
ബസിന് സൈഡ് നൽകിയില്ല; രാത്രി ‘ഹെയർ സ്റ്റൈൽ’ മാറ്റി ഓട്ടം വിളിച്ച് ഓട്ടോഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേശ്വരം ∙ ഓട്ടോറിക്ഷ വാടകയ്ക്കു വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ കുത്തിക്കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ മംഗളൂരു സൂറത്കൽ കൈക്കമ്പ കാട്ടിപ്പള്ളത്തെ അഭിഷേക് ഷെട്ടിയെ (25) ഡിവെഎസ്പി സി.കെ.സുനിൽകുമാർ, സിഐ ഇ.അനൂപ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 9ന് രാത്രിയാണ് മംഗളൂരു മുൾക്കിയിലെ മുഹമ്മദ് ഷെരീഫിനെ (59) കൊന്ന് മൃതദേഹം മഞ്ചേശ്വരം കുഞ്ചത്തൂർ അടുക്കയിലെ കിണറ്റിൽ തള്ളിയിട്ടത്. 4 മാസം മുൻപ്, അഭിഷേക് ഷെട്ടി ഓടിച്ച സ്കൂൾ ബസിനു മുഹമ്മദ് ഷെരീഫ് ഓടിച്ച ഓട്ടോറിക്ഷ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
തർക്കത്തെപ്പറ്റി ഷെരീഫ് സ്റ്റാൻഡിലെ ഡ്രൈവർമാരോടു പറഞ്ഞിരുന്നു. ഇതോടെ മറ്റ് ഓട്ടോറിക്ഷകൾകൂടി ബസിനു സൈഡ് നൽകാത്തത് പതിവാക്കിയത് അഭിഷേക് ഷെട്ടിക്കു ഷെരീഫിനോടു വിരോധത്തിനിടയാക്കി. ഇതിനിടെ സ്കൂൾ ബസിലെ ജോലി നഷ്ടമായി. വീട്ടിൽ ഭാര്യയോടു കലഹിക്കുന്നതും പതിവായി. ഇതിനൊക്കെ കാരണം മുഹമ്മദ് ഷെരീഫാണെന്ന ചിന്തയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
10ന് രാത്രി ഏഴരയോടെയാണ് മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഇയാൾ ഓടിച്ച ഓട്ടോറിക്ഷ സമീപത്തുനിന്നു കണ്ടെത്തി. 11നു രാവിലെ മൃതദേഹം പുറത്തെടുത്തപ്പോൾ കഴുത്തിലും കയ്യിലും തലയിലും കുത്തേറ്റ പാടുകൾ കണ്ടതോടെ കൊലപാതകമെന്ന് സംശയമായി. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അഡീഷനൽ എസ്പി പി.ബാലകൃഷ്ണൻനായരുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ 3 ദിവസത്തിനുള്ളിൽ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്യുന്നതിനും ആയുധങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൊലീസ് പറഞ്ഞു.
ഓട്ടം വിളിച്ചത് രാത്രി; ‘ഹെയർ സ്റ്റൈൽ’ മാറ്റി
ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷെരീഫിനു തന്നെ മനസിലാകാതിരിക്കാനായി ഹെയർ സ്റ്റൈൽ മാറ്റിയാണ് പ്രതിയായ അഭിഷേക് ഷെട്ടി മംഗളൂരുവിലെ സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ കയറിയത്. ഇതിനു മുൻപും വകവരുത്താൻ പദ്ധതിയിട്ടിരുന്നവെങ്കിലും പാളിപ്പോയി. കഴിഞ്ഞ 9നു രാത്രിയാണ് സ്റ്റാൻഡിൽ നിന്നു മുഹമ്മദ് ഷെരീഫിന്റെ ഓട്ടോയിൽ അഭിഷേക് ഷെട്ടി കയറുന്നത്. തലപ്പാടി വരെ പോകണമെന്നു ശബ്ദം മാറ്റി ആവശ്യപ്പെട്ടു. തലപ്പാടി ബീരിയിൽ എത്തിയപ്പോൾ ഓട്ടോ നിർത്തി. അറ്റകുറ്റപ്പണിക്കായി കയറ്റിവച്ച തന്റെ കാറിൽ ഒളിപ്പിച്ച ആയുധങ്ങൾ അടങ്ങിയ ബാഗെടുത്ത് യാത്ര തുടർന്നു.
