കണ്ണൂർ ∙ സംസ്ഥാന ബജറ്റിൽ ജില്ലയ്ക്കു മികച്ച പരിഗണനയെങ്കിലും കൂടുതൽ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത്. ധർമടത്തെ സംയോജിത ബ്ലൂ ഗ്രീൻ ഇന്റഗ്രേറ്റഡ് ടൂറിസം സർക്കീറ്റ്, പെരളശ്ശേരിയിലെ നൈറ്റ് ലൈഫ്-സാംസ്കാരിക ഇടനാഴി, പിണറായിയിലെ സൗത്ത് സോൺ കൾചറൽ സെന്റർ, ബ്രണ്ണൻ കോളജിലെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമി എന്നിവ ഈ മണ്ഡലത്തിലാണ്.
ധർമടം-വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജിനു 10 കോടിയും പെരളശ്ശേരിയിലെ എകെജി മ്യൂസിയത്തിന് 4.5 കോടി രൂപയും അനുവദിച്ചു.
അതേസമയം യുഡിഎഫ് എംഎൽഎമാർ ഉള്ള പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ ആകെ 3 പദ്ധതികൾക്കു മാത്രമാണ് പണം അനുവദിച്ചത്. ടൂറിസം സർക്കീറ്റ് വികസിപ്പിക്കാനായി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് ധർമടത്തെത്തുന്നത്. ധർമടം പുഴ, ധർമടം ദ്വീപ്, സമീപത്തെ കണ്ടൽക്കാടുകൾ എന്നിവ ഉൾപ്പെടുത്തിയാണ് സംയോജിത ബ്ലൂ ഗ്രീൻ ഇന്റഗ്രേറ്റഡ് ടൂറിസം സർക്കീറ്റ് സ്ഥാപിക്കുന്നത്.
ഇതിനായി 2 കോടി രൂപയാണ് വകയിരുത്തിയത്.
ധർമടം പുഴ ക്രൂസ് സർക്കീറ്റ്, ധർമടം ദ്വീപ് ബയോ റിസർവ്, വോക്കിങ് മ്യൂസിയം, മാൻഗ്രൂവ് ഇൻഫർമേഷൻ സെന്റർ എന്നിവയാണ് പദ്ധതിയിൽ ഉണ്ടാകുക. തിരുവനന്തപുരത്തെ മാനവീയം മാതൃകയിലാണ് പെരളശ്ശേരിയിൽ ഒരു സ്ഥിരം നൈറ്റ് ലൈഫ്-സാംസ്കാരിക ഇടനാഴി സ്ഥാപിക്കുന്നത്. നാടൻകലാരൂപങ്ങൾക്കുള്ള ഓപ്പൺഎയർ സ്റ്റേജ്, കുടുംബശ്രീ ഉൽപന്നങ്ങൾക്കുള്ള മാർക്കറ്റുകൾ, ലിറ്റററി കോർണർ എന്നിവയുണ്ടാകും.
ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2.5 കോടി രൂപ വകയിരുത്തി.
പ്രാദേശികകലകളെയും കരകൗശലവിദ്യകളെയും പ്രോത്സാഹിപ്പിക്കാനും കലാപ്രകടനങ്ങൾക്കും പരിശീലനങ്ങൾക്കും ശിൽപശാലകൾക്കും കലാകാരന്മാരുടെ സംവാദങ്ങൾക്കുമായാണ് പിണറായിയിൽ സൗത്ത് സോൺ കൾചറൽ സെന്റർ ഒരുക്കുന്നത്. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.
ബ്രണ്ണൻ കോളജിലെ കായിക സൗകര്യങ്ങളെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയായി ഉയർത്താനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയും അനുവദിച്ചു.
രാജ്യാന്തര സ്പോർട്സ് ഹബ്
ഇന്റഗ്രേറ്റഡ് ഇന്റർനാഷനൽ സ്പോർട്സ് ഹബ്ബിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി. സ്പോർട്സ് സൗകര്യങ്ങളും വാണിജ്യ, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളും സംയോജിപ്പിച്ച് പ്രവർത്തിക്കുന്നതിനായി രൂപകൽപന ചെയ്ത പദ്ധതിയാണ് ഇത്.
