
മഴക്കാലമെന്നു കേട്ടാൽ മലയോരത്തെ ചില മേഖലകളിൽ ഭീതി പടരും. കാറ്റും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമെല്ലാം മലയോരത്തിന്റെ വിവിധ മേഖലകളെ ദിനംപ്രതി ആശങ്കയിലാഴ്ത്തുന്നു.
ജീവിതകാലം മുഴുവൻ ഈ ദുരിതവും ആധിയും പേറണമോയെന്ന പ്രദേശവാസികളുടെ ചോദ്യത്തിന് ആർക്കും മറുപടിയില്ല.
മറന്നോ പൂളക്കുറ്റി ?
ഭൂമിയിലെ വിള്ളൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ നിഴലിലാണ് കണിച്ചാർ പഞ്ചായത്തിന്റെ മലയോരം. സെമിനാരി വില്ല മുതൽ വയനാട് ജില്ലയിലെ പേര്യ ചുരം വരെയുള്ള പ്രദേശമാണ് പ്രകൃതി ദുരന്തങ്ങളുടെ നിഴലിൽ ഉള്ളത്.
കഴിഞ്ഞവർഷം സെമിനാരി വില്ലയ്ക്കു സമീപം ഭൂമിയിൽ വിള്ളൽ കണ്ടെത്തുകയും ചുരം മേഖലയിൽ ചന്ദനത്തോടിനു സമീപം തലശ്ശേരി ബാവലി സംസ്ഥാനാന്തരപാത തകരുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റിലായിരുന്നു പൂളക്കുറ്റി ദുരന്തം.
35 കോടി രൂപയുടെ നഷ്ടം കണക്കാക്കിയെങ്കിലും നഷ്ടപരിഹാരം എത്രത്തോളം നൽകിയെന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ കണക്കു ലഭിച്ചിട്ടില്ല.പൂളക്കുറ്റി, ഏലപ്പീടിക, നെടുംപുറംചാൽ മേഖലകളെ ബാധിച്ച പ്രകൃതിദുരന്തത്തെ അതിജീവിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് എംഎൽഎയും എംപിയും ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. അന്നു വീടു നഷ്ടപ്പെട്ടവരിൽ പലരും ഇന്നും ഭവനരഹിതരാണ്.
ഇന്നും ഈ മേഖലയിലുള്ളവർക്കു മഴക്കാലം പേടിയാണ്.
ഉള്ളുനീറി സഹദേവൻ
എല്ലാ മഴക്കാലത്തും പാലയോട്ടെ കാരാത്താൻ സഹദേവനു വീടു മാറണം. കീഴല്ലൂർ പഞ്ചായത്തിലെ പാലയോട്ട് താഴ്ന്ന പ്രദേശത്താണ് സഹദേവന്റെ വീട്.
മഴ കനത്തു പെയ്യുമ്പോൾ പുഴയിൽനിന്നു വെള്ളം കയറി വീട് മുങ്ങും. വീടിനോടു ചേർന്നുള്ള കൃഷി നശിക്കുന്നതും പതിവാണ്.പുഴക്കരയിൽ ഭിത്തികെട്ടി ഉയർത്തിയാൽ വെള്ളം കയറുന്നത് ഒഴിവാക്കാനാകും.
കീഴല്ലൂർ അണക്കെട്ടിനോടു ചേർന്ന പുഴയാണിത്. അതുകൊണ്ട് വേനൽക്കാലത്ത് കുടിവെള്ളം സംഭരിക്കാൻ അണക്കെട്ട് അടച്ച് പരമാവധി വെള്ളം കെട്ടി നിർത്തുമ്പോഴും സഹദേവന്റെ വീട്ടിൽ വെള്ളം കയറും. പരിഹാരം ആവശ്യപ്പെട്ട് ജലവിഭവ വകുപ്പിനും മരാമത്ത് വകുപ്പിനും പല തവണ നിവേദനം നൽകിയെങ്കിലും പരിഗണന ലഭിച്ചില്ല.
