
റെയിൽവേ ഗേറ്റിൽ ബസുകളുടെ തർക്കം; ട്രെയിൻ നിർത്തിയിട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കരിപ്പൂർ ∙ റെയിൽവേ ഗേറ്റിൽ മുഖാമുഖം വന്ന ബസുകൾ പിന്നോട്ടെടുക്കാതെ ഡ്രൈവർമാർ തർക്കിച്ചുനിന്നതിനെ തുടർന്ന് ഗേറ്റ് അടയ്ക്കാനാകാതെ ട്രെയിൻ നിർത്തിയിട്ടു. തൃക്കരിപ്പൂർ–പയ്യന്നൂർ റൂട്ടിലെ ബീരിച്ചേരി റെയിൽവേ ഗേറ്റിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. മംഗളൂരു ഭാഗത്തേക്കുള്ള വിവേക് എക്സ്പ്രസാണ് നിർത്തിയിട്ടത്.ചെറുവത്തൂർ ഭാഗത്തുനിന്നു പയ്യന്നൂരിലേക്കുള്ള സ്വകാര്യ ബസ് ഉച്ചയ്ക്ക് 12.30ന് റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ പയ്യന്നൂരിൽ നിന്നു തൃക്കരിപ്പൂരിലേക്കുള്ള ബസ് എതിരെ വന്നു. ബസിന്റെ പിൻഭാഗം റെയിൽവേ ട്രാക്കിലേക്ക് തള്ളിനിൽക്കുകയായിരുന്നു. ട്രെയിൻ വരുന്നതിന്റെ മുന്നറിയിപ്പ് വന്നെങ്കിലും ഇരു ബസുകളിലെയും ഡ്രൈവർമാർ ബസുകൾ നീക്കാൻ തയാറായില്ല.
ഗേറ്റ് അടയ്ക്കാത്തതിനാൽ സിഗ്നൽ കിട്ടാതെ ട്രെയിൻ ഗേറ്റിന് 500 മീറ്റർ അകലെയായി നിർത്തിയിട്ടു. ഇതിനിടെ ഗേറ്റ് കാവൽക്കാരനും നാട്ടുകാരും ചേർന്ന്, പയ്യന്നൂർ ഭാഗത്തു നിന്നെത്തിയ ബസിനെ പിന്നോട്ടെടുപ്പിച്ചു. തുടർന്നു ഗേറ്റിൽ കുടുങ്ങിയ ബസ് നീക്കി. 5 മിനിറ്റ് നിർത്തിയിട്ട ട്രെയിൻ ഇതോടെ യാത്ര തുടർന്നു.ബീരിച്ചേരി ഗേറ്റിൽ പലപ്പോഴും ട്രെയിൻ കടന്നുപോയി ഗേറ്റ് തുറക്കുമ്പോൾ ബസുകളും മറ്റു വാഹനങ്ങളും തള്ളിക്കയറി ഗതാഗതക്കുരുക്ക് സൃഷ്ടിക്കാറുണ്ട്. 2 ബസുകളും പിന്നോട്ടെടുത്തു തടസ്സം എളുപ്പം നീക്കാൻ കഴിയുമായിരുന്നെങ്കിലും ഇരു ബസുകളിലെയും ഡ്രൈവർമാർ വാശി പിടിച്ചത് വൈകിയെത്തിയ ട്രെയിൻ കൂടുതൽ വൈകാൻ കാരണമായി.