
ഇരിട്ടി ∙ ബാവലിപ്പുഴയുടെ തീരങ്ങളിൽ കരയിടിച്ചിൽ രൂക്ഷം. നിരവധിയാളുകളുടെ ഏക്കർ കണക്കിനു സ്ഥലം പുഴയെടുത്തു.
ചിലയിടങ്ങളിൽ തുരുത്ത് രൂപപ്പെട്ട് പുഴ ഗതിമാറി ഒഴുകുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. പയഞ്ചേരി മുടച്ചാൽ മേഖലയിൽ പുഴയിൽ നിന്നു 8 – 10 മീറ്ററോളം ഉയരത്തിൽ തിണ്ടിനു മുകളിൽ എന്ന നിലയിൽ ആണു ജനവാസ ഭൂമി.
കാലവർഷത്തിലും അണക്കെട്ട് അടയ്ക്കുമ്പോൾ പുഴയിൽ ജലനിരപ്പ് ഉയരുമ്പോഴും തിണ്ടിടിഞ്ഞു കൃഷി ഭൂമി പുഴ ആയി മാറുകയാണ്.
മഴക്കാലത്ത് പുഴയിൽ കുത്തൊഴുക്ക് കൂടി ഉള്ളതിനാൽ കര ഇടിച്ചിൽ കൂടുതലാണ്. ബാവലി പുഴത്തീരത്തു കരയിടിച്ചിൽ രൂക്ഷമായ മേഖലകളിൽ പോലും കരിങ്കൽ ഭിത്തിയോ പാർശ്വഭിത്തിയോ ഇല്ല.
പുഴ പുറമ്പോക്കും വ്യാപകമായി ഇടിയുന്നുണ്ട്. മുഴക്കുന്ന് പഞ്ചായത്തിൽ മാത്രം 100 ഏക്കറോളം പുഴ പുറംപോക്ക് ഉണ്ട്.
ഇവിടെ ഓരോ വർഷം കഴിയുംതോറും പുറമ്പോക്ക് ഭൂമിയുടെ അളവ് കുറയുയാണ്. പാലപ്പുഴ മേഖലയിലും ആറളം, പായം പഞ്ചായത്തുകളുടെ പുഴത്തീര മേഖലകളിലും വലിയ തോതിൽ കരയിടിയുകയാണ്.
പുഴയിൽ നിന്നുള്ള മണലെടുപ്പ് ഇല്ലാത്തതിനാൽ മണൽ വന്നടിഞ്ഞു പുഴയുടെ ആഴം കുറഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ ആറളം, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം വൻതോതിൽ കല്ലും മണ്ണും പുഴയിൽ അടിഞ്ഞിരുന്നു. ഇവ ഇനിയും നീക്കം ചെയ്യാൻ നടപടി ഇല്ലാത്തതു പുഴയുടെ സംഭരണ ശേഷി കുറയ്ക്കുകയും വെള്ളപ്പൊക്കത്തിനൊപ്പം കരയിടിച്ചിൽ വർധിക്കാനും കാരണമാകുകയാണ്.
പുഴയോരം കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ ജലസേചന, റവന്യു വകുപ്പുകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അപേക്ഷ നൽകിയിട്ടുണ്ട്.
പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യണം
വർഷങ്ങളായി ഉരുൾപൊട്ടലിലും പ്രളയത്തിലും വന്നടിഞ്ഞ മാലിന്യങ്ങൾ പുഴയിൽ നിന്നു നീക്കം ചെയ്യുകയും മണലെടുപ്പ് നിയമവിധേയമായി നടപ്പാക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ വർഷവും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കല്ലും മണ്ണും മരങ്ങളും വ്യാപകമായി പുഴയിൽ വന്നടിഞ്ഞു. ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ സംസ്ഥാന ശരാശരിയെക്കാൾ അധികം മഴയാണ് ലഭിച്ചത്.
ആറളത്ത് കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 160 മില്ലിമീറ്റർ മഴയാണ്. ഈ വെള്ളം മുഴുവൻ ബാവലി പുഴയിലേക്കാണ് ഒഴുകി എത്തുന്നത്.
ഇക്കോ പാർക്കിന്റെ സംരക്ഷണവേലി തകർന്നു
കരയിടിച്ചിലിൽ ജബ്ബാർക്കടവ് പാലത്തിന് സമീപം ബാവലി പുഴത്തീരത്തെ ഇക്കോ പാർക്കിന്റെ ഒരു ഭാഗം ഇടിഞ്ഞു പുഴയിലേക്കുതാണു.
സഞ്ചാരികൾക്ക് തണൽ വിരിക്കാൻ കല്ലുകെട്ടി സംരക്ഷിച്ച മരങ്ങൾ ഉൾപ്പെടെ പുഴയിലേക്കു പതിച്ച നിലയിലാണ്. പാർക്കിന്റെ ഭാഗമായുള്ള സംരക്ഷണ വേലിയും തകർന്നു.
20 മീറ്ററോളം നീളത്തിൽ സ്ഥലം മണ്ണിടിഞ്ഞു പുഴയുടെ ഭാഗമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]