തലപ്പാടിയിൽ എത്തി എവിടേക്കു പോകണമെന്ന് ചോദിച്ചപ്പോൾ ചൂതാട്ട കേന്ദ്രത്തിലേക്കെന്നായിരുന്നു മറുപടി. ഇതിനടുത്ത് എത്താറായപ്പോൾ ബാഗിൽ സൂക്ഷിച്ച വലിയ കത്തിയെടുത്ത് കഴുത്തിൽ വെട്ടുകയായിരുന്നു. വീണ്ടും വെട്ടുന്നതിനിടെ തടയുമ്പോൾ ഷെരീഫിന്റെ കൈക്കു മുറിവേറ്റു. ഇതിനിടെ കത്തി തെറിച്ചു വീണു. പിന്നീട് ബാഗിലുണ്ടായിരുന്ന ചെറിയ കത്തിയെടുത്ത് ഷെരീഫിന്റെ കഴുത്തിന്റെ പിറകിൽ കുത്തി. പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷെരീഫിനെ ആൾമറയില്ലാത്ത കിണറ്റിലേക്ക് ചവിട്ടിതള്ളിയിടുകയായിരുന്നുവെന്നാണു പ്രതിയുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു.
തുമ്പായത് സിസിടിവി, വിരട്ടൽ
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയതിന്റെ പിന്നിൽ മംഗളൂരൂവിലെ സംഘമായിരിക്കാമെന്ന നിഗമനമായിരുന്നു ആദ്യമുതൽ പൊലീസിനുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി കുഞ്ചത്തൂർ മുതൽ പനമ്പൂർ വരെയുള്ള ഇരുനൂറിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഇതിൽ ഒരിടത്ത് അഭിഷേക് ഷെട്ടി റിക്ഷയിൽ ഇരിക്കുന്ന ദൃശ്യം സിസിടിവിയിൽ കണ്ടെത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിയെക്കുറിച്ച് പലയിടങ്ങളിലും അന്വേഷണം നടത്തി. ഷെരീഫിനോടു വിരോധമുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇതിനിടെയാണ് സ്കൂൾ ബസിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കവും വൈരാഗ്യവും അഭിഷേക് ഷെട്ടിക്ക് ഉണ്ടായിരുന്നതായി പൊലീസ് അറിഞ്ഞത്. പിന്നീട് പ്രതിയെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. കൊലപാതകം നടത്തിയതിനു ശേഷം ചോര പുരണ്ട കത്തികൾ ബാഗിലാക്കി കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു നടന്നു നീങ്ങുമ്പോൾ അതുവഴിയെത്തിയ ഒരു ബൈക്കിൽ കയറി ബീരിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുവിടണമെന്നു പറഞ്ഞു.
അവിടെയാണ് ആ ദിവസം കഴിച്ചുകൂട്ടിയത്. പിറ്റേന്നു രാവിലെ അവിടെ നിന്നു കുറ്റിക്കാട്ടിൽ വച്ച ബാഗെടുത്ത് വീട്ടിലേക്ക് ഒരു ഓട്ടോയിൽ മടങ്ങി. ഇതിനിടെ വാടകയെ ചൊല്ലി ഓട്ടോ ഡ്രൈവറുമായി തർക്കമാവുകയും താൻ ഒരു ഡ്രൈവറെ കൊലപ്പടുത്തി വരുകയാണെന്നുപറഞ്ഞ് ചോര പുരണ്ട കത്തി കാണിച്ച് വിരട്ടുകയും ചെയ്തിരുന്നു. കൊല നടന്ന വിവരം പുറത്തുവന്നതോടെ ഈ ഡ്രൈവർ സംഭവം പലരോട് പറഞ്ഞതും പ്രതിയെ എളുപ്പത്തിൽ കുടുക്കാനിടയാക്കി. എസ്ഐമാരായ കെ.ജി.രതീഷ്, കെ.ഉമേഷ്, കെ.രൂപേഷ് (ബദിയടുക്ക) എഎസ്ഐമാരായ അതുൽറാം, മധുസൂദനൻ, രാജേഷ് (മഞ്ചേശ്വരം) സുനിൽ ഏബ്രാഹാം (ആദൂർ) സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രസാദ് പുല്ലൂർ, പ്രമോദ്, ധനേഷ്, ചന്ദ്രകാന്ത്, മഹേഷ, ആരിഫ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രണവ് അജിത്ത്, കെ.വന്ദന സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫിസർമാരായ കെ. മനോജ്, ഉണ്ണി, ജിജി, സജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.