തളിപ്പറമ്പ് ∙ കാലമറിഞ്ഞും മണ്ണറിഞ്ഞും പച്ചക്കറി കൃഷി നടത്തുന്ന രജീഷ് ഇപ്പോൾ തന്റെ കൃഷിടത്തിലെ വിളവുകൾ ഓണ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ്. കീഴാറ്റൂരിന് സമീപം 7 ഏക്കറോളം കുന്നിൻചെരുവിൽ പച്ചക്കറിക്കൃഷി നടക്കുന്ന കെ.രജീഷ് എന്ന കർഷക യുവാവിന്റെ കാർഷിക വിഭവങ്ങൾക്ക് എല്ലാ ഓണ വിപണിയിലും ആവശ്യക്കാരും ഏറെയാണ്.
ഇത്തവണ 10 ടണ്ണോളം പച്ചക്കറികളാണ് രജീഷിന്റെ കൃഷിയിടത്തിൽനിന്ന് ഓണവിപണിയിൽ എത്തിയത്. പ്രധാനമായും കക്കിരി, പാവയ്ക്ക, പടവലം, മത്തൻ, ഇളവൻ, താലോലി, വെണ്ട
തുടങ്ങിയവയാണ് ഇപ്പോൾ രജീഷ് കൃഷി ചെയ്യുന്നത്. കൃഷിയിടത്തിലെ വിളവ് പറിച്ചെടുത്ത് സ്വന്തം ജീപ്പിൽ മാർക്കറ്റിൽ എത്തിക്കുന്നതും ഈ യുവ കർഷകൻ തന്നെയാണ്.
കാടുകയറി കിടന്ന ഈ കുന്നിൻചെരുവിൽ 25 വർഷങ്ങൾക്ക് മുൻപാണ് രജീഷ് കൃഷി ആരംഭിച്ചത്.
മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇവിടെ നടത്തുന്നത്. പുതുമഴ ലഭിക്കുന്നതോടെ തന്നെ ട്രില്ലർ ഉപയോഗിച്ച് മണ്ണൊരുക്കും.
വർഷത്തിൽ 4 തവണയാണ് രജീഷ് പച്ചക്കറി കൃഷി നടത്തുന്നത്. ശബരിമല സീസണിൽ പച്ചക്കറികൾക്ക് ഏറെ ആവശ്യക്കാർ ഉണ്ടാകുമെന്നതിനാൽ ഈ സീസണിൽ പ്രത്യേകം കൃഷി നടത്തും.
പിന്നീട് ശീതകാല പച്ചക്കറികളും പിന്നാലെ വിഷുക്കാലത്തേക്ക് കണിവെള്ളരി കൃഷിയും പിന്നീട് ഓണക്കാല പച്ചക്കറികളുമാണ് നടത്തുന്നത്.
കൃഷിഭവന്റെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെ മണ്ണ് പരിശോധിച്ചാണ് വളം പ്രയോഗിക്കുന്നത്.
പ്രധാനമായും ജൈവ വളങ്ങൾ തന്നെയാണ് നൽകുന്നത്. കീടനിയന്ത്രണത്തിന് ഫിറമോൺ കെണികളും കുമിൾ നാശിനികളായ സ്യൂഡോമോണസും ട്രൈക്കോഡർമയും മാത്രം നൽകുന്നു.
ഏറ്റവും വലിയ വെല്ലുവിളിയായ പന്നി ശല്യത്തിനെതിരെ കൃഷിയിടത്തിന് ചുറ്റും വലകെട്ടുകയാണ് ചെയ്യുന്നത്.
കാട്ടുപന്നികൾ ഏറ്റവും കൂടുതൽ ആക്രമിക്കുന്ന ഇളവൻ, കക്കിരി എന്നിവയെ പ്രത്യേകം അതിർത്തി തിരിച്ച് വലകെട്ടുകയും ചെയ്യും. പുലർച്ചെ 6 മുതൽ രാത്രി വരെ കൃഷിയിടത്തിൽ ചെലവഴിക്കുന്ന രജീഷിന് കൂട്ടായി സഹോദരങ്ങളും ഉണ്ട്.
തളിപ്പറമ്പ് മാർക്കറ്റ്, ഹോർട്ടി കോർപ്, വിവിധ സഹകരണ സംഘങ്ങൾ, നാട്ടിലെ കടകൾ എന്നിവിടങ്ങളിലേക്കാണ് രജീഷിന്റെ പച്ചക്കറികൾ എത്തുന്നത്. ഇപ്പോൾ ഓണക്കാലം കഴിയുന്നോടെ ഈ കൃഷിയിടം വിട്ട് അടുത്ത കൃഷിയിടത്തിലേക്ക് രജീഷ് അടുത്ത സീസൺ കൃഷിക്കായി മാറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]