കരുണ വറ്റാത്ത നാട്; യുവാവിന്റെ ശസ്ത്രക്രിയയ്ക്കായി 2 മണിക്കൂറിനുള്ളിൽ സമാഹരിച്ചത് 14 ലക്ഷം രൂപ
ചിറ്റാരിക്കാൽ ∙ ഇരുവൃക്കകളും തകരാറിലായി ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ വിദ്യാർഥിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു നടത്തി നാടിന്റെ നന്മ. പാലാവയൽ സെന്റ് ജോൺസ് ദേവാലയ ഇടവക സമൂഹമാണ് തൊട്ടേഞ്ചാലിലെ നഴ്സിങ് വിദ്യാർഥിയായ ഡിവൈൻ ഡെന്നിക്കുവേണ്ടി 2 മണിക്കൂറിനുള്ളിൽ 14 ലക്ഷം രൂപ സമാഹരിച്ച് കാരുണ്യവഴിയിൽ വേറിട്ട
മാതൃക തീർത്തത്.തൊട്ടേഞ്ചാലിലെ ചിറ്റടിയിൽ ഡെന്നിയുടെയും ഷൈനിയുടെയും ഇളയമകനായ ഡിവൈൻ മംഗളൂരുവിൽനിന്നു നഴ്സിങ് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് 4 മാസം മുൻപ് അപ്രതീക്ഷിതമായി അസുഖ ബാധിതനായത്.
പരിശോധനയിൽ ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തി. തന്റെ വൃക്ക മകനു പകുത്തുനൽകാൻ അമ്മ ഷൈനി തയാറായതോടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള നടപടികളും ആരംഭിച്ചു.
എന്നാൽ പാലാവയൽ ടൗണിലെ ഓട്ടോ ഡ്രൈവറായ ഡെന്നിയുടെ നിർധന കുടുംബത്തിന് ശസ്ത്രക്രിയയ്ക്കായി ഇത്രയും വലിയ തുക സമാഹരിക്കാൻ കഴിയുമായിരുന്നില്ല. ഇതു മനസ്സിലാക്കിയ പാലാവയൽ സെന്റ് ജോൺസ് ദേവാലയ വികാരി ഫാ.
ഡോ. ജോസ് മാണിക്യത്താഴെയുടെ നേതൃത്വത്തിൽ ഈ യുവാവിന്റെ ചികിത്സയ്ക്കായി പണം സമാഹരിക്കാൻ നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ഫാ.ഡോ.ജോസ് മാണിക്യത്താഴെ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് എന്നിവർ രക്ഷാധികാരികളും പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പ്രശാന്ത് സെബാസ്റ്റ്യൻ ചെയർമാൻ, ജോസ് പ്രകാശ് ജനറൽ കൺവീനർ, ജോസ് പെരിങ്ങല്ലൂർ ട്രഷറർ എന്നിവർ ഭാരവാഹികളുമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. തുടർന്നാണ് കമ്മിറ്റിയംഗങ്ങളും പാരിഷ് കൗൺസിൽ അംഗങ്ങളുമുൾപ്പെടെ ഒരുദിവസം കൊണ്ട് 20 സ്ക്വാഡുകളായി ദേവാലയത്തിന്റെ 43 വാർഡുകളിലെ വീടുകളിലെത്തി 2 മണിക്കൂറിനുള്ളിൽ ഇത്രയും തുക സമാഹരിച്ചത്.കോഴിക്കോട് ഇക്ര ആശുപത്രിയിൽവച്ചാണ് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയത്.
ഡിവൈൻ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. വൃക്ക പകുത്തുനൽകിയ മാതാവ് ഷൈനിയും ആശുപത്രിയിലാണ്.
ഡോ. ഫിറോസ്, ഡോ.
ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അമ്മയും മകനും സുഖം പ്രാപിച്ചുവരികയാണ്. ശസ്ത്രക്രിയയെത്തുടർന്ന് 7 മാസത്തോളം വിശ്രമിക്കണം.
ഇതിനായി ആശുപത്രിക്കു സമീപം തന്നെ വാടക വീടും സംഘടിപ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയയും തുടർ ചികിത്സയുമുൾപ്പെടെയുള്ള ചെലവുകൾ കണക്കാക്കിയാണ് നാട്ടുകാർ ഇത്രയും തുക സമാഹരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]