
കുടുംബശ്രീ കൂട്ടായ്മയുടെ തണ്ണിമത്തൻ കൃഷി: മധുരിച്ച് വിളവെടുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ തണ്ണിമത്തൻ കൃഷിയിൽ കുടുംബശ്രീ കൂട്ടായ്മയ്ക്ക് ഈ വർഷം 1.4 കോടിയിലേറെ രൂപയുടെ വിറ്റുവരവ്. തമിഴ്നാട്, ആന്ധ്ര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതായിരുന്നു ജില്ലയിലേക്കുള്ള തണ്ണിമത്തൻ.എന്നാൽ 4 വർഷം മുൻപ് കുടുംബശ്രീ സഹായത്തോടെ തുടങ്ങിയ തണ്ണിമത്തൻ കൃഷി വിജയം കൊയ്തതോടെ പതിവിനു വിപരീതമായി കർണാടകയിൽ നിന്നടക്കം ആവശ്യക്കാർ ജില്ലയിലെത്തുകയാണ്. ഈ വർഷം 200 ടൺ തണ്ണിമത്തൻ ആണ് കർണാടകയിലെ മംഗളൂരു, സുള്ള്യ പ്രദേശങ്ങളിലെ വ്യാപാരികൾ തണ്ണിമത്തൻ പാടത്ത് നേരിട്ടുവന്ന് കൊണ്ടു പോയത്.
കൃഷി ചെയ്യുന്നത് 826 കുടുംബങ്ങൾ
ജില്ലയിൽ 386 ഏക്കറിലായി കുടുംബശ്രീയിലെ 826 കുടുംബങ്ങളാണ് വിവിധ പഞ്ചായത്തുകളിലായി തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. 157 കൂട്ടായ്മ വഴി ഈ വർഷം 1212 ടൺ തണ്ണിമത്തൻ വിളവ് എടുത്തു. ചെങ്കള, ചെമ്മനാട്, പുല്ലൂർ– പെരിയ, ബേഡഡുക്ക, കുറ്റിക്കോൽ, ചെറുവത്തൂർ, പടന്ന, കുംബഡാജെ, ദേലംപാടി തുടങ്ങിയ പഞ്ചായത്തുകളിലാണ് കൃഷി. ചെങ്കള പഞ്ചായത്തിലാണ് ഏറ്റവുമധികം കൃഷിയിറക്കിയത്.
ഒരു ലക്ഷം വരെ സബ്സിഡി
ശാസ്ത്രീയമായി ചെയ്യുന്ന കൃഷിക്ക് 7 ലക്ഷം രൂപ വരെ കുടുംബശ്രീ സഹായം നൽകുന്നുണ്ട്. ഒരു ഹെക്ടറിനു 1 ലക്ഷം രൂപ വരെ സബ്സിഡി ആനുകൂല്യവും വായ്പയും നൽകുന്നുണ്ട്. ഹൈബ്രിഡ് ഇനം വിത്തിട്ട് 30 ദിവസത്തിനകം പൂക്കൾ വിരിയും. നവംബർ മുതൽ ജനുവരി പകുതി വരെയും ജനുവരി മുതൽ ഏപ്രിൽ വരെയും 2 തവണയായിട്ടാണ് കൃഷിയിറക്കുന്നത്. തുറസ്സായതും നല്ല സൂര്യപ്രകാശം കിട്ടുന്നതുമായിരിക്കണം കൃഷിയിടം.
വിത്തിട്ട് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിൽ തുള ഉണ്ടാക്കി പൈപ്പ് വഴി വളവും ജലസേചനവും നൽകുന്നതാണ് കൃഷി രീതി. അടിവളമായി കോഴിക്കാഷ്ഠവും മേൽവളമായി ചാണകവും എല്ലുപൊടിയും കടല പിണ്ണാക്കും ആണ് നൽകുന്നത്. വരണ്ട കാലാവസ്ഥ വേണം. മഴ വില്ലനാണ്. 68 ദിവസത്തിനകം വിളവെടുക്കാം. ഒരേക്കറിൽ ചെലവുകൾ കഴിഞ്ഞ് രണ്ടര മാസത്തിൽ 1 ലക്ഷം രൂപ വരെ ലാഭം കിട്ടിയ കുടുംബശ്രീ കൂട്ടായ്മകളുണ്ട്.
കിലോഗ്രാമിന് 25 രൂപ മുതൽ
കിലോഗ്രാമിന് 25 രൂപയാണ് തണ്ണിമത്തന് വില. 30 രൂപ വരെ വില കിട്ടും. പുറം വിപണിയിലും വില ഇതു തന്നെ. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ചുമതല വഹിക്കുന്ന സി.എച്ച്.ഇക്ബാൽ മിഷൻ അസി.കോഓർഡിനേറ്റർ ആയിരിക്കെയാണ് 2021–22 വർഷം തണ്ണിമത്തൻ കൃഷി എന്ന ആശയം കൊണ്ടു വന്നത്. സ്വന്തം നിലയിൽ 3 ലക്ഷം രൂപ ചെലവിട്ട് വിത്തു വാങ്ങി. സ്വകാര്യ വിത്തു കമ്പനി മുഖേനയായിരുന്നു വിത്ത് വാങ്ങിയത്. അന്ന് 4 രൂപ ആയിരുന്നു ഒരു വിത്തിന് വില.
അജാനൂർ, ചെങ്കള, ബേഡഡുക്ക,മുളിയാർ പഞ്ചായത്തുകളിലായി 13.5 ഏക്കറിലായിരുന്നു അന്നു കൃഷിയെടുത്തത്. തുടക്കം വിജയിച്ചതോടെ ആത്മവിശ്വാസം ഏറി. പരിഹാസം ഒടുവിൽ അഭിനന്ദനമായി മാറി. തണ്ണിമത്തൻ കാസർകോടിന്റെ മണ്ണും കാലാവസ്ഥയും യോജിപ്പിച്ച് വിജയിച്ചെടുക്കാമെന്ന് തെളിയിച്ചതോടെ ഇപ്പോൾ 1.50 രൂപയ്ക്ക് വരെ വിത്തു കിട്ടാൻ തുടങ്ങി.