
അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കവേ കൈപ്പത്തി നഷ്ടപ്പെട്ട രജീഷ് ജീവിക്കാനായി ഒരു ജോലി തേടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ∙ ജോലി വാഗ്ദാനം ചെയ്തവരെല്ലാം രജീഷിനെ മറന്നു. കൈ നഷ്ടപ്പെട്ടതോടെ കൂലി പണിയെടുക്കാനും കഴിയാതെയായി. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കവേ കൈപ്പത്തി നഷ്ടപ്പെട്ട രജീഷ് എന്ന യുവാവ് കഴിഞ്ഞ 10 വർഷമായി ജീവിതം മുന്നോട്ട് പോകാൻ കഴിയാതെ പ്രതിസന്ധിയിൽ നിൽക്കുകയാണ്. മയിച്ചയിലെ രജീഷ് കുമാറിന്റെ ജീവിതമാണ് ഇത്തരത്തിൽ ദുരിതമായി മാറുന്നത്.
2015 ജൂൺ മാസത്തിലാണ് രജീഷിന്റെ ജീവിതം തന്നെ തകർത്ത അപകടം ഉണ്ടാകുന്നത്. ദേശീയപാതയിലെ അപകടവളവെന്ന് വിശേഷിപ്പിക്കപ്പെടുന്ന മയിച്ച വളവിൽ നിന്ന് കാർ കുഴിയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് റോഡരികിലുള്ള വീട്ടിൽ നിന്ന് എത്തിയ രജീഷ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കവേയാണ് ദുരന്തമുണ്ടായത്. അപകടം നടന്നപ്പോൾ പൊട്ടിവീണ വൈദ്യുതി തൂണിലെ കമ്പിയിൽ തട്ടി രജീഷിന് ഷോക്കേൽക്കുകയായിരുന്നു.
ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നു. പിന്നീട് രജീഷിനായി നാട്ടുകാർ സഹായനിധി സ്വരൂപിച്ചു. അതിനിടെ രജീഷിന് ജോലി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ചില സ്ഥാപനങ്ങൾ ജോലിയും വാഗ്ദാനം ചെയ്തു. എന്നാൽ ഒന്നും നടന്നില്ലെന്ന് മാത്രം. ഇന്ന് രജീഷിന്റെ ജീവിതം തന്നെ പ്രതിസന്ധിയിൽ നിൽക്കുകയാണ്. നാട്ടുകാർ നൽകിയ സഹായനിധിയിൽ നിന്ന് ചികിത്സാ ചെലവ് നടത്തി. പക്ഷെ ജീവിതം മുന്നോട്ട് പോകാൻ ചെറിയ ജോലിയെങ്കിലും വേണം. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സ്വന്തം ജീവതം പോലും നോക്കാതെ ചാടിയിറങ്ങിയ രജീഷിനെ ജോലിനൽകി ചേർത്തുപിടിക്കാൻ ആരെങ്കിലും തയാറാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.