
കോളിയടുക്കം∙ വയലിൽ പശുവിനെ കെട്ടാൻപോയ കർഷകൻ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് മരിച്ചു. പശുവും ചത്തു.ചെമ്മനാട് പഞ്ചായത്ത് വയലാംകുഴി പച്ചളംകര വീട്ടിൽ മേലത്ത് കുഞ്ഞിക്കുണ്ടൻ നായർ (കുഞ്ഞൂണ്ടൻ–84) ആണ് മരിച്ചത്.
പശുവിനെ കെട്ടാൻ രാവിലെ 8ന് വീട്ടിൽനിന്നു പോയതാണ്. ഏറെനേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന്, കോളിയടുക്കം അപ്സര പബ്ലിക് സ്കൂൾ വാൻ ഡ്രൈവറായ മകൻ രാജേഷും മറ്റു രണ്ടുപേരും ചേർന്ന് വയലിനു സമീപത്തെ കമുകിൻതോട്ടത്തിൽ എത്തിയപ്പോഴാണു പൊട്ടിയ വൈദ്യുതക്കമ്പിയും സമീപത്ത് ചത്ത പശുവിനെയും കണ്ടത്.ചട്ടഞ്ചാലിലെ വൈദ്യുതി ഓഫിസിൽ അറിയിച്ചതിനെത്തുടർന്ന് വൈദ്യുതി ഓഫ് ചെയ്തു.
തുടർന്ന് വയലിൽ എത്തിയപ്പോഴാണ് വീണുകിടക്കുന്ന കുഞ്ഞൂണ്ടൻ നായരെ കണ്ടത്.
ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ സൊസൈറ്റിയിൽ പാൽ നൽകി വിദ്യാർഥികളെ സ്കൂളിൽ എത്തിച്ച ശേഷം രാജേഷാണ് സാധാരണ പശുവിനെ കൊണ്ടുപോകാറുള്ളത്.കഴിഞ്ഞദിവസം കാറ്റിലും മഴയിലും ഇവരുടെ ബന്ധുവിന്റെ പറമ്പിലെ കമുക് വൈദ്യുതലൈനിലേക്കു വീഴുകയും വൈദ്യുതത്തൂൺ ചെരിയുകയും ചെയ്തിരുന്നു.കമ്പി വലിഞ്ഞു പൊട്ടിയതാകുമെന്നാണ് അധികൃതർ പറയുന്നത്.
പശുവിന്റെ ദേഹത്തുവീണ കമ്പി മാറ്റുന്നതിനിടെയാകാം കുഞ്ഞൂണ്ടൻ നായർക്ക് ഷോക്കേറ്റതെന്നു കരുതുന്നു. സംസ്കാരം നടത്തി.ഭാര്യ കരിച്ചേരി സാവിത്രി.
മറ്റുമക്കൾ: കെ.ശാന്തകുമാരി (അധ്യാപിക ദഖീറത്ത് ഇംഗ്ലിഷ് മീഡിയം സ്കൂൾ തളങ്കര), കെ.ശ്യാമളകുമാരി (അധ്യാപിക, ഗ്രീൻവുഡ്സ് സ്കൂൾ, പാലക്കുന്ന്) കെ.രാജേശ്വരി. മരുമക്കൾ: ദിലീപ്, മണികണ്ഠൻ.
അപകടകരം ഈ കമ്പികൾ;വേണം അതീവശ്രദ്ധ
കോളിയടുക്കം ∙ ജില്ലയിൽ തോട്ടങ്ങളിലൂടെയുള്ള വൈദ്യുതലൈനുകൾ അപകടകരമായ രീതിയിലാണു പലയിടത്തും കടന്നു പോകുന്നത്.
