
തുരന്നെടുത്തു, ജീവൻ; ഞെട്ടലിൽ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മയിച്ച∙ ‘മഴ ഒന്നു പെയ്തോട്ടെ, ഏതുസമയവും മലയിടിഞ്ഞു റോഡിലേക്ക് എത്താം’. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടിച്ചുനിരത്തിയ പല കുന്നുകളുടെയും അവസ്ഥയെക്കുറിച്ച് പ്രദേശവാസികളുടെ ആശങ്കയാണിത്. 4 കുന്നുകളിൽ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പു പണ്ടേയുള്ളതാണ്. ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്, മട്ടലായി എന്നീ കുന്നുകളിൽ മണ്ണെടുത്തത് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ ജിയോളജിസ്റ്റ് സംഘം പരിഹാര പ്രവർത്തനങ്ങൾ അപ്രായോഗികമാണെന്നും വിലയിരുത്തിയിരുന്നു.
വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ടുകൾ പരിഗണിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച ജിയോളജിസ്റ്റ് സംഘമാണ് കുന്നുകളിൽ പഠനം നടത്തിയത്. വീരമലക്കുന്ന് അടക്കമുള്ള കുന്നുകളുടെ പലഭാഗങ്ങളിലും ചെരിവ് പാലിക്കാതെ മണ്ണെടുത്തു. ഭൂഗർഭ ജലമോ, മഴയെത്തുടർന്നുള്ള ജലപ്രവാഹമോ ഉണ്ടായാൽ മണ്ണിടിച്ചിലിന് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ദേശീയപാതയോടു ചേർന്നുള്ള വീരമല, വെള്ളത്തിന്റെ ഉറവകൾ ഏറെയുള്ള കുന്നാണ്. മയിച്ച, വെങ്ങാട്ട്, കുറ്റിവയൽ, മുനമ്പ് തുടങ്ങിയ വിവിധങ്ങളായ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് ഈ മലയുടെ അടിവാരത്തുള്ള കിണറ്റിൽ നിന്നാണ്.ദേശീയപാതയുടെ വികസനത്തിന് വേണ്ടി വീരമലയിൽ നിന്ന് കണക്കിൽ അധികം മണ്ണ് കടത്തി കൊണ്ട് പോയതായി കണ്ടെത്തിയിരുന്നു. ഇതാണ് വീരമലയുടെ നാശത്തിന് കാരണമായത്. മഴ പെയ്താൽ മല തകർന്ന് റോഡിലേക്ക് പതിക്കുമെന്ന് നേരത്തേ തന്നെ പഠനറിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
അപകടത്തിൽപെട്ടത് ഒരു ഗ്രാമത്തിലെ 3 പേർ
ചെറുവത്തൂർ ∙ മേഘ കൺസ്ട്രക്ഷൻ കമ്പനിയിൽ 10 ദിവസം മുൻപാണ് കൊൽക്കത്തയിലെ മെത്തുന ഗ്രാമത്തിൽനിന്നുള്ള 5 പേർ നിർമാണ ജോലിയിൽ പ്രവേശിച്ചത്. ഇവിടെ ധാരാളം ജോലി സാധ്യത ഉണ്ടെന്നറിഞ്ഞാണ് അവർ ഇവിടെ എത്തിയത്. 5 പേരിൽ 4 പേരാണ് ഇന്ന് ജോലിയെടുത്തിരുന്നത്. അപകടം നടക്കുമ്പോൾ ഇതിൽ ഒരാൾ സംഭവസ്ഥലത്തുനിന്ന് കുറച്ച് അകലെയായിരുന്നതിനാൽ പരുക്കുപോലും ഏൽക്കാതെ രക്ഷപ്പെട്ടു.
ഗ്രാമത്തിലെ 3 പേർ അപകടത്തിൽപെട്ട് ഒരാൾ മരിക്കുകയും മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത് നാടിനെ ദു:ഖത്തിലാഴ്ത്തിയെന്ന് ഇവരുടെ സുഹൃത്തും ഇവിടെ ഒരുവർഷം മുൻപ് ജോലിക്കെത്തി ഇവരോടൊത്ത് കഴിയുന്ന അഹമ്മദ് ഉള്ളാർ റഹ്മാൻ പറഞ്ഞു. കൊടുംചൂടിൽ നിർമാണ പ്രവർത്തനം അടക്കമുള്ള ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നപ്പോൾ പോലും ഇവിടെ തൊഴിലാളികൾ രാവിലെ മുതൽ വൈകിട്ടുവരെ തൊഴിലെടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
അപകടസ്ഥലം സന്ദർശിച്ച് അധികൃതർ
∙ മട്ടലായിക്കുന്നിൽ അപകടമുണ്ടായ പ്രദേശം കലക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ഉമേഷ് ഗർ തുടങ്ങിയവർ സന്ദർശിച്ചു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി, നിർമാണ കരാർ കമ്പനി പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
കാലവർഷത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വീരമലക്കുന്ന്, മട്ടലായിക്കുന്ന് പ്രദേശങ്ങളിൽ പരിശോധന നടത്തി വിദഗ്ധ റിപ്പോർട്ട് ലഭ്യമാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് കലക്ടർ അറിയിച്ചു. അതുവരെ അപകടം നടന്ന സ്ഥലത്ത് പാർശ്വ റോഡ് നിർമാണം നിർത്തിവയ്ക്കാനും കലക്ടർ നിർദ്ദേശിച്ചു.
ദേശീയപാതാ നിർമാണം തടയരുതെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അഭ്യർഥിച്ചു. അപകട ഭീഷണി നിലനിൽക്കുന്ന കുന്നിൻ മുകളിലെ ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും കലക്ടർ നിർദേശിച്ചു. ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള തുക നിർമാണ കരാർ കമ്പനിയിൽനിന്ന് ലഭ്യമാക്കും. മട്ടലായി കുന്നിൽ അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാർശ്വ റോഡിന് കൂടുതൽ ഭൂമി ഏറ്റെടുത്ത് നിർമാണം നടത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.