ശ്രീകണ്ഠപുരം ∙ ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ രണ്ടാംഘട്ടം പണി കൂടി പൂർത്തിയായാൽ മലയോര ടൂറിസം വികസനത്തിന് ഇത് മുതൽക്കൂട്ടാകും. പൈതൽമല, പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിൽ നിന്ന് ഏറെ ദൂരമല്ലാത്ത സ്ഥലമാണിത്.ശ്രീകണ്ഠപുരം ചെമ്പൻതൊട്ടി നടുവിൽ റോഡ് കിഫ്ബി പദ്ധതിയിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഡിസംബർ 31ന് അകം ഈ റോഡിന്റെ പണികൾ പൂർത്തിയാക്കണം. 40 കോടി രൂപയോളം ചെലവിട്ട് വീതി കൂട്ടി വികസിപ്പിക്കുന്ന ഈ റോഡ് മലയോര മേഖലയിൽ വൻ വികസനത്തിന് കാരണമാകുമെന്നാണു പ്രതീക്ഷ.
ഈ റോഡിനോട് ചേർന്നാണ് കുടിയേറ്റ മ്യൂസിയം.
കേരളത്തിൽ ഒരിടത്തും കുടിയേറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു മ്യൂസിയം ഇല്ലാത്തത് കൊണ്ട് ഇവിടെ ധാരാളം സഞ്ചാരികളെത്തുമെന്നാണ് വിലയിരുത്തൽ. മ്യൂസിയത്തിൽനിന്ന് 3 കിലോമീറ്റർ ദൂരെ കേരള ലളിത കലാ അക്കാദമിയുടെ കലാഗ്രാമമുണ്ട്. മനോഹരമായ കാക്കണ്ണൻ പാറയിലെ കലാഗ്രാമം സന്ദർശിക്കാൻ ഇവിടെ ഇപ്പോഴും ആളുകൾ എത്താറുണ്ട്.
ഇതേ മാതൃകയിൽ തന്നെയാണ് കുടിയേറ്റ മ്യൂസിയവും നിർമിച്ചിരിക്കുന്നത്. പ്രമുഖ ആർക്കിടെക്ട്, അടുത്തകാലത്തു വിടവാങ്ങിയ ആർ.കെ.രമേഷാണ് രണ്ടും രൂപകൽപന ചെയ്തത്.
പൂർണകായവെങ്കലപ്രതിമ മൂന്ന് മാസത്തിനകം
ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിനു മുന്നിൽ ബിഷപ്പിന്റെ വെങ്കല പ്രതിമ 3 മാസത്തിനകം സ്ഥാപിക്കും. ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് പ്രതിമ നിർമിക്കുക.
ജനകീയമായി വെങ്കലം ശേഖരിച്ചാണു പ്രതിമ പണിയുന്നത്. ഇതിനായി തലശ്ശേരി അതിരൂപതയിലെ ഇടവകകളിൽ നിന്ന് 15 ക്വിന്റൽ വെങ്കലം ശേഖരിച്ചു.
ബിഷപ്പിന്റെ പൂർണകായ പ്രതിമ നിർമിക്കാൻ 5 ക്വിന്റൽ വെങ്കലം വേണം. ബാക്കിവരുന്ന വെങ്കലം നിർമാണച്ചെലവിനായി ഉപയോഗിക്കും.
പ്രതിമ സ്ഥാപിക്കാനാവശ്യമായ ഫണ്ട് നൽകാൻ സജീവ് ജോസഫ് എംഎൽഎ തയാറായിരുന്നു.
എന്നാൽ പിന്നീട് ജനകീയമായി വെങ്കലം ശേഖരിക്കാൻ തീരുമാനിക്കുകയായിരുന്നു. വെങ്കല സാമഗ്രികൾ പള്ളിയിൽ എത്തിക്കാൻ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു.
ഇന്നുമുതൽ മ്യൂസിയത്തിൽ പ്രവേശനം
കുടിയേറ്റ മ്യൂസിയത്തിൽ ഇന്ന് മുതൽ പ്രദർശനം ഉണ്ടായിരിക്കും.
മ്യൂസിയം സന്ദർശിക്കാൻ എത്തുന്നവർക്ക് രാവിലെ 9.30 മുതൽ 4.30 വരെ ഇതിനകത്ത് കയറാം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മ്യൂസിയത്തിൽ പ്രദർശനം ഉണ്ടായിരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]