
ദേശീയ മത്സരമായ മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഫൈനൽ റൗണ്ടിൽ മത്സരിച്ച 20 പേരിൽ ഒരാളായിരുന്നു പയ്യന്നൂർ സ്വദേശി ഐശ്വര്യ ശ്രീനിവാസൻ. ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള വിജയി കൂടിയാണ് ഐശ്വര്യ 1994ലാണ് ഐശ്വര്യ റായ് ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
അന്നു പയ്യന്നൂർ എരമത്തെ റിട്ട. ലഫ് കേണൽ കെ.എൻ.ശ്രീനിവാസന്റെയും എറണാകുളം ജില്ലാ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് ആർ.കെ.സതിയുടെയും മകളായ ഐശ്വര്യ ശ്രീനിവാസൻ ജനിച്ചിട്ടില്ല.
പക്ഷേ ചെറുപ്പത്തിലേ തന്നെ ഐശ്വര്യ റായിയോട് വലിയ ആരാധന പയ്യന്നൂരിന്റെ ഐശ്യര്യയുടെയും മനസ്സിൽ കയറിക്കൂടി.
പിന്നീട് 2000ത്തിൽ പ്രിയങ്ക ചോപ്ര ലോകസുന്ദരി പട്ടം നേടുമ്പോൾ ഐശ്വര്യ ശ്രീനിവാസൻ കൈക്കുഞ്ഞാണ്. 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഐശ്വര്യ ശ്രീനിവാസൻ മിസ് ഇന്ത്യ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ആദ്യമായി ടെലിവിഷനിൽ കണ്ടത്.
അന്നൊരു ആഗ്രഹം മനസ്സിൽ കുറിച്ചിട്ടു. തനിക്കും അങ്ങനെ റാംപിൽ കയറണം എന്ന ആഗ്രഹം.
2025 ഓഗസ്റ്റ് മാസം
രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ പയ്യന്നൂരിൽ നിന്നുള്ള ഐശ്വര്യ ദേശീയ തലത്തിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശ ഇന്ത്യക്കാരുമായി പങ്കെടുക്കാൻ അർഹത നേടിയ 48 പേരിലെ ഒരേയൊരു മലയാളി.
ഇവരിൽ നിന്ന് അവസാന റൗണ്ടിലെ 20 പേരിലേക്കും തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഐശ്വര്യ പുറത്തായത്.
മോഡലിങ് രംഗത്തെ ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമായ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണ് ഐശ്വര്യ ഇപ്പോഴും.
മത്സരം കഴിഞ്ഞിട്ടും പല സുപ്രധാന പേജന്റ് പേജുകളിലും ഇപ്പോഴും ഐശ്വര്യയുടെ പ്രകടനം പ്രശംസ നേടുകയാണ്. അവസാന റൗണ്ടിൽ എത്താൻ പറ്റാത്തതിന്റെ സങ്കടമുണ്ടെങ്കിലും കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ ശ്രീനിവാസൻ.
റാംപിൽ ആദ്യം പടന്നക്കാട്ടെ വേദിയിൽ
ഐശ്വര്യ ശ്രീനിവാസൻ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പയ്യന്നൂരിലെയും കണ്ണൂരിലെയും കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു പഠിച്ചത്.
പയ്യന്നൂരിലെ എൻ.വി.കൃഷ്ണൻ മാസ്റ്ററുടെ പക്കൽ നിന്ന് ചെറുപ്പം തൊട്ടേ ശാസ്ത്രീയ നൃത്തം പഠിച്ച ഐശ്വര്യയ്ക്ക് മോഡലിങ്ങിലും താൽപര്യമുണ്ടായിരുന്നു.
ചങ്ങനാശേരിയിൽ മെഡിക്കൽ കോച്ചിങ്ങിനൊപ്പമുള്ള പ്ലസ്ടു പഠനത്തിനു ശേഷം മികച്ച റാങ്ക് നേടിയെങ്കിലും മെഡിക്കൽ കോഴ്സിനു ചേരാനുള്ള ശ്രമം നടന്നില്ല.ശേഷം സീറ്റ് ലഭിച്ച പടന്നക്കാട് കാർഷിക കോളജിൽ ഒന്നാം വർഷ ബിരുദ പഠനത്തിനിടെയാണ് ഐശ്വര്യ ആദ്യമായി ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്.