ചിലയിടങ്ങളിൽ വൈദ്യുതക്കമ്പിയിൽ കറുത്ത പൈപ്പിട്ടാണു ലൈൻ വലിക്കുന്നത്.തോട്ടം ഉടമകളാണ് ഇതു വാങ്ങി നൽകുന്നത്. ഇതിനുപുറമേ, വൈദ്യുതക്കമ്പികൾ ഒഴിവാക്കി യുജി കേബിളിലൂടെയും കണക്ഷൻ നൽകുന്നു.ഇതിനു ഭാരിച്ച തുകയായതിനാൽ പലരും ഇതിൽനിന്നു പിന്മാറുകയാണ്.കൃഷി ആവശ്യത്തിനു മോട്ടർ പമ്പിലേക്കു വർഷങ്ങൾക്കു മുൻപേ നൽകിയ കണക്ഷനുകളാണു തോട്ടങ്ങളിലേറെയും.
വൈദ്യുതി കണക്ഷനുള്ള കമ്പികൾ വലിക്കുന്ന പ്രദേശത്ത് ആ സമയത്തു തൈകൾ ഒന്നും ഉണ്ടാകില്ല. ക്രമേണ കമുക്, തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷി ആരംഭിക്കും.ഇതു പിന്നീടു വൈദ്യുതക്കമ്പികളുടെ സമീപത്തുകൂടെ കടന്നുപോകുന്ന സ്ഥിതി വരും.
ശക്തമായ കാറ്റിലും മഴയിലും കമുക് വൈദ്യുതക്കമ്പികളിലേക്കു പൊട്ടി വീഴുന്നതു ജില്ലയിൽ നിത്യസംഭവമാണ്.
തോട്ടങ്ങളിലൂടെ അശാസ്ത്രീയമായി വൈദ്യുതക്കമ്പി; നഷ്ടമായത് ഒരു ജീവൻ
കോളിയടുക്കം ∙ പൊട്ടിവീണ കമ്പിയിൽനിന്നു ഷോക്കേറ്റു കർഷകൻ മരിച്ചതിൽ അധികൃതരുടെ ജാഗ്രത കുറവെന്ന ആരോപണവുമായി നാട്ടുകാർ. അപകടത്തിന് ഇടയാക്കിയതിന്റെ കാരണത്തെക്കുറിച്ചു വൈദ്യുതി വകുപ്പ് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
വിവിധ സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പിയിലേക്കു വീണ കമുക് കഴിഞ്ഞദിവസം സമീപവാസികൾ മുറിച്ചു മാറ്റിയിരുന്നു.
ഇതിനിടെ കമ്പി പൊട്ടിയത് ഇവർ കാണാത്തതാണോ എന്നും സംശയമുണ്ട്.7 കണക്ഷനുകളാണ് അപകടം നടന്ന സ്ഥലത്തെ തോട്ടത്തിലൂടെ കടന്നു പോകുന്നത്. മോട്ടർ പമ്പിലേക്കുള്ള കണക്ഷൻ കമ്പിയാണു പൊട്ടിവീണത് എന്നതിനാലും മഴക്കാലത്തു മോട്ടർ പമ്പ് ഉപയോഗിക്കാത്തതിനാലും വൈദ്യുതിയില്ലാത്തത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.
കമ്പി പൊട്ടിയ വിവരം നാട്ടുകാർ പോലും അറിയുന്നത് ഇന്നലെ രാവിലെ അപകടത്തിനു ശേഷമാണ്.ഇവിടെ വൈദ്യുതക്കമ്പികൾ ഏറെയും കടന്നു പോകുന്നതു കമുകുകൾക്ക് ഇടയിലൂടെയാണ്.
എൽടി ലൈനിനു മുകളിലെ കമ്പികൾ കൂട്ടി മുട്ടാതിരിക്കാൻ കമ്പികൾ തമ്മിൽ ബന്ധിപ്പിച്ചിരുന്നു. കാലവർഷത്തിനു മുൻപേ വൈദ്യുതക്കമ്പികളിൽ മുട്ടുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാനെത്തുന്നവർ അപകടകരമായ രീതിയിലുള്ള കമുക് ഉൾപ്പെടെ മുറിച്ചു മാറ്റിയില്ലെന്നു നാട്ടുകാർ ആരോപിച്ചു.എന്നാൽ വൈദ്യുതക്കമ്പിയിൽ മുട്ടുന്ന കമുക് മുറിച്ചു മാറ്റണമെന്നു പറയുമ്പോൾ കർഷകർ തടസ്സം നിൽക്കുകയാണെന്നു വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]