പാപ്പിനിശ്ശേരി ∙ കുട്ടികൾക്ക് സ്കൂളിലേക്ക് നടന്നുപോകാനുള്ള വഴിയെങ്കിലും ബാക്കി വയ്ക്കുമോയെന്ന സംശയം ഉയരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വേളാപുരം ജംക്ഷൻ കോൺക്രീറ്റ് ബാരിക്കേഡുകൾവച്ച് പൂർണമായും കൊട്ടിയടച്ചു.
ഇതോടെ ദേശീയപാതയുടെ അക്കരെയിക്കരെ കടക്കാനുള്ള കാൽനടയാത്രയും ദുഷ്കരമായി. അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെയടക്കം നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തു കൂടെ പ്രയാസപ്പെട്ടാണു കടന്നുപോകുന്നത്.
ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
വേളാപുരത്ത് റോഡ് അടച്ചതോടെ കണ്ണൂരിൽ നിന്ന് അരോളി–മാങ്കടവ്–പറശ്ശിനിക്കടവ് റോഡിലേക്കു പോകുന്ന ബസുകളും മറ്റു വാഹനങ്ങളും കീച്ചേരിയിലെ അടിപ്പാത വഴി കടന്നു തിരിച്ചുവരണം. വീതികുറഞ്ഞ സർവീസ് റോഡ് വഴി അമിത വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനമൊന്നും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടില്ല.
കോൺക്രീറ്റ് ബാരിയറുകളുടെ ഇടയിലൂടെ സർവീസ് റോഡിലേക്ക് കടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
മുൻപ് സ്ഥാപിച്ച 2 മീറ്റർ വീതിയും 2.2 മീറ്റർ ഉയരവുമുള്ള ബോക്സ് ടൈപ്പ് അടിപ്പാത നീക്കം ചെയ്താണു റോഡ് നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. സ്ഥലത്ത് വീതി കൂടിയ അടിപ്പാത നിർമിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ആയിട്ടില്ല.
ഒട്ടേറെ ബസുകൾ സർവീസ് നടത്തുന്ന അരോളി റോഡിലേക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. അടിപ്പാത വീതികൂട്ടി നിർമിച്ചില്ലെങ്കിൽ അരോളി റോഡ് വഴിയുള്ള ബസ് സർവീസ് തടസ്സപ്പെടുമെന്ന ആശങ്കയിലാണു നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

