
ഞെട്ടൽ മാറാതെ അജേഷ്; ദേശീയപാത നിർമാണ കമ്പനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ദേശീയപാത 66ൽ രണ്ടാം റീച്ചിലെ നിർമാണ കമ്പനിക്കെതിരെ സ്ഥലം എംപി അടക്കമുള്ളവർ ഉന്നയിച്ചിരിക്കുന്നത് പാത നിർമാണത്തിലെ വ്യാപക ക്രമക്കേട് ആരോപണം. റോഡ് പണിക്കിടെ കുന്നിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവത്തോടെ കമ്പനിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. 2022ൽ പെരിയയിൽ മേഘ കൺസ്ട്രക്ഷൻ കമ്പനി എന്ന ഇതേ നിർമാണ കമ്പനിയുടെ പണികൾ പുരോഗമിക്കുന്നതിനിടെ അടിപ്പാതയുടെ മുകൾഭാഗം പൂർണമായും തകർന്ന് അപകടമുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് ജീവഹാനി സംഭവിക്കാതെ രക്ഷപ്പെട്ടത്.
തലപ്പാടി – ചെർക്കള ഒന്നാം റീച്ചിലെ പണി അതിവേഗം പൂർത്തിയായപ്പോൾ മേഘ കമ്പനി പണിയുന്ന രണ്ട്, മൂന്ന് റീച്ചിൽ നിർമാണം മെല്ലെപ്പോക്കിലാണ്. ദേശീയപാത നവീകരണത്തിന്റെ മറവിൽ ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് മണ്ണിടിച്ച് കടത്തിയതിന് മേഘയ്ക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു. 65,000 ക്യുബിക് മീറ്റർ മണ്ണ് നീക്കാനാണ് അനുമതി നൽകിയിരുന്നത്.
ഹൊസ്ദുർഗ് തഹസിൽദാർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിൽ മേഘ കമ്പനി ഈ പരിധി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ഹിയറിങ്ങിൽ നിയമാനുസൃതമായ മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളതെന്ന് കമ്പനി വിശദീകരിച്ചെങ്കിലും വാദം ജിയോളജി വകുപ്പ് തള്ളി. അമിതവേഗവും ദിശ തെറ്റിച്ചെത്തുന്ന വാഹനങ്ങളും ദേശീയപാതയിൽ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. മഴക്കാലമാകുന്നതോടെ അപകടങ്ങൾ ഇനിയും കൂടുമെന്ന് നാട്ടുകാർ പറയുന്നു.
ഞെട്ടൽ മാറാതെ അജേഷ്
ചെറുവത്തൂർ ∙ മട്ടലായിയിലെ അപകടം നേരിട്ടുകണ്ട അജേഷിന് ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. മട്ടലായി കോളനിയിൽ താമസക്കാരനായ എൻ.അജേഷ് മട്ടലായി മഹേശ്വരി മരമില്ലിലെ തൊഴിലാളിയാണ്. മറ്റു രണ്ട് തൊഴിലാളികൾക്കൊപ്പം അപകടം നടന്ന സ്ഥലത്തിനടുത്തുള്ള പെട്ടിക്കടയിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു അജേഷ്. കൈ കഴുകി കടയിൽ ഇരിക്കുന്നതിനിടെയാണ് തൊട്ടടുത്തുനിന്ന് എന്തോ പൊട്ടി വീഴുന്നതും ആരോ ഉറക്കെ ഒച്ചവയ്ക്കുന്നതും കേൾക്കുന്നത്.
പുറത്തിറങ്ങി നോക്കിയപ്പോഴാണ് മലയരികിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ മണ്ണിനിടയിൽപെട്ടതായി മനസ്സിലാക്കിയത്. അപ്പോൾതന്നെ അജേഷ് അടക്കമുള്ളവർ ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. ഉടൻതന്നെ തൃക്കരിപ്പൂരിൽനിന്ന് അഗ്നിരക്ഷാസേനയും ചന്തേര പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
മണ്ണിനടിയിൽപെട്ട രണ്ടു തൊഴിലാളികളെ വേഗത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും. മുൻതാജ് മിറിനെ പുറത്തെടുക്കാൻ താമസം നേരിട്ടു. ഇയാളാണ് മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ അജേഷ് അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും ഒപ്പമുണ്ടായിരുന്നു.
അടിയന്തര നടപടിക്ക് നിർദേശം നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ
കാസർകോട്∙ മട്ടലായി ദേശീയപാതയിൽ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ.ശശീന്ദ്രൻ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. അടിയന്തര നടപടിക്ക് നിർദേശം നൽകി. അപകടത്തെക്കുറിച്ച് കലക്ടറുമായും ജില്ലാ പൊലീസ് മേധാവിയുമായും സംസാരിച്ച മന്ത്രി അന്വേഷണം നടത്താൻ പൊലീസിനും പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും നിർദേശം നൽകി.
ദേശീയപാത അതോറിറ്റിക്ക് ഗുരുതരവീഴ്ച: സിപിഐ
ചെറുവത്തൂർ ∙ മട്ടലായിയിൽ മണ്ണിടിച്ചിലുണ്ടായത് ദേശീയപാത അതോറിറ്റിയുടെ ഗുരുതരമായ സുരക്ഷാ വീഴ്ചമൂലമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു ആരോപിച്ചു. ജില്ലയിൽ പലയിടങ്ങളിലും തൊഴിലാളികളെ സുരക്ഷാ സംവിധാനങ്ങളില്ലാതെ പണിയെടുപ്പിക്കുമ്പോൾ യാതൊരു പരിശോധനയും ദേശീയപാത അതോറിറ്റി നടത്തുന്നില്ല. നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ സംഭവിക്കുകയും ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. കാലവർഷം വരാൻ പോകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും ശക്തമായി ഇടപെടണമെന്നും നിർമാണ കമ്പനിയുടെ ജോലികൾ പരിശോധിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.