ചക്കരക്കൽ ∙ സൗന്ദര്യവൽക്കരണവും ടൗൺ വികസനവും പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ ചക്കരക്കൽ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹാരമില്ലാതെ തുടരുന്നു. വർഷങ്ങളായി നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യമായിരുന്നു ടൗൺ വികസനം. ചക്കരക്കൽ ടൗണിൽ നിന്ന് മുഴപ്പാല, അഞ്ചരക്കണ്ടി, പെരളശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ കുരുക്കിൽ അകപ്പെടുന്നത് പതിവു കാഴ്ചയാണ്.
കൂടാതെ രോഗികളുമായി പോകുന്ന ആംബുലൻസുകളും കുരുക്കിൽപെടുന്നു.
കച്ചവട സ്ഥാപനങ്ങളിൽ എത്തുന്ന ചരക്കു ലോറികൾ ഒരേസമയം ഇരുവശങ്ങളിലും നിർത്തിയിട്ട് സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതുമാണ് മിക്കവാറും കുരുക്കിനു കാരണമാകുന്നത്. കൂടാതെ റോഡരികിലെ അശാസ്ത്രീയ പാർക്കിങ്ങും കുരുക്കിനു കാരണമാകുന്നു.
കുരുക്ക് ഒഴിവാക്കാൻ പലതവണ വിവിധ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
ചക്കരക്കൽ ബൈപാസ്, റോഡ് നവീകരണം, സൗന്ദര്യവൽക്കരണം തുടങ്ങിയ വിവിധ പദ്ധതികൾ പരിഗണിക്കപ്പെട്ടെങ്കിലും ഇതൊന്നും പ്രാവർത്തികമായില്ലെന്നാണു നാട്ടുകാരുടെ പരാതി.
ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്ത് പരിധിയിൽ വരുന്ന ചക്കരക്കൽ ടൗണിൽ 3 പഞ്ചായത്തുകളുടെയും കൂട്ടായ്മയിലൂടെ വികസന പ്രവർത്തനം നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. ധർമടം മണ്ഡലത്തിലെ പ്രധാന ടൗണായ ചക്കരക്കല്ലിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]