
ഒരു മിനിറ്റ് മിന്നൽച്ചുഴലി; വട്ടംചുറ്റി നാട്: 2 കിലോമീറ്റർ ചുറ്റളവിൽ കനത്തനാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ മിന്നൽച്ചുഴലിയിൽ ഞെട്ടിവിറച്ച് നാട്. വലിയന്നൂർ, വാരം, കടാങ്കോട്, ശാസ്താംകോട്ടം, ആയങ്കിയിൽ, എളയാവൂർ മേഖലകളിലാണു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. കാറ്റിൽ മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി. മരങ്ങൾ വീണു വീടുകൾക്കും സ്കൂളിനും നാശം സംഭവിച്ചു. പെട്ടിക്കട മറിഞ്ഞു ലോട്ടറി വിൽപനക്കാരനു പരുക്കേറ്റു. വീട്ടുമേൽക്കൂരയിലെ ഓട് കാറ്റിൽ പറന്നു. വലിയന്നൂരിൽ റോഡിൽ നിർത്തിയിട്ട കാർ ശക്തമായ കാറ്റിൽ ഉരുണ്ടു മുന്നോട്ടു നീങ്ങി.
ഇന്നലെ രാവിലെ 7.30നു ചതുരക്കിണർ, വലിയന്നൂർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കൊപ്പം എത്തിയ ഒരു മിനിറ്റു നീണ്ടു നിന്ന ചുഴലിക്കാറ്റാണു നാടിനു സർവത്ര നാശം വിതച്ചത്. രണ്ട് കിലോമീറ്റർ ചുറ്റളവിലാണു കാറ്റ് വീശിയത്. വലിയന്നൂരിലാണു ലോട്ടറി വ്യാപാരം നടത്തുന്ന പെട്ടിക്കട മറിഞ്ഞു വിൽപനക്കാരനായ പുരുഷോത്തമനു പരുക്കേറ്റത്. ധാന്യങ്ങൾ പൊടിക്കുന്ന മില്ലിന്റെ മേൽക്കൂര തകർന്നു.
ചതുരക്കിണറിൽ പതിനഞ്ചോളം വീടുകൾക്കു നാശം സംഭവിച്ചു. കവണിശ്ശേരി ബാലകൃഷ്ണന്റെ വീടിന്റെ മേൽക്കൂര മരം വീണു ഭാഗികമായി തകർന്നു. ഓട് പാറിയാണ് കൂടുതലും വീടുകൾക്കു നാശം. നിമിഷനേരം കൊണ്ടാണ് വീടിന്റെ ഓടുകൾ പാറിപ്പോയതെന്ന് അയന നിവാസിൽ അജേഷ് പറഞ്ഞു. മഴ പെയ്തതോടെ വീടുകളിൽ വെള്ളം നിറഞ്ഞുവെന്നും അജേഷ് പറഞ്ഞു. മരം വീണ് എളയാവൂർ ധർമോദയം എൽപി സ്കൂളിന്റെ മേൽക്കൂരയിലെ ഓട് പൊട്ടി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കാറ്റ് നാശം വരുത്തിയ മേഖല സന്ദർശിച്ചു. എളയാവൂരിൽ കഴിഞ്ഞ ദിവസവും കാറ്റ് കനത്ത നാശം വരുത്തിയിരുന്നു.
കൂടുതൽ നഷ്ടം കെഎസ്ഇബിക്ക്
∙ കെഎസ്ഇബിക്കാണു കൂടുതൽ നഷ്ടം സംഭവിച്ചത്. 12 പോസ്റ്റുകൾ കടപുഴകി. ഇതിൽ 4 ഹൈ ടെൻഷൻ പോസ്റ്റും 8 ലോ ടെൻഷൻ പോസ്റ്റും ഉൾപ്പെടുന്നു. 120 ഇടങ്ങളിൽ വൈദ്യുതക്കമ്പികൾ പൊട്ടി. മേഖലകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കാത്തിരിക്കേണ്ടി വരും. കെഎസ്ഇബി ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലാണു കാറ്റ് നാശം വിതച്ചത്.
കാറ്റിലും മഴയിലും കടപുഴകി വൈദ്യുതക്കമ്പികൾക്ക് മുകളിലേക്കു വീഴാൻ സാധ്യതയുള്ള 150 മരങ്ങൾ നേരത്തേ കെഎസ്ഇബി മുറിച്ചുമാറ്റിയിരുന്നു. അപകടഭീഷണി ഉയർത്തുന്ന 30 വലിയ മരങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ പ്ലാവ്, മാവ് ഉൾപ്പെടെ 20 മരങ്ങളാണു കടപുഴകിയത്. വലിയ പ്ലാവ് വീണതിനെത്തുടർന്ന് വൈദ്യുതത്തൂൺ ഊരി റോഡിലേക്കു തെറിച്ചു വീണു.
മട്ടന്നൂർ – കണ്ണൂർ റോഡിൽ ഗതാഗതതടസ്സം
∙ മരം റോഡിലേക്കു കടപുഴകി വീണു വലിയന്നൂരിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ – കണ്ണൂർ റോഡിലാണു ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടത്. കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണു മരങ്ങൾ മുറിച്ചു മാറ്റിയത്.