
രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന ബോക്സൈറ്റ് നിക്ഷേപം കാസർകോട്ടെ ചെങ്കൽപ്പാറകളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാറഡുക്ക/ ഉക്കിനടുക്ക∙ രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ബോക്സൈറ്റ് നിക്ഷേപമാണ് ജില്ലയിലെ ചെങ്കൽപ്പാറകളിൽ അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തൽ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ 5–10 ശതമാനം കൂടുതലാണ് കാസർകോട്ടെ പാറകളിലെ ബോക്സൈറ്റ് സാന്നിധ്യം. ബോക്സൈറ്റ് ഖനനത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ച ഉക്കിനടുക്കയിലും കാറഡുക്കയിലെ നാർളത്തും 40–45 ശതമാനം വരെ ബോക്സൈറ്റ് ഉണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഖനനം നടക്കുന്ന ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ 35 ശതമാനം വരെയാണ് ബോക്സൈറ്റ് കണ്ടെത്തിയിട്ടുള്ളത്. 100 മെട്രിക് ടൺ പാറയിൽ നിന്ന് 40–45 മെട്രിക് ടൺ വരെ ബോക്സൈറ്റ് ലഭിക്കും.
ഇത് സർക്കാരിനെ സംബന്ധിച്ച് വലിയ നേട്ടമാകും. നാർളം ബ്ലോക്കിൽ നിന്ന് മാത്രം ഏറ്റവും കുറഞ്ഞത് 5000 കോടി രൂപയുടെ വരുമാനം ബോക്സൈറ്റ് ഖനനത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സിമന്റ് ഉൽപാദനത്തിന് ഉപയോഗിക്കുന്ന ‘സിമന്റ് ഗ്രേഡ്’ ബോക്സൈറ്റാണ് ജില്ലയിൽ കണ്ടെത്തിയതിൽ ഭൂരിഭാഗവും. സിമന്റ്, അലുമിനിയം ഉൽപാദനത്തിനു വേണ്ടിയാണ് ബോക്സൈറ്റ് കൂടുതലായും ഉപയോഗിക്കുന്നത്. മെറ്റലർജിക്കൽ ഗ്രേഡ് എന്നാണ് അലുമിനിയം ഉൽപാദനത്തിന് ഉപയോഗിക്കുന്ന ബോക്സൈറ്റ് അറിയപ്പെടുന്നത്. പക്ഷേ ജില്ലയിലെ പാറയിൽ ഇരുമ്പിന്റെ അംശം 24 ശതമാനമാണ്. ഇത് 18 ശതമാനമെങ്കിലും ആയാൽ മാത്രമേ അലുമിനിയം ഉൽപാദനത്തിന് ഉപയോഗിക്കാൻ സാധിക്കൂ. നാർളത്ത് 150 ഹെക്ടറും ഉക്കിനടുക്കയിൽ 250 ഹെക്ടറുമാണ് ജിഎസ്ഐ ബോക്സൈറ്റ് ഖനനത്തിന് ശുപാർശ ചെയ്തിട്ടുള്ളത്.
എന്നാൽ ജനവാസമേഖലകളും മറ്റും ഒഴിവാക്കി രണ്ട് സ്ഥലങ്ങളിലും 100 ഹെക്ടർ വീതം ഖനനത്തിനു ലഭിക്കുമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. സർവേ റിപ്പോർട്ടും മാപ്പിങും പൂർത്തിയായ ശേഷം മാത്രമേ ഇതിൽ കൃത്യത ലഭിക്കുകയുള്ളൂ. വനംവകുപ്പിന്റെ ഭൂമി ആയതിനാൽ കാറഡുക്ക പഞ്ചായത്തിലെ നാർളം ബ്ലോക്കിലാണ് ആദ്യം ഖനനം നടത്തുക. അതിനു ശേഷം ഉക്കിനടുക്കയിലും പ്രാഥമികമായി ഖനനം നടത്തുന്ന സ്ഥലങ്ങൾ ആയതിനാൽ ജനങ്ങളുടെ എതിർപ്പുകളില്ലാതെ ചെയ്യാനാണ് അധികൃതരുടെ തീരുമാനം. ഇതു വിജയകരമായാൽ ജില്ലയിലെ മറ്റിടങ്ങളിലേക്കും ഖനനം വ്യാപിപ്പിക്കും. പെർലയിൽ 690 ഹെക്ടറും മണിയംപാറയിൽ 620 ഹെക്ടറും കരിയത്ത് 400 ഹെക്ടറും ഖനനത്തിന് അനുയോജ്യമാണെന്ന് ജിഎസ്ഐ റിപ്പോർട്ട് നൽകിയിട്ടുണ്ട്.