പയ്യന്നൂർ ∙ പണി തീരാത്ത ബസ് സ്റ്റാൻഡ് എന്നു കേട്ടിട്ടുണ്ടോ? അതാണ് പയ്യന്നൂരിന്റെ പുതിയ ബസ് സ്റ്റാൻഡ്. കഴിഞ്ഞ 28 വർഷമായി പയ്യന്നൂർ നഗരസഭ നിർമിക്കുന്ന ബസ് സ്റ്റാൻഡിന്റെ പണി പൂർത്തിയായിട്ടില്ല.
ചെലവു കണക്കാക്കുന്നതാകട്ടെ, 6,99,52,741 രൂപയും. 2015 മുതൽ 2017 വരെ പദ്ധതി പ്രദേശം മണ്ണിട്ട് ഉയർത്താൻ ചെലവഴിച്ചത് 29,92,935 രൂപയാണ്. തുടർന്ന് 1,71,29,806 രൂപ ചെലവഴിച്ച് കാനോപി, പ്ലാറ്റ് ഫോം നിർമാണവും പൂർത്തീകരിച്ചു.
ഇപ്പോൾ 4.983 കോടി രൂപ ചെലവഴിച്ചാണ് യാർഡ് നിർമാണവും ശുചിമുറി ബ്ലോക്ക് നിർമാണവും നടത്തുന്നത്.
1997ലാണ് പയ്യന്നൂരിന് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാനായ 5.49 ഏക്കർ സ്ഥലം ടൗൺ റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഏറ്റെടുക്കുന്നത്. ഒരുപക്ഷേ ബസ് സ്റ്റാൻഡ് നിർമിക്കാൻ അന്നത്തെ, ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു അത്.
ഏഴിമല നാവിക അക്കാദമിക്ക് എടാട്ട് ദേശീയപാതയിൽ നിന്ന് ആറുവരിപ്പാത നിർമാണത്തിനു സർവേ നടത്തിയത് ഇതിനു സമീപത്തു കൂടിയായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് ആറുവരിപ്പാതയിലേക്കു കയറിയാൽ യാത്ര എളുപ്പമായി.
എന്നാൽ, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്, നാവിക അക്കാദമി അധികൃതർ ആറുവരിപ്പാത വേണ്ടെന്നുവച്ചു.
പണിതു, തകർന്നു
സ്ഥലം ഏറ്റെടുത്ത നഗരസഭ അടുത്ത വർഷം തന്നെ ബസ് സ്റ്റാൻഡ് നിർമാണത്തിനു സ്ഥലം മണ്ണിട്ട് നികത്താൻ തുടങ്ങിയിരുന്നു. അതിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് കൗൺസിലർ വിജിലൻസിന് പരാതി നൽകി.
അതോടെ നിർമാണം നിലച്ചു. നിർമാണം തുടരാൻ വിജലൻസ് അനുമതി നൽകിയെങ്കിലും ഫയൽ പൊടിതട്ടിയെടുക്കാൻ 2 വർഷം വേണ്ടി വന്നു.
അങ്ങനെ 2015 മുതൽ 17 വരെ കുറച്ചു കുറച്ചായി മണ്ണിട്ട് നികത്തി ബസ് സ്റ്റാൻഡിനുള്ള സ്ഥലം രൂപപ്പെടുത്തി.
പ്ലാൻ എസ്റ്റിമേറ്റിന് സർക്കാർ അനുമതി വാങ്ങലും വായ്പയ്ക്ക് അപേക്ഷ നൽകലുമൊക്കെയായി വർഷങ്ങൾ പോയി. ഒപ്പം പണവും.
ഒടുവിൽ ബസ് സ്റ്റാൻഡ് നിർമാണം ഉദ്ഘാടനം ചെയ്തു കൊണ്ട് നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് 1.71 കോടി രൂപ ചെലവിൽ കാനോപ്പിയും പ്ലാറ്റ്ഫോമും നിർമിച്ചു. നിലവിൽ അവയെല്ലാം തകർച്ചയുടെ വക്കിലാണ്.
നിർമാണം തുടങ്ങി
2025 മാർച്ച് 25ന് പ്രവൃത്തി വീണ്ടും ഉദ്ഘാടനം ചെയ്തു.
പ്ലാനും എസ്റ്റിമേറ്റും കരാറുകാർ വിശദമായി പരിശോധിച്ചപ്പോഴാണ് യാഡ് നിർമാണം ടാറിങ് പ്രവൃത്തിയാണെന്ന് കണ്ടെത്തിയത്. ചതുപ്പ് നിലം ടാർ ചെയ്താൽ ദീർഘകാലം നിൽക്കില്ലെന്ന് തിരിച്ചറിയാത്ത നഗരസഭ എൻജിനീയറിങ് വിഭാഗമാണ് പയ്യന്നൂർ നഗരസഭയ്ക്ക് ഉള്ളതെന്ന പരിഹാസവും നഗരസഭ അധികൃതർ കേൾക്കേണ്ടിവന്നു.പിന്നീട് ടാറിങ് മാറ്റി കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചു.
എസ്റ്റിമേറ്റ് വീണ്ടും പുതുക്കി. സർക്കാരിൽ നിന്ന് അനുമതി വാങ്ങി.
നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം തുടങ്ങി. ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന് ആവശ്യമായ വീതിയില്ല. പലയിടങ്ങളിലും കെട്ടിടം ഉയർന്നതിനാൽ ഇനി റോഡ് വികസനവും അസാധ്യമാണ്.
സ്വന്തം ഫണ്ടിൽ നിന്ന് 5 കോടി
2023 നവംബർ പത്തിനാണ് നഗരസഭ കൗൺസിൽ 4.983 കോടി രൂപ ചെലവിൽ ആധുനിക ബസ് സ്റ്റാൻഡ് നിർമിക്കാനുള്ള എസ്റ്റിമേറ്റ് പാസാക്കിയത്.
2024 ജനുവരി നാലിന് സർക്കാർ അനുമതിക്ക് അപേക്ഷിക്കാൻ കൗൺസിൽ തീരുമാനിച്ചു. 2024 സെപ്റ്റംബർ 3ന് പ്രവൃത്തിയുടെ നിർവഹണ ഏജൻസിയായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ നിശ്ചയിച്ചു.
ഹഡ്കോയിൽ നിന്ന് വായ്പ വാങ്ങാൻ സർക്കാർ അനുമതി ലഭിച്ചു.
നിർമാണം തുടങ്ങാൻ 2025 ഫെബ്രുവരി 17ന് ഉരാളുങ്കൽ സൊസൈറ്റിയുമായി കരാറിൽ ഒപ്പുവച്ചു. എന്നാൽ, ഹഡ്കോ വായ്പ അനുമതി പത്രത്തിൽ കടുത്ത വ്യവസ്ഥകൾ വച്ചപ്പോൾ അതിൽ നിന്നു നഗരസഭയ്ക്കു പിന്മാറേണ്ടി വന്നു.
അതിനായും ലക്ഷങ്ങൾ ചെലവഴിച്ചു. ഒടുവിൽ നഗരസഭ തനത് ഫണ്ടിൽ നിന്ന് 5 കോടി രൂപ ചെലവഴിച്ച് ബസ് സ്റ്റാൻഡ് നിർമിക്കാൻ തീരുമാനിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]