
എടക്കാട് ∙ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലെ നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ച് റൂട്ടിലെ സ്വകാര്യ ബസുകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. ഇന്നലെ രാവിലെയാണ് ഓട്ടം നിർത്തിവച്ച് പണിമുടക്ക് തുടങ്ങിയത്.റൂട്ടിൽ ആവശ്യത്തിന് കെഎസ്ആർടിസി ബസുകളും ഓടിയില്ല.
ഇതുകാരണം യാത്രക്കാർ നന്നേ ബുദ്ധിമുട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തേണ്ട
വിദ്യാർഥികളും വലഞ്ഞു.
കണ്ണൂർ–തോട്ടട–തലശ്ശേരി പഴയ ദേശീയപാതയിലേക്ക് ചേരുന്ന പ്രാദേശിക റൂട്ടുകൾ കൂടുതൽ ഇല്ലാത്തത് കാരണം ഈ വകയിലും ബസുകളില്ല. കണ്ണൂരിൽ നിന്ന് കിഴുന്നയിലേക്ക് പോകുന്ന ചുരുക്കം ചില ബസുകൾ തോട്ടടയിൽനിന്ന് കിഴുന്ന ഭാഗത്തേക്ക് മാറിപ്പോകുമെന്നതിനാൽ ദേശീയപാതയിൽ തുടർന്ന് വരുന്ന ചിറക്കുതാഴെ, കാഞ്ഞങ്ങാട് പള്ളി, നടാൽ, എടക്കാട്, മുഴപ്പിലങ്ങാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ ബസുകളിൽ യാത്ര ചെയ്യാനാവില്ല.
തോട്ടട–കിഴുന്ന റൂട്ടിൽ ബസുകൾ 4 ബസുകൾ മാത്രമാണ് ഓടുന്നത് എന്നതിനാൽ തോട്ടട
മുതൽ കിഴുത്തള്ളിവരെയുള്ളവർക്കും എല്ലാ സമയവും ബസ് ലഭിക്കുകയുമില്ല. ഓണദിനങ്ങൾ തുടങ്ങിയ സമയത്ത് ബസ് ഓടാത്തത് റൂട്ടിലെ സാധാരണക്കാരായ യാത്രക്കാരെ ഏറെ ബാധിക്കും.
ഓണം പ്രമാണിച്ച് റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.അതിനിടെ റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് പോലും അധികൃതർ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ആറുവരി ദേശീയപാത നിർമാണത്തിനു വേണ്ടി നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത അടച്ചതോടെ വഴിതിരിച്ചുവിട്ട
റൂട്ടിലൂടെ ഓടാനാവില്ലെന്ന് പറഞ്ഞാണ് റൂട്ടിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവച്ച് അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതിനുമുൻപും റോഡ് അടച്ചപ്പോൾ ഇതേ ആവശ്യം ഉന്നയിച്ച് 2 തവണ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലെ യാത്രാക്ലേശം എത്രകാലം ഇങ്ങനെ ?
എടക്കാട് ∙ പുതിയ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടായിട്ടുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ നടാൽ ഒ.കെ യുപി സ്കൂളിനു സമീപം ബസുകളടക്കം വലിയ വാഹനങ്ങൾക്ക് പോകാനുള്ള വലിയ അടിപ്പാത നിർമിക്കൽ മാത്രമാണ് പോംവഴി. നടാൽ–എടക്കാട് മേഖലയിൽ ദേശീയപാത നിർമാണം പൂർത്തിയാകാറായ സാഹചര്യത്തിൽ ഇവിടെ അടിപ്പാത നിർമിക്കാനാവില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ദേശീയപാത നിർമാണ പ്ലാൻ അനുസരിച്ച് നിലവിലുള്ളതിൽനിന്ന് 7 കിലോ മീറ്റർ അധികദൂരം ഓടിയാൽ കണ്ണൂരിൽനിന്ന് തോട്ടടവഴി തലശ്ശേരിയിലേക്ക് സർവീസ് നടത്താനാവും.
ഇത്തരത്തിൽ അധികദൂരം ഓടാനാവില്ലെന്നാണ് റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പറയുന്നത്. അധികദൂരം ഓടേണ്ട
സാഹചര്യം ഉണ്ടായാൽ യാത്രക്കാർ ബസുകളിൽ കയറില്ല. ടിക്കറ്റ് നിരക്ക് കൂട്ടാനുമാവില്ലെന്ന് ഇവർ വാദിക്കുന്നു.
യാത്രാ ക്ലേശം മുൻകൂട്ടിക്കണ്ട് നേരത്തെ നടാൽ–എടക്കാട് മേഖലയിലെ നാട്ടുകാർ ഉൾപ്പെട്ട കർമ സമിതിയുടെ അടിപ്പാത ആവശ്യം കേട്ടില്ലെന്ന് നടിച്ച ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും ഇപ്പോഴുണ്ടായ പ്രതിസന്ധിയിൽ താൽക്കാലികമായ ഒഴികഴിവുകൾ പറഞ്ഞ് ഉരുണ്ടുകളിക്കുകയാണെന്നാണ് ആരോപണം. കരാർ കമ്പനി റോഡ് അടയ്ക്കുമ്പോൾ പൊടുന്നനെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തും.
യാത്രാ ക്ലേശത്തിൽ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കും. ഈ സമയം ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളുമെത്തി തൽക്കാലത്തേക്ക് റോഡ് തുറന്നുകൊടുക്കണമെന്ന് പറയും.
തുടർന്ന് റോഡ് തുറക്കുമെങ്കിലും സർവീസ് നിർത്തിവച്ച ബസുകൾ പിന്നീട് ഓടില്ല. അടുത്ത ദിവസം വീണ്ടും ബസ് ഓടുമ്പോൾ പിന്നെയും റോഡ് അടയ്ക്കും.തുടർന്നും സമാന അവസ്ഥ ആവർത്തിക്കും.
ഇത്തരത്തിൽ കഴിഞ്ഞ ഒന്നരയാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ ബസ് സമരമാണ് ഇപ്പോൾ നടക്കുന്നത്. ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാഗത്തുനിന്ന് ശ്രമമൊന്നും ഉണ്ടാകാത്തതിനാൽ ദിവസങ്ങളായി വലയുകയാണ് ഈ റൂട്ടിലെ സാധാരണക്കാരായ യാത്രക്കാർ.
പത്തിലധികം ചെറു ടൗണുകളടക്കം ജനസാന്ദ്രതയുള്ള റൂട്ടിലൂടെ കടന്നുപോകുന്ന കണ്ണൂർ–തോട്ടട–തലശ്ശേരി പഴയ ദേശീയപാതയിലെ ബസ് ഗതാഗതം ഇടയ്ക്കിടെ നിലയ്ക്കുന്ന അവസ്ഥയുണ്ടായിട്ടും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന പരാതി ഉയർന്നുകഴിഞ്ഞു. രണ്ടു ദിവസത്തേക്ക് റോഡ് അടയ്ക്കരുതെന്ന് കരാർ കമ്പനിയോട് നിർദേശിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞതായ വിവരം ഇന്നലെ രാവിലെ വന്നെങ്കിലും രാത്രി വൈകിയും റോഡ് തുറന്നിട്ടില്ല.
റൂട്ടിൽ ഓട്ടം നിർത്തിവച്ചുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് ഇന്നലെ വൈകിട്ട് സ്വകാര്യ ബസ് ഉടമകൾ ആവർത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]