കാണിയൂർ പാതയ്ക്ക് എൻഒസി: കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തി എംപി
കാഞ്ഞങ്ങാട്∙ കാണിയൂർ റെയിൽവേ പാതയ്ക്ക് കർണാടക സർക്കാരിന്റെ എൻഒസി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. അഹമ്മദാബാദിൽ നടക്കുന്ന കോൺഗ്രസ് സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
2014ൽ നടത്തിയ സർവേയുടെ വിശദവിവരം മുഖ്യമന്ത്രി ആരാഞ്ഞതായും പദ്ധതിയുടെ രേഖകളുമായി ബംഗളൂരുവിലെത്തിയാൽ നേരിൽ കാണാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എംപി പറഞ്ഞു. അതിനുശേഷം ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കാഞ്ഞങ്ങാട് -പാണത്തൂർ -കാണിയൂർ റെയിൽ പാതയുടെ നിർമാണത്തിന് ആവശ്യമായ ആകെ തുകയുടെ 50 ശതമാനം കർണാടക- കേരള സംസ്ഥാനങ്ങൾ വഹിക്കേണ്ടതാണെന്നാണ് റെയിൽവേയുടെ നിർദേശം. വിഹിതം നൽകാൻ തയാറാണെന്ന് കർണാടകയുടെ എൻഒസി ഈ പദ്ധതിക്ക് ആവശ്യമാണ്.
പാത കർണാടകയിലൂടെ കടന്ന് പോകുന്ന ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പകുതി തുകയും കർണാടക വഹിക്കേണ്ടതുണ്ട്.
മുൻ കർണാടക സർക്കാരുമായി താനും കേരള മുഖ്യമന്ത്രിയും ചർച്ച നടത്തിയിരുന്നെങ്കിലും അവർ വേണ്ടത്ര താൽപര്യം കാണിച്ചിരുന്നില്ലെന്നും അത് ഈ പദ്ധതിയുടെ നടത്തിപ്പിന് കാലതാമസം വരാനിടയാക്കിയതായും എംപി പറഞ്ഞു. കാഞ്ഞങ്ങാട്–കാണിയൂർ റെയിൽ പാത പദ്ധതിയുടെ മുന്നോട്ടുപോക്കിന് ഊർജം പകരുന്നതാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നും കാസർകോട് തിരിച്ചെത്തിയാലുടൻ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ബെംഗളൂരുവിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുമെന്നും എംപി കൂട്ടിച്ചേർത്തു. കർണാടക സംസ്ഥാന ഊർജ മന്ത്രിയും മലയാളിയുമായ കെ.ജെ.ജോർജും സിദ്ധരാമയ്യയോടൊപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]