
പാടിയിൽക്കടവ് പുഴയിൽ പാലം യാഥാർഥ്യമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കരിപ്പൂർ ∙ പതിറ്റാണ്ടുകളായി ജനങ്ങൾ കാത്തിരിക്കുന്ന, പാടിയിൽക്കടവ് പുഴയ്ക്ക് പാലം പണിയുന്ന ജോലികൾ ഇന്നു തുടങ്ങും. കണ്ണൂർ–കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണ ഉദ്ഘാടനം വൈകിട്ട് 3.30നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും.
എം. രാജഗോപാലൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ അതിഥികളായെത്തും. തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം, തങ്കയം, എടാട്ടുമ്മൽ തുടങ്ങിയ പ്രദേശങ്ങളിലെയും പയ്യന്നൂർ നഗരസഭയിലെ കാറമേൽ, അന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ് പാടിയിൽക്കടവ് പുഴയ്ക്കു കുറുകെയുള്ള പാലം.
ഇരുജില്ലകളിലെയും അതിർത്തി ഗ്രാമങ്ങളിലുള്ള ജനങ്ങൾ 3 പതിറ്റാണ്ടിലധികമായി പാലത്തിനുവേണ്ടി ആവശ്യമുന്നയിക്കുകയാണ്. 11.10 കോടിരൂപ ചെലവിൽ പാലം പണിയുന്നതിനു ഭരണാനുമതി ലഭിച്ചിരുന്നു. 2 തവണ ടെൻഡർ ചെയ്തിട്ടും ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തിൽ ഭരണാനുമതി നൽകിയ തുകയേക്കാൾ 14 ശതമാനം അധികത്തുക ക്വോട്ട് ചെയ്താണ് പിന്നീട് ടെൻഡർ നടപടി പൂർത്തിയാക്കിയത്.
ഒന്നാം പിണറായി സർക്കാർ പാലം നിർമാണത്തിനു 5.6 കോടി രൂപയുടെ ഭരണാനുമതി നൽകുകയുണ്ടായി. ടെൻഡർ അടക്കമുള്ള സാങ്കേതിക അനുമതിക്കായി സമർപ്പിച്ചപ്പോൾ ഉൾനാടൻ ജലഗതാഗത വകുപ്പ് തടസ്സവാദമുയർത്തി. കവ്വായി ജലപാതയുടെ ഉപപാതയാണ് ഈ പുഴയെന്നും പാലത്തിന്റെ ഉയരം കൂട്ടണമെന്നുമായിരുന്നു ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നിർദേശം. ഇതു പരിഹരിച്ചാണ് പാലം വരുന്നത്.