ദേശീയപാത വികസനം: നീലേശ്വരം മാർക്കറ്റ് ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക്
നീലേശ്വരം ∙ ദേശീയപാതയിൽ നിന്നും നഗരത്തിലേക്കും മലയോരത്തേക്കുമൊക്കെയുള്ള പ്രവേശന കവാടമാണ് മാർക്കറ്റ് ജംക്ഷൻ. നഗരകവാടം ഇപ്പോൾ ഏതാണ്ട് അടഞ്ഞ മട്ടാണ്.
ദേശീയപാതാ വികസനപ്രവർത്തനങ്ങളെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് മാർക്കറ്റിൽ അനുഭവപ്പെടുന്നത്. നീലേശ്വരം പുഴയ്ക്ക് കുറുകെയുള്ള പാലത്തിലടക്കം മിക്ക സമയത്തും വാഹനങ്ങളുടെ നീണ്ടനിര കാണാം. ബസുകൾക്കടക്കം തിരിക്കാൻ സ്ഥലം തികയാത്തതിനാൽ ടയർ കയറി റോഡരികിലെ സ്ലാബുകൾ പലയിടത്തും പൊട്ടിയിട്ടുണ്ട്.
മാർക്കറ്റ് കവലയിലെ ഗതാഗതക്കുരുക്ക്.
ജില്ലയിലെ തന്നെ ഏറ്റവും തിരക്കുള്ള ജംക്ഷനുകളിൽ ഒന്നായിട്ടും ചെറിയ ബസ് സ്റ്റോപ്പുകൾക്ക് ലഭിച്ച പരിഗണന പോലും ദേശീയപാത വികസനത്തിന്റെ ഭാഗമായി പാലത്തിന്റെ നിർമാണ രൂപരേഖ തയാറാക്കുമ്പോഴോ അണ്ടർപാസ് അനുവദിക്കുമ്പോഴോ മാർക്കറ്റിനു കിട്ടിയില്ല. 25 മീറ്റർ വീതിയുള്ള ഒരേയൊരു അടിപ്പാത മാത്രമാണ് ഇവിടെ അനുവദിച്ചത്.
ഇരുഭാഗത്തേക്കുമുള്ള ബസുകൾക്കും മറ്റു വലിയ വാഹനങ്ങൾക്കുമൊക്കെ മറുഭാഗത്തേക്ക് കടക്കാൻ പൊലീസ് സ്റ്റേഷനു മുൻപിലെ ഈ ഏക അടിപ്പാത ഉപയോഗിക്കേണ്ടി വരും എന്നതിനാൽ ഇതുമൂലം വലിയ തോതിലുള്ള ഗതാഗത സ്തംഭനം മാർക്കറ്റിൽ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴുള്ള ബ്ലോക്ക് കാണുമ്പോഴാണ് ഏക അടിപ്പാത കാരണം ഭാവിയിൽ മാർക്കറ്റിൽ ഉണ്ടായേക്കാവുന്ന ഗതാഗത സ്തംഭനത്തെക്കുറിച്ചു ജനങ്ങൾ ചിന്തിച്ചുതുടങ്ങുന്നത്. വർഷങ്ങൾക്കു മുൻപ് പദ്ധതി രൂപരേഖ തയാറാക്കുമ്പോൾ മുതലിങ്ങോട്ട് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ രാഷ്ട്രീയ-ജനപ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.
മാർക്കറ്റിലെ ഗതാഗത സ്തംഭനം അൽപം ശമിപ്പിക്കാൻ ഉതകുമായിരുന്ന തെരു റോഡിൽ ടാറിങ്ങിനായി കരിങ്കല്ല് പാകിയിട്ട് ആഴ്ചകളായതിനാൽ ആ വഴിയും വാഹനങ്ങൾക്ക് പോകാനാവാത്ത സ്ഥിതിയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]