
വല നിറയെ ചെമ്മീൻ ! മടക്കരയിൽ വള്ളങ്ങൾക്ക് ലഭിച്ചത് 300 മുതൽ 500 കിലോ വരെ പൂവാലൻ ചെമ്മീൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ∙ കടൽക്ഷോഭത്തിനും വറുതിക്കുമിടയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ എത്തി. ഇന്നലെ കടലിൽ ഇരങ്ങിയ പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾക്കാണ് മോശമല്ലാത്ത തരത്തിൽ ചെമ്മീൻ ലഭിച്ചത്. 300 മുതൽ 500 കിലോ വരെ പൂവാലൻ ചെമ്മീനുമായി വലയും മനസ്സും നിറച്ചാണ് അനേകം വള്ളങ്ങൾ ഇന്നലെ മടക്കര മീൻപിടിത്ത തുറമുഖത്ത് എത്തിയത്. ഒന്നു രണ്ടു മാസമായി കടലിൽ നിന്ന് കാര്യമായ മീൻ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മീൻപിടിത്ത യാനങ്ങൾ കടലിൽ ഇറങ്ങാതെ ആളനക്കമില്ലാതെ കിടന്നിരുന്ന മടക്കര മീൻപിടിത്ത തുറമുഖം ചെമ്മീൻ എത്തിയതോടെ വീണ്ടും സജീവമായി.
മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം നൂറു കണക്കിന് തൊഴിലാളികളാണ് ഇവിടെ കേന്ദ്രീകരിച്ച് പണിയെടുക്കുന്നത്. പരമ്പരാഗത മീൻപിടിത്തം നടത്തുന്നവർക്ക് കടലിൽ നിന്ന് മീൻ ലഭിക്കുന്ന സീസൺ സമയമാണിത്. ട്രോളിങ് നിരോധനം വന്ന് ബോട്ടുകൾ കടലിൽ നിന്ന് മാറുകയും ശക്തമായി മഴപെയ്ത് കടൽ ഇളകുകയും ചെയ്യുന്നതോടെ മീനുകൾ കൂട്ടത്തോടെ തീരക്കടലിലേക്ക് എത്തുന്നത് സാധാരണമാണ്. ഇതോടെ പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്ക് കൂടുതൽ മീൻ ലഭിക്കുക പതിവാണ്. ട്രോളിങ് നിരോധനം ഈ മാസം 31ന് അവസാനിക്കും. വള്ളങ്ങൾക്ക് ചെമ്മീൻ ലഭിച്ചതോടെ നിരോധനം കഴിഞ്ഞ് കടലിലിറങ്ങാൻ കാത്തിരിക്കുന്ന മീൻപിടിത്ത ബോട്ടുകളിലെ തൊഴിലാളികൾ കടലോളം പ്രതീക്ഷയുമായാണ് കാത്തിരിക്കുന്നത്.