ഫിഫ നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയവും രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ നിലവാരമുള്ള ഹോക്കി അരീനയും ഷോപ്പിങ് മാളും ഫോർ സ്റ്റാർ ഹോട്ടലും ഇതിലുൾപ്പെടും.
കൈത്തറി മേഖലയ്ക്ക് 59 കോടി
∙ കൈത്തറി, പവർലൂം മേഖലയ്ക്ക് കീഴിൽ മാർക്കറ്റിങ്, കയറ്റുമതി, ആധുനികവൽക്കരണം, ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ, പ്രീമിയം ഉൽപന്നങ്ങളുടെ വികസനം, ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കൽ, നെയ്ത്തുകാരുടെ ക്ഷേമം എന്നിവയ്ക്കായി 59 കോടി രൂപ അനുവദിച്ചത് ഈ മേഖലയുടെ ഉണർവിനു സഹായമാകും.
തുണിമിൽ യൂണിറ്റുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനായി ടെക്സ്റ്റൈൽ ഇൻഡസ്ട്രി മോഡണൈസേഷൻ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കും. പദ്ധതിക്ക് ഒരു കോടി വകയിരുത്തി.
കൈത്തറി സഹകരണ സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് എന്നിവയെ വായ്പാ സൗകര്യങ്ങൾക്ക് കൂടുതൽ യോഗ്യരാക്കുന്നതിനായി ഓഹരി പങ്കാളിത്തത്തിനായി 5.3 കോടി രൂപ വകയിരുത്തി. കൈത്തറി സംഘങ്ങളുടെ പ്രീം ലൂം പ്രവർത്തനങ്ങൾ, സ്പിന്നിങ്, നെയ്ത്ത്, ഡയിങ് ആൻഡ് പ്രിന്റിങ് അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 4 കോടി രൂപ അനുവദിച്ചു.
ഖാദി ഗ്രാമവ്യവസായങ്ങൾക്കുള്ള വിഹിതം 16.7 കോടി രൂപയും സൗജന്യ സ്കൂൾ യൂണിഫോം വിതരണ പദ്ധതി എന്നിവയ്ക്കായി 150.34 കോടിയും വകയിരുത്തി.
അവഗണനയിൽ ഇരിക്കൂറും പേരാവൂരും
ജില്ലയിൽ 2 യുഡിഎഫ് എംഎൽഎമാർ ഉള്ള ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങൾക്ക് ബജറ്റിൽ കാര്യമായി ഒന്നും അനുവദിച്ചില്ല. ഇരിക്കൂറിൽ മണക്കടവ് – മൂരിക്കടവ് – കാപ്പിമല റോഡ് 6.5 കിലോമീറ്റർ മെക്കാഡം ടാറിങ്ങിന് 15 കോടിയും ഉളിക്കൽ – ഇരിട്ടി റോഡിൽ ഉളിക്കൽ മുതൽ ചെട്ടിയാർപീടിക വരെ 3 കിലോമീറ്റർ മെക്കാഡം ടാറിങ്ങിന് 5.25 കോടി രൂപയും മാത്രമാണ് അനുവദിച്ചത്.
പേരാവൂരിൽ കരിക്കോട്ടക്കരി -എടപ്പുഴ -വാളത്തോട് റോഡ് ബിഎംബിസിക്ക് 2.2 കോടി അനുവദിച്ചതു മാത്രമേയുള്ളൂ.
സംരംഭക മേഖലയ്ക്കു പ്രാധാന്യം നൽകിയില്ല: ചേംബർ ഓഫ് കൊമേഴ്സ്
കണ്ണൂർ∙ സംരംഭകരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ബജറ്റിനു കഴിഞ്ഞില്ലെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്. മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ കൂടുതലും നടപ്പാക്കാൻ ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റിൽ സംരംഭക മേഖലയ്ക്കു പ്രാധാന്യം നൽകിയില്ല.
പെരളശ്ശേരി, തളിപ്പറമ്പ്, മുഴപ്പിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികൾ ടൂറിസം വികസനത്തിന് സഹായിക്കും.
ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികൾക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം, റോഡ് അപകടത്തിൽപെടുന്നവർക്ക് സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ആദ്യ 5 ദിവസം സൗജന്യ ചികിത്സ, ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള അപകട
ഇൻഷുറൻസ് തുടങ്ങിയവ ജനക്ഷേമകരമാണെന്ന് ചേംബർ വിലയിരുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

