ഇരിട്ടി ∙ അയ്യൻകുന്ന് പഞ്ചായത്തിലെ അട്ടയോലി മലയിൽ വയോധികനും കടുവയും മുഖാമുഖംനിന്ന പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞില്ല. കുരങ്ങുകളെ ഓടിക്കാൻ കൃഷിയിടത്തിൽ എത്തിയ വള്ളിക്കാവുങ്കൽ അപ്പച്ചനാണ് കഴിഞ്ഞ ദിവസം കടുവയെ മുഖാമുഖം കണ്ടതും മരത്തിൽ കയറി രക്ഷപ്പെട്ടതും.
ഇതോടെ വനം വകുപ്പ് സ്ഥലത്ത് ക്യാംപ് ആരംഭിക്കുകയും കടുവയുടെ സാന്നിധ്യം കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാൻ 2 ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇന്നലെ ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചും നേരിട്ടും നടത്തിയ തിരച്ചിലിലും സാന്നിധ്യം കണ്ടെത്താനായില്ല.
കടുവ കാട്ടിലേക്കു കയറിപ്പോയിരിക്കാം എന്നാണു വനം വകുപ്പിന്റെ നിഗമനം. മേഖലയിൽ 3 ക്യാമറകൾകൂടി വയ്ക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു കടുവയെ കൂടുവച്ച് പിടികൂടണം എന്നാണു നാട്ടുകാരുടെ ആവശ്യം.
കൊട്ടിയൂർ റേഞ്ചർ പി. നിധിൻരാജിനു നാട്ടുകാർ നിവേദനവും നൽകിയിരുന്നു.
കൃത്യമായ സ്ഥിരീകരണം ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട്സ് സ്കൂളിൽ എൽപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ഇന്ന് മാനേജർ അവധി പ്രഖ്യാപിച്ചു. കടുവയെ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരപരിധിക്കുള്ളിലാണ് സ്കൂൾ ഉള്ളത്.
നടപടി സ്വീകരിക്കണം; കത്തോലിക്കാ കോൺഗ്രസ്
ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് കുന്നോത്ത് ഫൊറോനാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർഥികളും ടാപ്പിങ് തൊഴിലാളികളും ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്ര ചെയ്യുന്ന വഴിയോടു ചേർന്നാണു കടുവയെ കണ്ടത്. കൂട് സ്ഥാപിച്ചു കടുവയെ പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ഷീബ കാറുകുളം, പ്രവർത്തക സമിതി അംഗം ബെന്നി പുതിയാമ്പുറം, ഫൊറോനാ പ്രസിഡന്റ് മാത്യു വള്ളോംകോട്ട്, രൂപതാ സെക്രട്ടറി അൽഫോൻസ് കളപ്പുര, ഷാജു ഇടശ്ശേരി, ഷിബു കുന്നപ്പള്ളി, ബേബി കാശാംകാട്ടിൽ, ജോസുകുഞ്ഞ് തടത്തിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. കടുവയെ നേരിൽകണ്ട
കർഷകൻ വള്ളികാവുങ്കൽ മാത്യുവും ഭാര്യ ലീലാമ്മയും ഒപ്പമുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

