
കൂത്തുപറമ്പ് ∙ ചെറുവാഞ്ചേരിയിൽ തെരുവുനായയുടെ കടിയേറ്റ് 10 പേർക്ക് പരുക്ക്. ബുധനാഴ്ച രാത്രി ഒരാൾക്കും മറ്റുള്ളവർക്ക് ഇന്നലെ രാവിലെയുമാണ് കടിയേറ്റത്.
കണ്ണൂർ ആർടിഒ ഓഫിസ് ജീവനക്കാരനായ ചെറുവാഞ്ചേരി മുണ്ടയോട് കടവിലെ പ്രകാശനെ(45)യാണ് ബുധനാഴ്ച രാത്രി തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോലി കഴിഞ്ഞ് ടൗണിൽ എത്തിയ ശേഷം കുടുംബവുമൊത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കണ്ണവം റോഡിൽ വില്ലേജ് ഓഫിസ് പരിസരത്ത് നായയുടെ കടിയേറ്റത്.
സമീപത്തെ കടയിലേക്ക് നടന്നു പോകുമ്പോൾ കൂട്ടമായി എത്തിയ നായകളിലൊന്ന് ചാടി കടിക്കുകയായിരുന്നു. വലത് കാലിനാണ് പരുക്കേറ്റത്.
കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സമീപത്ത് കടകളിൽ നിന്നവരെയും നായ ആക്രമിക്കാൻ ശ്രമിച്ചു.
പരിസരത്തുള്ള ജിമ്മിൽ പരിശീലനത്തിന് എത്തിയവർ ഓടി മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെയാണ് മറ്റുള്ളവർക്ക് കടിയേറ്റത്. ചെറുവാഞ്ചേരി യുപി സ്കൂൾ റിട്ട.അധ്യാപകൻ ചെറുവാഞ്ചേരിയിലെ സി.വി.ശ്രീവത്സനെ(65) കടിയേറ്റ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ടൗണിൽ സ്കൂട്ടറുമായി നിൽക്കുകയായിരുന്ന ശ്രീവത്സനെ ഓടിവന്ന നായ കാലിന് കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. കണ്ണവം റോഡിലെ ചിക്കൻ സ്റ്റാളിൽ ജീവനക്കാരനായ സനൽകുമാറിനെ(40) കടയിൽ കയറിയാണ് നായ കടിച്ചത്.
രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും ടൗണിൽ വച്ച് കടിയേറ്റു.
ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ടൗണിൽ മഞ്ഞാമ്പ്രം സ്വദേശിയായ ഒരാൾക്കും് കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും കടിയേറ്റിട്ടുണ്ട്.
ടൗണിൽ വച്ചുതന്നെ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി ആര്യദേവി(15)ന് കടിയേറ്റു. നായയെ വൈകുന്നേരത്തോടെ ടൗണിന് സമീപം ചത്ത നിലയിൽ കണ്ടെത്തി. മാസങ്ങളായി കണ്ണവം റോഡിലെ വില്ലേജ് ഓഫിസ് പരിസരത്തും ടൗണിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം കണ്ണാടിച്ചാൽ റോഡിൽ നായ പിറകെ ഓടിയതിനെ തുടർന്ന് സ്കൂൾ വിദ്യാർഥിക്ക് വീണ് പരുക്കേറ്റിരുന്നു.
‘മേഖലയിൽ ഭീതി’
ചെറുവാഞ്ചേരി ∙ തെരുവുനായ്ക്കളുടെ വിളയാട്ടം ചെറുവാഞ്ചേരി മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.ദാമോദരൻ പറഞ്ഞു. മുൻപ് പല സന്ദർഭങ്ങളിലും തെരുവ് നായ്ക്കളുടെ വിഹാരം വർധിക്കുകയും പലർക്കും അക്രമം നേരിടേണ്ടി വരികയും ചെയ്തപ്പോൾ ഇക്കാര്യങ്ങൾ എല്ലാം പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും വിഷയത്തിൽ ഗൗരവപരമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ടൗണിൽ കഴിഞ്ഞ ദിവസം പത്തോളം പേർക്ക് തെരുവ് പട്ടികളുടെ അക്രമത്തിൽ പരുക്കേറ്റത് ഭീതിതമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]