കണ്ണൂർ ∙ ഇടതു മുന്നണിക്കു ഭരണം ലഭിച്ച ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റായി ബിനോയ് കുര്യനും (48) വൈസ് പ്രസിഡന്റായി ടി. ഷബ്ന യും (47) തിരഞ്ഞെടുക്കപ്പെട്ടു.
25 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ 18 വോട്ട് ബിനോയ് കുര്യനും 7 വോട്ട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോർജ് ജോസഫിനും ലഭിച്ചു. പെരളശ്ശേരി ഡിവിഷനിൽ നിന്നു വിജയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ബിനോയ് കുര്യൻ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിനോയ് കുര്യനെ കുറുമാത്തൂർ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം എ.
പ്രദീപൻ നിർദേശിച്ചപ്പോൾ പരിയാരം ഡിവിഷൻ അംഗം പി. രവീന്ദ്രൻ പിന്താങ്ങി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിർ സ്ഥാനാർഥി ഉണ്ടാകാതിരുന്നതിനെ തുടർന്ന് വോട്ടെടുപ്പില്ലാതെ തന്നെ ഷബ്ന തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വരണാധികാരി കൂടിയായ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പി. പി.ദിവ്യ, കെ.
കെ. രത്നകുമാരി എന്നിവർ ചേർന്ന് ബിനോയ് കുര്യനെ പ്രസിഡന്റിന്റെ കസേരയിലേക്ക് ആനയിച്ചു.
എഡിഎം നവീൻ മോഹൻ ആത്മഹത്യ ചെയ്തതിനെ തുടർന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച പി.പി.ദിവ്യ, ബിനോയ് കുര്യന് ഡി.ഡി.രാമകൃഷ്ണൻ രചിച്ച ‘കാലം, ലോകം, കലഹം എഴുത്തും നിലപാടുകളും’ എന്ന പുസ്തകം സമ്മാനിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ.വി.ശിവദാസൻ എംപി, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, കെസിസിപിഎൽ ചെയർമാൻ ടി.വി.രാജേഷ്, ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കാരായി രാജൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അനുമോദിച്ചു. ബിനോയ് കുര്യന്റെ പിതാവ് കുര്യൻ, ഭാര്യ കെ.ജെ.ബിൻസി, മക്കളായ ഡോൺ, ഡിയോൺ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. ജില്ലയിൽ കാർഷിക മേഖലയിൽ പുതിയ സാങ്കേതിക വിദ്യകളും സാധ്യതകളും ഉപയോഗപ്പെടുത്തി കൃഷി കൂടുതൽ ആദായകരമാക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കുമെന്നു ബിനോയ് കുര്യൻ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

