
രാത്രി ജോലി ചെയ്തു പകൽ പഠിച്ച് ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ചെറുപുഴ സ്വദേശിയായ അബിൻ മൈക്കിൾ ഇരുപത്തിമൂന്നാം വയസ്സിൽ തന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു. കുടുംബത്തിലെ സാമ്പത്തിക വെല്ലുവിളികൾ കാരണം കോളജ് കാലത്ത് സ്വന്തം കമ്പനി തുടങ്ങാനുള്ള സ്വപ്നം മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും, ധൈര്യവും കഠിനാധ്വാനവും ആയിരുന്നു അബിന്റെ വിജയത്തിന്റെ അടിത്തറ.
അബിൻ ഇന്ന് ടോസ്ക്രോൾ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായി, ആഗോള ടെക് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്.2022ൽ ബിസിഎ അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് മുൻപ് സൈബർ പാർക്കിൽ ജോലി നേടി. രാത്രിയിൽ ജോലി ചെയ്തു പകൽ പഠനം തുടരുകയായിരുന്നു.
തുടർന്ന് ടെക്നോപാർക്ക് വഴി സമ്പാദ്യം കണ്ടെത്തി, കമ്പനി തുടങ്ങാനുള്ള ആദ്യപടി നടപ്പാക്കി.താൻ പഠിച്ച ചെറുപുഴ നവജ്യോതി കോളജിലെ ക്ലാസ് മുറി തന്നെയാണ് ടോസ്ക്രോളിന്റെ ആദ്യ ഓഫിസ്.
അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ തുടക്കത്തിൽ വെറും മൂന്ന് പേർക്ക് തൊഴിൽ നൽകിയ കമ്പനി ഇന്ന് പത്തിലധികം വിദഗ്ധർ ചേർന്ന് പ്രവർത്തിക്കുന്ന ഡിജിറ്റൽ സൊല്യൂഷൻസ് സ്ഥാപനമായി വളർന്നു. ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് സേവനത്തിനായി വിവിധ സ്ഥാപനങ്ങൾ ഇവിടെ എത്തുന്നു.
വിദ്യാർഥികൾക്കായി മൂന്ന് മുതൽ ആറ് മാസം വരെ പ്രായോഗിക പരിശീലനം നൽകി വരുന്നു.അടുത്ത 3 വർഷത്തിനുള്ളിൽ 1 മില്യൻ യുഎസ് ഡോളർ (8.3 കോടി) ഇന്ത്യയിൽ നിക്ഷേപം ലക്ഷ്യം വയ്ക്കുകയാണ് അബിൻ. എറണാകുളം,ദുബായ് എന്നിവിടങ്ങളിൽ പുതിയ ശാഖ ഉടൻ ആരംഭിക്കും.അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെ രാജ്യാന്തര വിപണികളിലേക്ക് തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ ഉപയോഗിച്ച് പരീക്ഷണങ്ങളും നടത്തുന്നു. മാതാപിതാക്കളായ ബിജു തോമസും ശോഭാ ബിജുവും മകന്റെ യാത്രകൾക്ക് ഊർജം പകരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]