
കർമനിരതനായ പോരാളി; പൊള്ളയിൽ അമ്പാടിക്ക് നാടിന്റെ അന്ത്യാഞ്ജലി
നീലേശ്വരം ∙ അന്തരിച്ച സിപിഎം നേതാവ് പള്ളിക്കരയിലെ പൊള്ളയിൽ അമ്പാടിക്കു യാത്രാമൊഴിയേകി നാട്. വാർധക്യസഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അമ്പാടി തിങ്കളാഴ്ച പുലർച്ചെയാണു അന്തരിച്ചത്.
3 വരെ സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വച്ചശേഷം പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് ചാത്തമത്തെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
കർമനിരതനായ പോരാളി
സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗം, നീലേശ്വരം ഏരിയ സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, ചെത്ത് തൊഴിലാളി യൂണിയൻ റേഞ്ച് സെക്രട്ടറി അടക്കമുള്ള നിലകളിൽ പ്രവർത്തിച്ചു. നീലേശ്വരത്ത് ബോട്ട് സർവീസ് ജീവനക്കാരനായിരുന്ന കാലത്ത് എൻ.ജി.കമ്മത്തിന്റെ ഇടപെടലിനെ തുടർന്നു ബോട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറിയായി.
ജോലി ഉപേക്ഷിച്ച് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി എൻ.ജി.കമ്മത്തിനോടൊപ്പം വിവിധ ഗ്രാമങ്ങളിൽ സംഘടനാ പ്രവർത്തനത്തിനു നേതൃത്വം നൽകി. 1956ൽ പാലക്കാട് നടന്ന പാർട്ടി കോൺഗ്രസ്സിൽ അവിഭക്ത നീലേശ്വരം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
എ.കെ.ജി, എൻ.ജി കമ്മത്ത്, വി.വി.കുഞ്ഞമ്പു, എ.വി കുഞ്ഞമ്പു, ടി.കെ.ചന്തൻ, വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. 1963ൽ പ്രഥമ നീലേശ്വരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നീലേശ്വരത്തെ ആദ്യ പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു.
പിന്നീട് 18 വർഷം നീലേശ്വരം പഞ്ചായത്ത് അംഗമായിരുന്നു. എൻ.കെ.കുട്ടൻ പ്രസിഡന്റായിരുന്ന അന്നത്തെ പഞ്ചായത്ത് ഭരണസമിതിയിൽ മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണനും ഉണ്ടായിരുന്നു.
അടിയന്തരാവസ്ഥയിൽ ഉൾപ്പെടെ പല ഘട്ടങ്ങളിൽ ജയിലിൽ അടയ്ക്കപ്പെട്ടു. മികച്ച സംഘാടകൻ കൂടിയായിരുന്ന പൊള്ളയിൽ അമ്പാടി 1994ൽ നീലേശ്വരത്തു നടന്ന ഉത്തര കേരള പൂരക്കളി കലോത്സവത്തിന്റെയും പള്ളിക്കര കേണമംഗലം പെരുങ്കളിയാട്ടങ്ങളുടെയും മുഖ്യ സംഘാടകനായിരുന്നു എന്നു പ്രഫ.കെ.പി.ജയരാജൻ പറഞ്ഞു.
അന്തിമോപചാരമർപ്പിച്ചു
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി ആർ.ബിന്ദു, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം.രാജഗോപാലൻ എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എന്നിവരുൾപ്പെടെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേർ അന്തിമോപചാരമർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]