
കണ്ണൂർ ∙ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുമ്പോൾ കടലിൽ പോകാൻ വേണ്ട തയാറെടുപ്പുകൾക്കായി ഉത്സവപ്രതീതിയിലാണു ഹാർബറുകൾ.
ബോട്ടുകളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഐസ്, ഇന്ധനം എന്നിവ നിറച്ചു.ഹാർബർ മേഖലകളിലെ ബോട്ട് യാഡുകളിൽ രാവും പകലുമില്ലാതെയാണ് തൊഴിലാളികൾ അധ്വാനിക്കുന്നത്. അഴീക്കലിൽ മത്സ്യലേല ഹാളുകൾ പെയ്ന്റടിച്ചു മനോഹരമാക്കുന്ന പ്രവൃത്തിയും തറ സിമന്റ് പൂശി വൃത്തിയാക്കുന്നതും തകൃതിയായി നടക്കുന്നു. ബോട്ടുകളുടെ സ്പെഷൽ പെർമിറ്റ്, ലൈസൻസ് എന്നിവ പുതുക്കുന്നതിന് ബോട്ടുടമകൾ ഓട്ടത്തിലാണ്.
ഫിഷറീസ്, മറൈൻ അധികൃതരുടെ നേതൃത്വത്തിൽ പട്രോളിങ് ബോട്ടുകൾ നിരീക്ഷണം നടത്തുമുണ്ട്.
കിളിമീനിലും ചെമ്മീനിലും പ്രതീക്ഷ
∙ നിരോധനത്തിനുശേഷം കടലിലിറങ്ങുന്ന ബോട്ടുകൾക്ക് സാധാരണ കിളിമീൻ, കണവ, കരിക്കാടി ചെമ്മീൻ തുടങ്ങിയവയാണു ലഭിക്കാറുള്ളത്. എന്നാൽ ഇക്കുറി കാലാവസ്ഥ വ്യത്യസ്തമായിരുന്നതിനാൽ ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്ന് ബോട്ടുകാർ പറയുന്നു.
മഴ ശക്തമായിരുന്നതിനാൽ കടൽ കാര്യമായി ഇളകിയിരുന്നു. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഇക്കുറി നല്ല കോളായിരുന്നു.
അതിനാൽ നിരാശപ്പെടേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു ബോട്ടുടമകളും തൊഴിലാളികളും.
വറുതി തീർക്കാൻ രണ്ടും കൽപിച്ച്
∙ ഡീസൽ വിലയിൽ ശ്വാസം മുട്ടി നിൽക്കുന്ന വലിയൊരു പങ്ക് ബോട്ടുകളും നിരോധനം തുടങ്ങുന്നതിനു മുൻപേ തന്നെ തീരത്ത് വിശ്രമത്തിലായിരുന്നു. പോയവർക്കാവട്ടെ കാര്യമായൊന്നും ലഭിച്ചതുമില്ല.
ഇതിന്റെയെല്ലാം നഷ്ടം തീർക്കണമെങ്കിൽ ഇനി മോശമല്ലാത്ത തോതിൽ മീൻ ലഭിക്കണമെന്നും ബോട്ടുകാർ പറയുന്നു. അഴീക്കലിൽനിന്ന് ഇൻബോർഡ് വള്ളങ്ങളിൽ മത്സ്യബന്ധത്തിനു പോകുന്നവർക്ക് ഓഗസ്റ്റ് 15നു ശേഷമേ ഇവിടത്തെ ലേലഹാളിൽ മീൻ വിൽക്കാൻ കഴിയൂ. നേരത്തെയുണ്ടാക്കിയ നിയമം കാരണമാണിത്. എന്നാൽ ബോട്ടുകളിൽ പോകുന്നവർക്ക് ട്രോളിങ് നിരോധനം അവസാനിച്ചാൽ മത്സ്യവിൽപന സാധ്യമാകും. മറ്റു ഹാർബറുകളിൽ ഇല്ലാത്ത ഈ നിയമം അഴീക്കൽ ഹാർബറിൽ നിന്നു പിൻവലിക്കണമെന്നാണു വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവർ ആവശ്യപ്പെടുന്നത്.
തമിഴരെ പിന്തള്ളി ഭായിമാർ
∙ ട്രോളിങ് നിരോധനത്തെ തുടർന്നു നാട്ടിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും തിരിച്ചെത്തി തുടങ്ങി.
ഏറെക്കാലം മത്സ്യബന്ധന ബോട്ടുകളിൽ തമിഴ്നാട്ടുകാരായ തൊഴിലാളികൾക്കായിരുന്നു ആധിപത്യം. കന്യാകുമാരി, കുളച്ചൽ, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറെയും.
എന്നാൽ ഇക്കുറി ഇവരെ പിന്തള്ളാനുള്ള ഒരുക്കത്തിലാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ. ജീവിതത്തിൽ ഇന്നു വരെ കടൽ കണ്ടിട്ടില്ലാത്തവരും കൂട്ടത്തിലുണ്ട്.
ബംഗാൾ, അസം, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറിയ പങ്കും. ഒന്നോ രണ്ടോ ദിവസം മാത്രം കടലിൽ തങ്ങി തിരിച്ചെത്തുന്ന ചെറിയ ബോട്ടുകളിൽ ജോലിക്കു കയറാനാണ് ഇവിടത്തുകാർക്ക് താൽപര്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]