അണക്കെട്ടിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടിയാൽ ഒരു പരിധി വരെ വെള്ളപ്പൊക്കം ഒഴിവാക്കാനാകുമെന്ന് സഹദേവൻ പറയുന്നു.
കൈലാസംപടി ഭൂമിയിലെ വിള്ളൽ
കേളകം പഞ്ചായത്തിലെ കൈലാസംപടിയിൽ, ഭൂമിയിലെ വിള്ളൽ 2004ൽ തുടങ്ങിയതാണ്. 2018ൽ പ്രതിസന്ധി രൂക്ഷമായി.
ആദ്യ ഘട്ടത്തിൽ 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. നിലവിൽ 11 കുടുംബങ്ങളെ അടിയന്തരമായി മാറ്റേണ്ടതുണ്ട്.
അതിൽ 5 കുടുംബങ്ങൾ വാടകവീടുകളിലേക്കു മാറി. ബാക്കിയുള്ളവരെ എന്നു മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഓരോ ദിവസവും ഭീതിയോടെ തള്ളിനീക്കി അവരവിടെ തുടരുന്നു.
ഇരച്ചെത്തും വെള്ളം !
കണ്ണൂർ വിമാനത്താവളത്തിന്റെ സമീപമുള്ള കനാട്, കോളിപ്പാലം പ്രദേശത്ത് മഴക്കാലത്ത് റൺവേ പരിസരത്ത് നിന്ന് വെള്ളം ഒഴുകിയെത്തി പ്രദേശവാസികൾ ദുരിതത്തിലായിട്ടുണ്ട്.2017ലാണ് ആദ്യമായി റൺവേ പരിസരത്ത് നിന്ന് വെള്ളം ഒഴുകിയെത്തിയത്.
അന്ന് കിയാൽ അധികൃതർ കൂടി മുൻകൈ എടുത്തത് ആളുകളെ ഒഴിപ്പിച്ചു. റൺവേ 4,000 മീറ്റർ ആയി ഉയർത്താൻ വേണ്ടി ഏറ്റെടുക്കാൻ ധാരണയായ സ്ഥലം ആയതിനാൽ ഭൂമി ഏറ്റെടുക്കുമെന്ന ഉറപ്പിൽ ആളുകളെ ഒഴിപ്പിച്ചു.
കുറച്ചുനാൾ വാടക കൊടുത്തെങ്കിലും പിന്നീട് വാടക നൽകിയില്ല. വീടുകൾ എല്ലാം താമസയോഗ്യമാകാതെ വന്നതോടെ ആളുകൾക്ക് ഇങ്ങോട്ട് വരാനും കഴിഞ്ഞില്ല.
വീടുകൾ പലതും തകർന്ന് വീണു. സ്ഥലം കാട് പിടിച്ചു.
ഓരോ മഴയത്തും ചെളിയും മണ്ണും ഒഴുകിയെത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ 8 വർഷങ്ങൾക്ക് ഇപ്പുറവും എങ്ങും എത്തിയില്ല.ഇതുപോലെയാണ് കീഴല്ലൂർ ചെക്ഡാമിന്റെ പരിസരത്തുള്ള പ്രദേശങ്ങളും.
കീഴല്ലൂർ പഞ്ചായത്തിലെ കീഴല്ലൂർ, വളയാൽ തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാ മഴക്കാലത്തും വീടുകളിൽ വെള്ളം കയറും. പുഴയും ചെക്ഡാമും തോടും കനാലും ചുറ്റിലുമുള്ള, താഴ്ന്ന പ്രദേശമായതിനാൽ വെള്ളം കയറാതെ വീടുകളെ സംരക്ഷിക്കാനും പാടാണ്.
