അപകടകരം, ഈ മൗനം: വീരമലക്കുന്നിന്റെ ഭാഗങ്ങൾ വീണ്ടും ഇടിയുന്നത് ആശങ്ക; അനങ്ങാതെ അധികൃതർ
ചെറുവത്തൂർ ∙ ഓരോ മഴയിലും ഇടിഞ്ഞിടിഞ്ഞ് വീരമല. ഇടിഞ്ഞ മണ്ണിനടിയിലൂടെ വരുന്ന ഉറവയിൽനിന്ന് ലോറിക്കാർ വാഹനങ്ങൾ നിർത്തി വെള്ളം ശേഖരിക്കുകയാണ്, തലയ്ക്കു മുകളിൽ വലിയ അപകടമാണെന്നറിയാതെ. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത ചെറുവത്തൂർ മയിച്ചയിലെ വീരമലക്കുന്നിന്റെ അവസ്ഥയാണിത്.
ഓരോ ദിവസവും മഴ പെയ്യുമ്പോൾ കുന്നിടിയുകയാണ്. മലയുടെ മുകൾതട്ടിലേക്കുവരെ മണ്ണ് ഇടിഞ്ഞ് വീഴുന്നുണ്ട്.
മണ്ണിടിയുന്ന ഭാഗത്തിന്റെ മുകൾതട്ടിലാണ് ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന ജലസംഭരണി. ചെറുവത്തൂർ വീരമലക്കുന്നിന്റെ ഭാഗം ഇന്നലെ രാവിലെ ഇടിഞ്ഞുവീണപ്പോൾ.
ചിത്രം: മനോരമ
ഇതിനുപുറമേ 1984ൽ നിർമിച്ച ആശ്വാസ കേന്ദ്രത്തിന്റെ കെട്ടിടവും ഇവിടെയുണ്ട്. മണ്ണിടിച്ചിൽ തുടർന്നാൽ ഇതെല്ലാം ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീഴും. മണ്ണിടിച്ചിൽ തടയുന്നതിന് ആവശ്യമായ നടപടികൾ ഒന്നുംതന്നെ ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല.
5 മീറ്റർ ഉയരത്തിൽ ചെറിയ സുരക്ഷാഭിത്തി മാത്രമാണ് ഇവിടെയുള്ളത്. മഴയുടെ സ്ഥിതി വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് അധികൃതർ.
പേരിനൊരു പരിശോധന ?
ചെറുവത്തൂർ ∙ സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലെ അപാകത പരിശോധിച്ച് വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ) നിയോഗിച്ച വിദഗ്ധസംഘം ചെറുവത്തൂർ വീരമലയും പിലിക്കോട് മട്ടലായിക്കുന്നും സന്ദർശിച്ച് പരിശോധന നടത്താനെത്തിയെങ്കിലും കാര്യമായ പരിശോധന നടത്താതെ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് എത്തിയ സംഘം വീരമലയ്ക്കു സമീപം ഇറങ്ങിയതോടെ മഴ പെയ്തു.
ഉടൻതന്നെ ഇവിടെനിന്ന് പിലിക്കോട് മട്ടലായിക്കുന്നിനടുത്തേക്കു പോയി. മട്ടലായിക്കുന്നിൽ 2 പേർ മാത്രം വാഹനത്തിൽനിന്ന് പുറത്തിറങ്ങി കുന്നിനടുത്തുചെന്ന് സോയിൽ നെയ്ലിങ് ഇളകിയത് പരിശോധിച്ച് പയ്യന്നൂരേക്കു പോവുകയായിരുന്നു. വീരമലയിൽ ശ്മശാനത്തിന് സമീപം ഇന്നലെ രാവിലെയും മലയിടിച്ചിലുണ്ടായി.
ഇവിടെ മലയിടിഞ്ഞ് മണ്ണ് സംരക്ഷണഭിത്തിക്ക് സമാന്തരമായി എത്തിയിരിക്കുകയാണ്. ഇനിയും ഇടിഞ്ഞാൽ മണ്ണ് റോഡിലേക്കെത്തും.
വിദഗ്ധ സംഘം ഇതു കൃത്യമായി പരിശോധിക്കാതെ മടങ്ങിയത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മട്ടലായിക്കുന്നിൽ ജോലി നടക്കുമ്പോൾ കരാർ കമ്പനിയുടെ നിർമാണത്തൊഴിലാളിയായ യുവാവ് മണ്ണിടിഞ്ഞ് മരിക്കുകയും 2 തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]