കണ്ണൂർ ∙ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന ആദ്യഘട്ട പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി.
സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ജലമാണ് ജീവൻ’ ജനകീയ തീവ്ര കർമപരിപാടിയുടെ ഭാഗമാണിത്.ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടർ ടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഇന്നു തുടരും. ഈ ദിവസങ്ങളിൽ പൂർത്തിയാകാത്ത ഇടങ്ങളിൽ മറ്റ് ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തും.
ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിങ് പൗഡർ/ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ലഭ്യമാക്കുന്നത്.
സെപ്റ്റംബർ 8 മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ വഴിയുള്ള ബോധവൽക്കരണവും സംഘടിപ്പിക്കും. ഹയർ സെക്കൻഡറി സ്കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജല ഗുണനിലവാര പരിശോധനാ സംവിധാനം ഉപയോഗിച്ച് വിപുലമായ ജലപരിശോധനയും സംഘടിപ്പിക്കും.
സെപ്റ്റംബർ 20 മുതൽ നവംബർ ഒന്ന് വരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസ്സുകളും ശുചീകരിക്കും. അവയിൽ മാലിന്യം എത്തുന്ന വഴികൾ അടക്കും.
ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി ജനകീയ കർമപരിപാടിയായാണ് ക്യാംപെയ്ൻ നടപ്പാക്കുന്നത്.
തദ്ദേശ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ എന്നിവ ഏകോപിപ്പിച്ചാണ് കർമപരിപാടി സംഘടിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]