കഴിഞ്ഞ മഴക്കാലത്ത് ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് കീഴല്ലൂർ പഞ്ചായത്ത് ഒരാഴ്ചയിൽ അധികം ദുരിതാശ്വാസ ക്യാംപ് തുറന്നിരുന്നു.
കൊട്ടിയൂർ ബോയ്സ് ടൗൺ റോഡും പേര്യ ചുരം റോഡും
കണ്ണൂർ–വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡാണ് മലയോരത്തിന്റെ നെഞ്ചിടിപ്പു വർധിപ്പിക്കുന്ന മറ്റൊരു പതിവുവിഷയം. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഒട്ടേറെത്തവണയാണ് ഈ റോഡ് തകർന്നത്.
ഈ വർഷം മണ്ണിടിച്ചിലും കല്ലുവീഴ്ചയും ഉണ്ടായി. രാത്രി ഗതാഗതത്തിന് ഇപ്പോഴും നിയന്ത്രണം ഏർപ്പെടുത്തിയ നിലയിലാണ് റോഡ്.
ഏതാനും വർഷങ്ങൾക്കു മുൻപു വരെ വലിയ വയനാട്–കണ്ണൂർ യാത്രക്കാർക്കു വലിയ പ്രതിസന്ധി ഒന്നും സൃഷ്ടിക്കാത്ത റോഡായിരുന്നു തലശ്ശേരി ബാവലി സംസ്ഥാനാന്തര പാത. എന്നാൽ 2022ൽ പേര്യ, നെടുംപൊയിൽ ചുരം പ്രദേശങ്ങളിലെ വനമേഖലകളിൽ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുമ്പോൾ ഗതാഗതം മുടങ്ങുന്നതു പതിവായി.
കഴിഞ്ഞവർഷം മേഖലയിൽ പലയിടത്തും വിള്ളൽ രൂപപ്പെടുകയും ചന്ദനത്തോട്ടിൽ റോഡ് തകരുകയും ചെയ്തു. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കാൻ കൂടുതൽ ബദൽ പാതകൾ വേണമെന്ന ആവശ്യം ഇപ്പോൾ ശക്തമാണ്. കൊട്ടിയൂർ പഞ്ചായത്തിനു പാട്ടത്തിനു നൽകിയ ഭൂമിയിലുള്ള കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44–ാം മൈൽ റോഡ് ഉടൻ തുറന്നു കൊടുക്കണമെന്നും ആവശ്യമുണ്ട്.
വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന എല്ലാ റോഡുകളുടെയും സാധ്യതകൾ പരിശോധിക്കണമെന്നും ആവശ്യമുണ്ട്.
ഉരുൾപൊട്ടൽ ഭീതിയിൽ കാപ്പിമല ഫർലോങ്കര
ആലക്കോട് പഞ്ചായത്തിലെ കാപ്പിമല ഫർലോങ്കര നിവാസികൾക്ക് മഴക്കാലം പേടിസ്വപ്നമാണ്. മഴ ശക്തമാകുന്നതോടെ ഉരുൾപൊട്ടുമോയെന്ന ഭീതിയിലാണ് പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെയുള്ള നാൽപതോളം കുടുംബങ്ങൾ ഇവിടെ കഴിയുന്നത്.
മഴക്കാലത്ത് ചില കുടുംബങ്ങൾ മാറിത്താമസിക്കുമെങ്കിലും മഴ കുറയുന്നതോടെ തിരിച്ചെത്തും. ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതും കാത്തുസൂക്ഷിച്ചതുമായ പലതും ഇട്ടെറിഞ്ഞിട്ടു പോകുന്നത് എങ്ങനെയാണെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. 2000, 2016, 2018, 2023 വർഷങ്ങളിലാണ് ഇവിടെ ഉരുൾപൊട്ടിയത്.
2016ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചു പോകുകയും ഏക്കർക്കണക്കിനു കൃഷിയിടം നശിക്കുകയും ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]