
ഇരിട്ടി ∙ വാഴക്കർഷകൻ ജോണി യോയാക്കിനോടു ചതി തുടർന്നു കാലാവസ്ഥ. കനത്ത മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ കുലച്ചതും കുലയ്ക്കാറായതുമായ ആയിരത്തിമുന്നൂറോളം നേന്ത്രവാഴകളാണ് നിലംപൊത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മഴയിൽ വെള്ളം കെട്ടിനിന്നു രോഗബാധ ഉണ്ടായി ആയിരത്തോളം വാഴകൾ നശിച്ചിരുന്നു. ഇരിട്ടി നേരംപോക്ക് റോഡിലും പെരുവംപറമ്പിലും സ്ഥലം പാട്ടത്തിനെടുത്തു നടത്തിയ കൃഷിയിടത്തിലാണ് കാറ്റ് നാശം വിതച്ചത്.കഴിഞ്ഞവർഷത്തെ അനുഭവത്തിൽ ഇക്കുറി കാറ്റിനെ പ്രതിരോധിക്കാൻ വാഴകൾ തമ്മിൽ പല ഭാഗങ്ങളിലേക്കും ബന്ധിപ്പിച്ചു പരസ്പരം കെട്ടി നിർത്തിയിരുന്നു.
ഇതെല്ലാം തകർത്താണു കാറ്റ് നാശം വിതച്ചത്. 15 മുതൽ 25 കിലോ വരെ തൂക്കം വരുന്ന വാഴക്കുലകളാണു നശിച്ചത്.
മൂപ്പെത്താത്തിനാൽ കറിക്കായ വിപണി പോലും കിട്ടില്ലെന്ന് ജോണി യോയാക്ക് പറഞ്ഞു.
2022 മുതൽ നഷ്ടപരിഹാരമില്ല
ഇൻഷുർ ചെയ്ത വാഴകൾക്കു നഷ്ടപരിഹാരം ഒരു വർഷത്തിനുള്ളിൽ ലഭിക്കുന്നുണ്ടെങ്കിലും പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ നിന്നു സർക്കാർ സഹായമായി കുലച്ച വാഴയ്ക്ക് 100 രൂപ പ്രകാരം ലഭിക്കേണ്ട തുക 2022 മുതൽ ലഭിക്കുന്നില്ല.
3 ലക്ഷത്തോളം രൂപം ഇപ്രകാരം കിട്ടാനുണ്ട്.നഷ്ടമുണ്ടാകുമ്പോൾ കൃഷി വകുപ്പ് സംഘം സ്ഥലത്തെത്തി നഷ്ടപ്പെട്ട വിളകളുടെ കണക്കെടുത്ത് പോകും.
പിന്നീട് പലതവണ കൃഷി ഓഫിസുകളിൽ കയറിയിറങ്ങിയാലും നഷ്ടപരിഹാരം ലഭിക്കില്ല. ഫണ്ട് കിട്ടുന്ന മുറയ്ക്ക് നഷ്ടപരിഹാരം അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന കത്താണു ജോണിക്കു ലഭിച്ചത്.
കഴിഞ്ഞ മേയ് അവസാനം 2300 വാഴകൾ നശിച്ച വകയിൽ 7 ലക്ഷം രൂപയോളം ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കാനുണ്ട്.മനസ്സ് മടുത്തതായും കൃഷിരംഗത്തുനിന്നു പിന്മാറുന്ന കാര്യം പോലും ചിന്തിച്ചുപോകുകയാണെന്നും ജോണി യോയാക്ക് പറഞ്ഞു.
8 – 10 മാസം വരെ പ്രായമെത്തിയ വാഴകൾ രോഗബാധ മൂലം കുല പുറത്തേക്കു തള്ളാൻ കഴിയാത്ത അവസ്ഥയിൽ മറിഞ്ഞുവീഴുമ്പോൾ അതിനു കുലവരാത്ത കണക്കിൽ മാത്രമേ നഷ്ടം നൽകുന്നുള്ളൂ. കർഷകനോടു കാരുണ്യമില്ലാതെ പെരുമാറുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നിരാശപ്പെടുത്തകയാണെന്നു ജോണി യോയാക്ക് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]