
സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കം, മൃതദേഹവുമായി കാറിൽ കാസർകോടേക്ക്; നാട്ടുകാരുടെ സംശയം നിർണായകമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മംഗളൂരു / കുണ്ടംകുഴി ∙11 വർഷം മുൻപ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോഴിക്കോട്, തലശ്ശേരി സ്വദേശികളായ 2 പേരെ കൊലപ്പെടുത്തിയ കേസിൽ 3 കാസർകോട് സ്വദേശികൾ കുറ്റക്കാരാണെന്ന് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ഈ മാസം 16ന് വിധി പറയും.
കാസർകോട് സ്വദേശികളായ മഹ്ജീർ സനഫ് (36), മുഹമ്മദ് ഇർഷാദ് (35), മുഹമ്മദ് സഫ്വാൻ (35) എന്നിവരെയാണ് ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കൃത്യങ്ങൾ ആരോപിച്ച് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 47 സാക്ഷികളും 97 രേഖകളും കോടതിയിൽ ഹാജരാക്കി. തലശ്ശേരി സ്വദേശിയായ നഫീർ(24), കോഴിക്കോട് സ്വദേശിയായ ഫഹീം(25) എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കം
കൊല്ലപ്പെട്ട 2 പേരും ഗൾഫിൽ നിന്ന് സ്വർണം കടത്തുന്നതിനുള്ള കാരിയർമാരായി ജോലി ചെയ്തിരുന്നു. എന്നാൽ സ്വർണം നിർദേശിക്കപ്പെട്ടയാൾക്ക് എത്തിക്കുന്നതിനു പകരം മറ്റൊരാൾക്ക് മറിച്ചു വിറ്റു എന്നാരോപിച്ചാണ് മംഗളൂരുവിലെ ഒരു ഫ്ലാറ്റിൽ വച്ച് പ്രതികൾ ഇരുവരെയും കൊലപ്പെടുത്തിയത്.നഫീറും ഫഹീമും ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് ഏകദേശം 2 കിലോ സ്വർണം കടത്തിയതായും ഉദ്ദേശിച്ച കക്ഷിക്ക് കൈമാറുന്നതിനു പകരം അത് മറിച്ചു വിറ്റ് ഏകദേശം 73 ലക്ഷം രൂപ സമ്പാദിച്ചുവെന്നും ആരോപിച്ചാണ് കൊലപാതകം.
മൃതദേഹവുമായി കാറിൽ കാസർകോടേക്ക്
2014 ജൂൺ 15ന് മംഗളൂരു അട്ടാവാറിലെ ഉമാമഹേശ്വര ക്ഷേത്രത്തിന് പിന്നിലുള്ള ഒരു വീട് സനഫ്, ഇർഷാദ്, സഫ്വാൻ എന്നിവർ വാടകയ്ക്കെടുക്കുകയും സൗഹൃദത്തിന്റെ മറവിൽ നഫീറിനെയും ഫഹീമിനെയും ഈ വീട്ടിലേക്ക് കൊണ്ടു വന്ന് ജൂലൈ 1ന് കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ കാറിന്റെ ഡിക്കിയിൽ വച്ച് കാസർകോട് ബേഡഡുക്ക കുണ്ടംകുഴി മരുതടുക്കം ശങ്കരംകാടി എന്ന സ്ഥലത്ത് പ്രതിയായ സഫ്വാന്റെ പേരിലുള്ള 10 സെന്റ് ഭൂമിയിൽ എത്തിച്ച് കുഴിച്ചു മൂടുകയുമായിരുന്നു.
നാട്ടുകാരുടെ സംശയം നിർണായകമായി
കൊല നടന്ന മംഗളൂരുവിലെ ഫ്ലാറ്റിൽ ബഹളവും മൃതദേഹം പാക്ക് ചെയ്യുന്നതുമെല്ലാം കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചിരുന്നു. മംഗളൂരുവിൽ നക്സൽ ഭീഷണി ഉണ്ടായിരുന്ന സമയമായിരുന്നതിനാൽ അത്തരത്തിലുള്ള എന്തോ നീക്കമാണെന്നായിരുന്നു നാട്ടുകാരുടെ സംശയം. തുടർന്ന് പൊലീസ് പ്രതികളെ നിരീക്ഷിച്ചു. മൃതദേഹം കുണ്ടംകുഴി മരുതടുക്കത്തെത്തിച്ച് കുഴിച്ചുമൂടി നാട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ രക്തക്കറ കണ്ടെത്തി.
തുടർന്ന് മംഗളൂരുവിലെ ഫ്ലാറ്റിലും രക്തക്കറ കണ്ടു. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ മൃതദേഹം കുണ്ടംകുഴിയിൽ കുഴിച്ചിട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മംഗളൂരു പൊലീസ് രഹസ്യമായി കുണ്ടംകുഴിയിലെത്തി താമസിച്ച് സ്ഥലം നിരീക്ഷിച്ചിരുന്നു. അസമയത്ത് പ്രതികളെ ഇവിടെ കണ്ടതായുള്ള അയൽവാസികളുടെ സ്ഥിരീകരണവും മൊഴികളും കോടതിയിൽ നിർണായകമായി.