2019ൽ കൊച്ചിയിൽ നടന്ന മിസ് കേരള മത്സരത്തിൽ ആദ്യ പത്തിൽ എത്തിയതോടെ ഇതാണ് തന്റെ വഴി എന്ന് ഐശ്വര്യ തിരിച്ചറിഞ്ഞു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിന്നീട് മത്സരങ്ങളിൽനിന്ന് താൽക്കാലികമായി വിട്ടുനിന്നെങ്കിലും വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ തന്റെ മനസ്സും ശരീരവും പാകപ്പെടുത്തുകയായിരുന്നു ഐശ്വര്യ.
മുംബൈയിലെത്തി മോഡലിങ് പരിശീലനം
2022ൽ ഉയർന്ന മാർക്കോടെ കാർഷിക സർവകലാശാലയിൽ നിന്നു പാസായ ഉടനെ തന്റെ സ്വപ്നങ്ങളുമായി ഐശ്വര്യ മുംബൈയിലേക്കു വണ്ടി കയറി.
പിന്നെ മുംബൈയിലെ പേജന്റു രംഗത്തെ വിദഗ്ധരുടെ കീഴിൽ 6 മാസക്കാലം മോഡലിങ് പരിശീലനം. മുംബൈയിൽ മോഡലിങ് ജോലി ചെയ്യുന്നതിനിടെയാണ് 2024ൽ ഫെമിന മിസ് ഇന്ത്യയിൽ മത്സരിക്കുന്നത്.
അതായിരുന്നു ആദ്യ ദേശീയ മത്സരവും.
അതേ വർഷം തന്നെ ഡിസംബറിൽ ബെംഗളൂരുവിൽ നടന്ന ബ്യൂട്ടി ക്വീൻ മത്സരത്തിൽ വിജയി ആയതോടെ ഐശ്വര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ നടന്ന മിസ് യൂണിവേഴ്സ് കേരള മത്സരത്തിൽ 30 മലയാളി സുന്ദരികളെ പിറകിലാക്കി കൊണ്ട് ഐശ്വര്യ മിസ് യൂണിവേഴ്സ് കേരളയുടെ കിരീടം ചൂടി.
മിസ് യൂണിവേഴ്സ് ഇന്ത്യ ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും. പ്രായം, ലിംഗം, വൈവാഹിക നില ഇതൊന്നും ഒരു തടസ്സമല്ല എന്നതാണ് മിസ് യൂണിവേഴ്സ് വേദിയെ മറ്റു സൗന്ദര്യ മത്സരങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.
ഐശ്വര്യ സംസാരിക്കുന്നു:
∙ പടന്നക്കാട് കാർഷിക കോളജിലെ അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണ ?
പടന്നക്കാട് കാർഷിക കോളജിലെ കൂട്ടുകാർ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്.
ആദ്യ മത്സരത്തിനു പോവാൻ തയാറായപ്പോൾ അന്നത്തെ കോളജ് ഡീൻ ഡോ. സുരേഷ് നൽകിയ പ്രോത്സാഹനം ഇന്നും മനസ്സിലുണ്ട്.
‘ജയിച്ചാൽ ജീവിതം മാറും’ എന്നാണ് അന്ന് സർ എന്നോട് പറഞ്ഞത്.
∙ ഏറ്റവും വലിയ ആഗ്രഹം?
മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കണം എന്നതാണ് ആഗ്രഹം.
∙ ഫാഷൻ രംഗത്തെ തുടക്കക്കാരോട് എന്താണ് പറയാനുള്ളത്?
സാഹചര്യങ്ങളെ കുറ്റപ്പെടുത്താതെ സ്വപ്നങ്ങൾക്ക് പിറകേ പോവുക, അതിനായി കഠിനാധ്വാനം ചെയ്യുക. വിജയം അത് ഒരു ദിവസം സംഭവിച്ചിരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]