
ദേശീയപാത നിർമാണം: മണ്ണുകടത്തിയ കരാർ കമ്പനിക്കെതിരെ സ്ഥലമുടമകളായ സ്വകാര്യ കമ്പനിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിയ ∙ ദേശീയപാത നിർമാണത്തിന്റെ മറവിൽ ചാലിങ്കാലിൽനിന്ന് അനധികൃതമായി മണ്ണു കടത്തിയ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ സമീപത്തെ സ്ഥലമുടമകളായ സ്വകാര്യ കമ്പനിയും പരാതി നൽകി. കരാറുകാരായ മേഘ കമ്പനിക്കെതിരെയാണ് പരാതി നൽകിയത്. മണ്ണു ഖനനം ചെയ്ത സ്ഥലത്തുനിന്നുള്ള രാസമാലിന്യമുൾപ്പെടെ തങ്ങളുടെ സ്ഥലത്തു തള്ളിയെന്നാണ് കമ്പനിയുടെ പരാതി. ഇതു സംബന്ധിച്ച് ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ദേശീയപാത നിർമാണത്തിന്റെ മറവിൽ ചാലിങ്കാലിലെ 2.80 ഏക്കർ സ്ഥലത്തെ മണ്ണ് കടത്തിയതായി റവന്യു, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കലക്ടർക്ക് ഹൊസ്ദുർഗ് തഹസിൽദാർ ടി. ജയപ്രസാദ് റിപ്പോർട്ടും കൈമാറി.അനധികൃത മണ്ണു ഖനനം നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് മേഘ കമ്പനിക്ക് ജിയോളജി വകുപ്പ് നോട്ടിസും നൽകി. മറുപടി ലഭിച്ചശേഷം പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ജിയോളജി വകുപ്പിന്റെ തീരുമാനം.
ഇതിനിടെ സംഭവത്തിൽ മേഘ കമ്പനിക്കെതിരെ പ്രദേശവാസികൾ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രശ്നപരിഹാരത്തിന് കമ്പനി പ്രതിനിധികളുമായി ചർച്ചയ്ക്ക് അവസരമൊരുക്കാമെന്നു പൊലീസ് പ്രദേശവാസികൾക്ക് ഉറപ്പു നൽകിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കലക്ടറെ നേരിൽകണ്ട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.