
കണ്ണൂർ∙ ‘‘കൽരാത് സിന്ദഗിസെ മുലാകാത്ത് ഹോ ഗയീ… സംഗീത സംവിധായകൻ നൗഷാദ് ഈണമിട്ട വരികൾ ഞാൻ ഹാർമോണിയത്തിന്റെ മുന്നിൽവച്ചു പറഞ്ഞുകൊടുക്കുകയാണ്.
‘ജെറി സാബ്, എനിക്കൊന്നും അറിഞ്ഞുകൂടാ… നിങ്ങൾ എന്താണു പറഞ്ഞുതരുന്നത് ഞാനതു പാടും…’ പുഞ്ചിരിച്ചുകൊണ്ടു മുഹമ്മദ് റഫി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇന്ത്യയാകെ ആരാധനയോടെ കേൾക്കുന്ന ഗായകനാണ് 25 വയസ്സുള്ള എന്നെ ജെറി സാബ് എന്നുവിളിച്ചുകൊണ്ടു താഴ്മയോടെ പറയുന്നത്.
അന്നത്തെ ആ സംഭവം അനശ്വര സംഗീതം പോലെ കാലമെത്ര കഴിഞ്ഞാലും എന്റെ മനസ്സിൽ നിലനിൽക്കും’’– ഗായകൻ മുഹമ്മദ് റഫിയുമൊത്തുള്ള അനുഭവം സംഗീത സംവിധായകൻ ജെറി അമൽദേവ് വിവരിക്കുമ്പോൾ പിന്നണി സംഗീതംപോലെ പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. മുഹമ്മദ് റഫിയെ അനുസ്മരിച്ച് ജവാഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറിയും കണ്ണൂർ ആകാശവാണിയും നടത്തിയ സംഗീത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെറി അമൽദേവ്.
മുഹമ്മദ് റഫിയുടെ ‘സുഹാനീ രാത്…’ എന്ന ഗാനമാലപിച്ചാണ് ജെറി അമൽദേവ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സംഗീത സംവിധായകൻ നൗഷാദിന്റെ ശിഷ്യനായിരുന്ന കാലത്തെ അനുഭവങ്ങളാണ് അദ്ദേഹം പറഞ്ഞത്. ‘‘അക്കാലത്തു വരികൾക്കായിരുന്നു പ്രാധാന്യം.
200 വരികളൊക്കെ എഴുതി അതിൽനിന്നു മനോഹരമായ 20 വരികളായിരിക്കും തിരഞ്ഞെടുക്കുക. അതുകൊണ്ടാണ് അതെല്ലാം കാലത്തെ അതിജീവിച്ചത്.’’– അദ്ദേഹം പറഞ്ഞു. ജവാഹർ ലൈബ്രറി വർക്കിങ് ചെയർമാൻ എം.രത്നകുമാർ അധ്യക്ഷനായിരുന്നു.
എം.ചന്ദ്രബാബു, എച്ച്. വിനോദ്ബാബു, ജീജാ ശ്രീജിത്ത്, എം.ഉമ്മർ, സുധീർ പയ്യനാടൻ എന്നിവർ പ്രസംഗിച്ചു. ഡോ.ടി.ശശിധരന്റെ സൗ ബാർ ജനം ലേംഗേ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഡോ.ജി.ഹരികുമാറിന്റെ സംഗീതസായാഹ്നം നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]