മലയോരമേഖലയിലേക്കു ദേശീയപാതയിൽ നിന്നുള്ള കവാടം കൂടിയാണു മാർക്കറ്റ് ജംക്ഷൻ. ഏറെ മുറവിളികൾക്കു ശേഷമാണു മാർക്കറ്റിൽ ഇപ്പോൾ ഒരു ചെറിയ അടിപ്പാത നിർമിക്കുന്നത്. വലിയ വാഹനങ്ങൾക്ക് ഇതിലൂടെ യാത്ര അസാധ്യമായതിനാൽ പൊലീസ് സ്റ്റേഷൻ-തെരു റോഡിലുള്ള ഏക 25 മീറ്റർ അടിപ്പാതയിലൂടെയാകും നഗരത്തിലേക്കുള്ള മുഴുവൻ വലിയ വാഹനങ്ങൾക്കും കടന്നു പോകേണ്ടി വരിക. ഇതു മാർക്കറ്റിൽ ഗതാഗത തടസ്സം ഉണ്ടാക്കുമെന്നാണു വാദം.ഏറ്റവും ഉയർന്ന ഭാഗമായ പൊലീസ് സ്റ്റേഷന്റെ മുന്നിൽ അടിപ്പാതയുടെ ഇരുവശത്തെയും നിർമാണം പൂർത്തിയാകുന്നതിനു മുൻപുതന്നെ അധിക സ്പാനുകൾ അനുവദിക്കാൻ ദേശീയപാത അതോറിറ്റിയുടെ മേൽ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം.
മുന്നിലുള്ളത് അമ്പലപ്പുഴ മാതൃക
∙നീലേശ്വരത്തേതിനു സമാനമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ഒരു സ്പാൻ അടിപ്പാത മാത്രമുണ്ടായിരുന്ന എംബാങ്ക്ഡ് പാലത്തിനു നാട്ടുകാരുടെ നിരന്തര അഭ്യർഥന മാനിച്ച് അധിക സ്പാനുകൾ അനുവദിച്ചിരുന്നു. നിർമാണം ആരംഭിച്ചതിനു ശേഷമാണ് അനുമതി ലഭിച്ചത്. എംപി, എംഎൽഎ, ജനകീയ സമരസമിതി എന്നിവരുടെ നിർണായക ഇടപെടലാണ് അതിനു വഴിയൊരുക്കിയത്.