കണ്ണൂർ ∙ കീഴറയിലെ സ്ഫോടനത്തിൽ പൊലീസ് തിരയുന്ന അനൂപ് മാലിക്ക് പവർലിഫ്റ്റർ. 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലുള്ള പവർ ലിഫ്റ്റിങ്ങിൽ ഒട്ടേറെ മെഡലുകളും നേടിയിരുന്നു.
‘ഉത്സവങ്ങൾക്കും ആഘോഷവേളകൾക്കുമായി പടക്കം ശേഖരിച്ചു വിപണനത്തിനെത്തിച്ചു തുടങ്ങിയ അനൂപ് പിന്നെ അനധികൃമായ പടക്ക ഇടപാടുകൾ നടത്താൻ തുടങ്ങിയെന്നാണു പൊലീസ് പറയുന്നത്. വൻ ലാഭം നേടിയപ്പോൾ ഉഗ്രശേഷിയുള്ള പടക്കങ്ങളും ബോംബിനു സമാനമായ വസ്തുക്കളും ഉണ്ടാക്കി വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. സ്ഫോടകവസ്തു നിരോധന നിയമപ്രകാരം 7 കേസുകളിൽ പ്രതിയാണ് അനൂപ്.
2009ലും 2013ലും വാടകവീട്ടിൽ അനധികൃതമായി പടക്കം ശേഖരിച്ചതിന് അനൂപിന്റെ പേരിൽ പൊലീസ് കേസെടുത്തിരുന്നു.
8 വർഷം മുൻപ് ഓട്ടോറിക്ഷയിൽ സ്ഫോടക വസ്തുക്കളുമായി പോകുമ്പോൾ ഇയാൾ പൊലീസിന്റെ പിടിയിലായിരുന്നു. തോട്ടടയ്ക്കു സമീപം ചാല 12 കണ്ടിയിൽ 2022 ഫെബ്രുവരിയിൽ വിവാഹവീടിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച കേസിൽ ബോബ് നിർമിക്കാനാവിശ്യമായ വെടിമരുന്ന് നൽകിയത് അനൂപ് മാലിക്കാണെന്ന സംശയത്തെത്തുടർന്ന് പൊലീസിന്റെ അന്വേഷണം ഇയാൾക്കു നേരെ തിരിഞ്ഞിരുന്നു.
കോർപറേഷന്റെ ഉടമസ്ഥതയിൽ ചാലക്കുന്നിലുള്ള സ്ഥലത്തുനിന്ന് 2018ൽ ഉഗസ്ഫോടന ശേഷിയുള്ള വെടിമരുന്നുശേഖരം പിടികൂടിയ സംഭവത്തിനു പിന്നിലും അനൂപ് മാലിക്കാണെന്ന സംശയം ബലപ്പെട്ടിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് പിന്നീടൊന്നും കേട്ടില്ല. എളയാവൂർ പഞ്ചായത്ത് കോർപറേഷനിൽ ലയിക്കുന്നതിനു മുൻപ് പഞ്ചായത്തിന്റെ ചാലക്കുന്നിലുള്ള സ്ഥലത്ത് സ്ഥാപിച്ച മാലിന്യ സംസ്കരണ യൂണിറ്റിന്റെ പുക കുഴലിനുള്ളിലും അനുബന്ധ കെട്ടിടങ്ങൾക്കും ഉള്ളിൽ നിന്നാണ് 200 കിലോ തൂക്കം വരുന്ന ഉഗ്ര സ്ഫോടക ശേഷിയുള്ള സ്ഫോടക വസ്തു ശേഖരം പിടികൂടിയത്.
2009ൽ ആറാംകോട്ടത്ത് അനൂപ് കെട്ടിടം വാടകയ്ക്കെടുത്ത് അനധികൃതമായി സൂക്ഷിച്ച വൻ പടക്കശേഖരം പൊലീസ് പിടികൂടിയിരുന്നു.
2013ൽ അഴീക്കോട് അരയാക്കണ്ടിപ്പാറയിൽ പ്രവാസിയുടെ വീട് വാടകയ്ക്കെടുത്ത് സ്ഫോടക വസ്തുക്കൾ ശേഖരിച്ചതും പൊലീസ് കണ്ടെത്തിയിരുന്നു.പടക്കം സൂക്ഷിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഇയാളുടെ തറവാട് വീട് തകർന്നിരുന്നു.
അനൂപിലെത്തിയത് സുഹൃത്ത് വഴി
കണ്ണപുരം സ്ഫോടന കേസിലെ പ്രധാന പ്രതി അനൂപ് മാലിക്കിനെ ഹൊസ്ദുർഗ് പൊലീസ് പിടികൂടിയത് നാടകീയമായി. സംഭവത്തിന് ശേഷം ഒളിവിൽ പോകാനാണ് അനൂപ് ശ്രമിച്ചത്. ഇതിനിടയിൽ കാഞ്ഞങ്ങാടുള്ള സുഹൃത്തിനെ കാണാനെത്തി.
സുഹൃത്ത് ഈ വിവരം പൊലീസിലെ അറിയിച്ചു. പൊലീസ് അനൂപുമായി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു.
