
പ്രമോഷൻ മോഹം റാഞ്ചിയെടുത്ത് പരുന്ത് പറന്നു; ഒടുവിൽ ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നിറങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ സർക്കാർ ജോലി മധുരിക്കുമെന്നു കരുതിയാകാം അശ്വതിയുടെ പ്രമോഷൻ മോഹം റാഞ്ചിയെടുത്ത് പരുന്ത് പറന്നത്. ഒടുവിൽ, കൊക്കിലൊതുങ്ങാത്ത പ്രമോഷൻ തനിക്കെന്തിനെന്നു പരുന്തും കരുതിയിട്ടുണ്ടാകാം… പരീക്ഷയ്ക്കു തൊട്ടുമുൻപ് പരുന്തിൻ കൊക്കിൽനിന്ന് മോചനം കിട്ടിയ ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നുവീണു.
റവന്യു വകുപ്പിൽ ജോലിചെയ്യുന്ന, നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അശ്വതിയുടെ പ്രമോഷൻ ഏറെനേരം ആകാശത്ത് പരുന്തിന്റെ കൊക്കിലങ്ങനെ തൂങ്ങിയാടി. വകുപ്പുതല പ്രമോഷനുള്ള ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതാൻ കാസർകോട് ഗവ.യുപി സ്കൂളിലെ സെന്ററിൽ എത്തിയതായിരുന്നു അശ്വതി. രാവിലെ 7.30 മുതൽ 9.30 വരെയായിരുന്നു പരീക്ഷ. ബാഗ് സ്ട്രോങ്റൂമിൽ വച്ച് പുറത്തിറങ്ങിയപ്പോഴാണ് കയ്യിലിരുന്ന ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയത്. സ്കൂൾകെട്ടിടത്തിന്റെ മേൽക്കൂരയിലാണ് അതുമായി പോയിരുന്നത്.
അശ്വതിയും കൂടെയുള്ളവരും പല തന്ത്രങ്ങളും പയറ്റിയെങ്കിലും പരുന്ത് പ്രതികരിച്ചതു പോലുമില്ല. പരീക്ഷയ്ക്കു തൊട്ടുമുൻപ്, തിരികെപ്പോകാൻ തുടങ്ങുമ്പോഴാണ് ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നിറങ്ങിയത്. കൊക്കിലിരുന്ന കടലാസിന് സ്വപ്നങ്ങളുടെ വിലയുണ്ടെന്ന് മനസ്സിലാക്കിയിട്ടാകാം പരുന്ത് അത് ഉപേക്ഷിച്ചത്. സമയത്ത് ഹാൾടിക്കറ്റ് കിട്ടിയതുകൊണ്ട് പരീക്ഷ എഴുതിയിട്ടാണ് അശ്വതി മടങ്ങിയത്.