
ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിലെ പഞ്ചായത്തിന് നഷ്ടം ലക്ഷങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ടൗണിലെ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള മുറികൾക്ക് പുതിയ മുറികളുടേതിന് തുല്യമായ നിരക്ക് നിശ്ചയിച്ചായിരുന്നു പുനർലേലം നടത്തിയത്. വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാൽ ലേലത്തിൽ പങ്കെടുക്കാനാരും എത്തിയില്ല. വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇതുമൂലം പഞ്ചായത്തിന് നഷ്ടമാകുന്നത്.25 വർഷം മുൻപ് നിർമിച്ച കെട്ടിടമായിട്ടും പുതിയ കെട്ടിടത്തിന്റെ നിരക്കാണ് ഓരോ മുറിക്കും നിശ്ചയിച്ചത്.
വാടകയ്ക്ക് പുറമേ ജിഎസ്ടിയും ടാക്സും കൂടുമ്പോൾ ചെറിയ മുറികൾക്ക് പോലും 10,000 രൂപയിലധികം കടയുടമ അടയ്ക്കണം. ആദ്യകാലത്ത് ചെറിയവാടകയ്ക്ക് മുറിവാങ്ങുകയും ഉയർന്ന വാടകയ്ക്ക് മറിച്ചുനൽകി പണം കൊയ്തവരുമുണ്ടായിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതിനെതുടർന്ന് ഭരണസമതി വാടക പുനർനിർണയിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് വാടക ഒറ്റയടിക്ക് വർധിപ്പിച്ചത്. ജിഎസ്ടി ഒഴിവാക്കുകയോ വാടക ന്യായമായ രീതിയിൽ പരമിതപ്പെടുത്തുകയോ വേണമെന്ന കടയുടമകളുടെ ആവശ്യം അധികൃതർ തള്ളിയതോടെ പലരും സ്ഥാപനം അടച്ചുപൂട്ടാൻ നിർബന്ധിതരാകുകയായിരുന്നു.