
മണ്ണിലുറങ്ങാത്ത സത്യം, മിസ്ഡ് കോൾ ഉണർത്തിയ സംശയം; പെൺകുട്ടിയുടെ മരണത്തിൽ 15 വർഷത്തിന് ശേഷം പ്രതി കുടുങ്ങിയത് ഇങ്ങനെ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജപുരം ∙ കാണാതായ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിലാകുന്നത് 15 വർഷത്തിന് ശേഷം. കാസർകോട് പൊലീസിന് കടപ്പുറത്തോട് ചേർന്ന് 2010ൽ കിട്ടിയ അസ്ഥിക്കഷണവും പാദസരവും മരിച്ച പെൺകുട്ടിയുടെതാണെന്ന് തെളിഞ്ഞതോടെയാണ് പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെ (52) ക്രൈംബ്രാഞ്ച് സംഘം മടിക്കേരിൽ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
ആദ്യഘട്ടത്തിൽ കേസന്വേഷണത്തിൽ അമ്പലത്തറ പൊലീസ് കാണിച്ച അലംഭാവം പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്ന് ആദ്യം മുതൽ അന്വേഷണ സംഘത്തിന് മുന്നിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ മൊഴി നൽകിയിരുന്നു. പക്ഷേ ആ വഴിക്കുള്ള അന്വേഷണം ആദ്യഘട്ടത്തിൽ നടന്നില്ല.
കേസിൽനിന്നു പിൻമാറാൻ പണം വാഗ്ദാനം ചെയ്തയാളുടെ പേര് ഉൾപ്പെടെ ഇവർ പറഞ്ഞിരുന്നെങ്കിലും അന്വേഷണം ആ വഴിയിലേക്കു നീങ്ങിയില്ല. അന്വേഷണ ഘട്ടത്തിൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള സന്ദർഭങ്ങളിലെല്ലാം പ്രതി ബിജു പൗലോസ് ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തിന് തിരിച്ചടിയായി. പ്രതിയുടെ പാസ്പോർട്ട് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ തള്ളിയെന്ന് ബിജു പൗലോസ് തന്നെ അന്നു മൊഴി നൽകിയിരുന്നു.
ലോക്കൽ പൊലീസും സഞ്ചരിച്ചത് ഇതേ ദിശയിൽ
പക്ഷേ തെളിവുകൾ, സാക്ഷികൾ എന്നിവ ഇല്ലാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെന്ന് കാണിച്ചാണ് അന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഐജി പി.പ്രകാശിന്റെ മേൽനോട്ടത്തിൽ എസ്പി പ്രജീഷ് തോട്ടത്തിൽ, ഡിവൈഎസ്പി ടി. മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർമാരായ പി.എം.ലിബിൻ, എം.ശ്രീകുമാർ, എസ്ഐമാരായ പി.വി.രഘുനാഥ്, എം.മനോജ് നീലേശ്വരം, എഎസ്ഐ കെ.രതി, സിപിഒമാരായ ലതീഷ് പിലിക്കോട്, ശ്രീജിത്ത് കാനായി, മഹേഷ് കങ്കോൽ, പ്രഭേഷ് വൈക്കത്ത്, സുമേഷ് മാണിയാട്ട്, സിപിഒ പ്രണോദ് (സൈബർ കണ്ണൂർ), ഡ്രൈവർമാരായ എഎസ്ഐ രാജീവ്,ടി.പി.അബ്ദുൽ റൗഫ്, പി.രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പാട്ടിലൂടെ അടുത്തു
മലയോരത്തെ സ്കൂൾ പഠനകാലത്താണ് പെൺകുട്ടിയും പ്രതിയായ പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും ഗായകരായിരുന്നു. ഗായക സംഘത്തിലൂടെ ബന്ധം തുടർന്നു. പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പ്ലസ്ടു പഠനത്തിന് ശേഷം കാഞ്ഞങ്ങാട് 2 മാസം കംപ്യൂട്ടർ പഠനത്തിന് ചേർന്നു. തുടർന്ന് ടിടിസി പഠനത്തിന് ചേർന്നു. കാഞ്ഞങ്ങാട്ടെ റെയിൽവേ സ്റ്റേഷൻ സമീപത്തെ ഒരു ഹോസ്റ്റലിലായിരുന്നു പെൺകുട്ടി ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബല്ല കടപ്പുറത്തേക്ക് താമസം മാറ്റി. ഈ സമയം ബിജു പൗലോസും കൂടെയുണ്ടായിരുന്നു. സഹോദരി എന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്.
പിന്നീട് കാഞ്ഞങ്ങാട് മഡിയൻ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഇവിടെ ഭാര്യയെന്നാണ് പരിചയപ്പെടുത്തിയത്. ഇവിടെ ക്വാർട്ടേഴ്സിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും തുടർന്ന് മൃതദേഹം കല്ലുകെട്ടി പാണത്തൂർ പവിത്രംകയം പുഴയിൽ താഴ്ത്തിയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നു. അവിടെ വീസ കാലാവധി അവസാനിച്ചതോടെ ജയിലിലായി. പിന്നീട് നാട്ടിലെത്തി വീട് നിർമാണ കരാറുകാരനായി പലസ്ഥലത്തും പണിയെടുത്തു. ഒടുവിൽ മടിക്കേരിയിൽ ഒളിവിൽ കഴിയവേയാണ് ബിജു പൗലോസ് അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.
അന്വേഷണം അറിയാൻ മാധ്യമപ്രവർത്തകന്റെ റോൾ
അന്വേഷണം വഴി തെറ്റിക്കാനും, തനിക്കെതിരെയുള്ള പൊലീസിന്റെ നീക്കങ്ങൾ കൃത്യമായി അറിയാനും പ്രതിയായ ബിജു പൗലോസ് മാധ്യമ പ്രവർത്തകന്റെ റോളിലും പ്രവർത്തിച്ചു. കാഞ്ഞങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്നു പുറത്തിറങ്ങുന്ന ചില പ്രാദേശിക പത്രങ്ങളിലായിരുന്നു ലേഖകൻ എന്ന പേരിൽ കുറച്ചുകാലം ജോലി ചെയ്തത്. തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന ഘട്ടത്തിൽ പിന്നീട് പത്രപ്രവർത്തനം ഉപേക്ഷിച്ചു. എറണാകുളം കേന്ദ്രമായുള്ള പത്രത്തിന്റെ ലേഖകനായി 3 മാസം മലയോരത്ത് ജോലി ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
മിസ്ഡ് കോൾ ഉണർത്തിയ സംശയം
പെൺകുട്ടി കാണാതാകുന്നതിന് മുൻപ് വീട്ടിലേക്ക് വിളിച്ച് തനിക്ക് സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു എന്നും പരിശീലനത്തിനായി എറണാകുളം പോകുന്നു എന്നും പറഞ്ഞിരുന്നു. ഇടയ്ക്കിടെ പെൺകുട്ടിയുടെ ഫോണിൽ നിന്നു പിതാവിന്റെ ഫോണിലേക്ക് മിസ് കോൾ മാത്രം വന്നിരുന്നു. ഇത് പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാൻ ബിജു പൗലോസ് ചെയ്തതാണെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. തുടർച്ചയായി മിസ്ഡ് കോൾ മാത്രം വരുന്നതിൽ സംശയം തോന്നിയതോടെയാണ് പിതാവ് 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ മകളെ കാണാനില്ലെന്നു പരാതി നൽകിയത്.