അനൂപിനെയും കൊണ്ട് സുഹൃത്ത് സ്കൂട്ടറിൽ വരുന്നതിനിടെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പുതിയ കോട്ടയിൽ നിന്നു നാടകീയമായി പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രി കാഞ്ഞങ്ങാട്ട് വാഹനപരിശോധന നടത്തുന്ന ഡാൻസാഫ് ടീമിനു നിർദേശം നൽകിയാണ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ സ്ഫോടനത്തെത്തുടർന്നു ഒളിവിൽ പോയ ഇയാൾ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നെന്നാണു സൂചന. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് പൊലീസ് ഇയാളുടെ പിന്നാലെയുണ്ടായിരുന്നു. കണ്ണപുരം പൊലീസ് ഹൊസ്ദുർഗ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുള്ള പ്രതിയുമായി മടങ്ങി. കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
‘അന്ന് വീട് പരിശോധിച്ചപ്പോൾ എല്ലാം ശാന്തം’
3 മാസത്തേക്കെന്നു പറഞ്ഞാണ് ഒരുവർഷം മുൻപ് അനൂപ് വീട് വാടകകയ്ക്കെടുത്തതെന്ന് വീട്ടുടമസ്ഥൻ ഗോവിന്ദന്റെ ഭാര്യ ദേവി പറഞ്ഞു.
സ്പെയർപാർട്സ് കടയിലെ സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് വാടകയ്ക്ക് എടുക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. താമസിക്കാൻ മൂന്നോ നാലോ പേരുണ്ടാകുമെന്നും ധരിപ്പിച്ചു.
3 മാസത്തേക്കായതിനാൽ കരാർ എഴുതിയില്ല. ആധാർ കാർഡ് മാത്രമാണു വാങ്ങിയത്. ഏതാനും ആഴ്ച മുൻപ് വീട്ടിലെത്തി പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളോ അസ്വാഭാവികമായ രീതികളോ കണ്ടില്ല.
എല്ലാം വൃത്തിയായി സൂക്ഷിച്ചിരുന്നു. വാടകയും കൃത്യമായി നൽകുന്നുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെ പൊലീസ് വിളിച്ചു പറയുമ്പോഴാണു സ്ഫോടനം നടന്നത് അറിയുന്നത്. നേരം പുലർന്നപ്പോൾ വീടിന്റെ അവസ്ഥ കണ്ടു ഹൃദയം തകർന്നുവെന്നും ദേവി പറഞ്ഞു.
അനൂപ് മാലിക്ക് ഏതുപക്ഷം
കീഴറയിലെ സ്ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ട
അനൂപ് മാലിക്കിന്റെ രാഷ്ട്രീയ ബന്ധത്തെച്ചൊല്ലി ആരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും. അനൂപ് മാലിക്കിനു കെ.സുധാകരൻ എംപിയുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ രംഗത്തെത്തി.
ഇതു അസംബന്ധമാണെന്നും അനൂപിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
സിപിഎം ശക്തി കേന്ദ്രമായ കീഴറയിൽ ആരുടെ പിന്തുണയോടെയാണു സ്ഫോടകവസ്തു നിർമാണം നടത്തിയതെന്ന് അന്വേഷിക്കണമെന്നു ഡിസിസി പ്രസിഡന്റ് മാർട്ടി ജോർജ് ആവശ്യപ്പെട്ടു. സ്ഫോടനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ഇപ്പോൾ പറയാൻ പറ്റില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. നേരത്തെ അനൂപ് മാലിക്കിന് കെ.സുധാകരനുമായി ബന്ധമുണ്ടായിരുവെന്നാണു വിവരം. ഇപ്പോൾ ബന്ധം തുടരുന്നുണ്ടോ എന്നറിയില്ല.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം.
ആക്രമണം ആസൂത്രണം ചെയ്യേണ്ട പശ്ചാത്തലം നിലവിൽ കണ്ണൂർ ജില്ലയിലില്ലെന്നും അദ്ദേഹം പറഞ്ഞു.അനൂപ് കോൺഗ്രസിന്റെ അടുത്ത ആളാണെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് ആരോപിച്ചു. കൊല്ലപ്പെട്ടയാൾ കിടന്നുറങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നു കരുതുന്നു.
ആ നിലയിലായിരുന്നു മൃതദേഹം. അതിനാൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായോ എന്ന് അന്വേഷിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.ബോംബ് നിർമാണം വ്യാപകമായി കണ്ണൂർ ജില്ലയിൽ നടക്കുകയാണെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം പാർട്ടി ഗ്രാമമായ കീഴറയിൽ നടന്ന സ്ഫോടനം ഗൗരവകരമായി കാണണമെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ല ആവശ്യപ്പെട്ടു.
പൊലീസിന്റെയും സിപിഎമ്മിന്റെയും സംരക്ഷണം അനൂപ് മാലിക്കിനു ലഭിക്കുന്നുണ്ടെന്നു ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ആരോപിച്ചു. കെ.സുധാകരന്റെ അടുത്ത ആളായിരുന്നു അനൂപ് മാലിക്കെന്നും ആരോപിച്ചു.
2016ൽ സ്ഫോടനമുണ്ടായപ്പോഴും അനൂപ് മാലിക്ക് കോൺഗ്രസിന്റെ ആളാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇയാൾക്കെതിരായ കേസുകൾ ഒതുക്കിത്തീർത്തെന്നും ആരോപണമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]