
ദേശീയപാതാ കരാറുകാരോട് കലക്ടർ: ദുരിതം പരിഹരിച്ചേ തീരൂ; ഉത്തരവ് ദുരന്തനിവാരണ നിയമപ്രകാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ തളിപ്പറമ്പ് കുപ്പം, പരിയാരം ഭാഗങ്ങളിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും ദേശീയപാത നിർമാണത്തോട് അനുബന്ധിച്ചുള്ള മണ്ണിടിച്ചിലും വെള്ളക്കെട്ടുംമൂലം സമീപവാസികൾക്കുണ്ടായ നഷ്ടങ്ങൾ ദേശീയപാത അതോറിറ്റിയും കരാറുകാരും സമയബന്ധിതമായി പരിഹരിക്കണമെന്ന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ അരുൺ കെ.വിജയൻ ഉത്തരവിട്ടു.
ചെളിയും മണ്ണും കയറിയ വീടുകൾ കരാറുകാരുടെ ചെലവിൽ വൃത്തിയാക്കണം. വെള്ളക്കെട്ടുള്ള ഭാഗത്തെ ചെളിയും വെള്ളവും രണ്ടു ദിവസത്തിനകം പൂർണമായും നീക്കണമെന്ന് കരാറുകാരായ മേഘ, വിശ്വസമുദ്ര കമ്പനികൾക്കും ദേശീയപാത അതോറിറ്റിക്കും നിർദേശം നൽകി.ദുരന്തസാധ്യതാ പ്രദേശങ്ങൾ സംബന്ധിച്ച് പൊലീസും തദ്ദേശവകുപ്പും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുപ്രകാരം, സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോടും കരാറുകാരോടും കലക്ടർ നിർദേശിച്ചു. മഴക്കാലം കഴിയുംവരെ കരാറുകാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രത്തിലേക്ക് ആഴ്ചതോറും സ്റ്റേറ്റസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും പിഐയു എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറോട് നിർദേശിച്ചു.
ചക്കരക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് കുന്നിടിഞ്ഞു
ചക്കരക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് 25 അടിയോളം ഉയരത്തിൽ നിന്ന് കുന്നിടിച്ചിൽ. സമീപത്തെ വീടുകൾ അപകടാവസ്ഥയിലായി. കുനിമ്മൽ കെ.സുശീല, സഹോദരി കെ.ശാന്ത എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങളും അപകടഭീഷണിയിലാണ്.കുന്നിടിച്ചാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. നേരത്തേയും കനത്ത മഴയിൽ ഇവിടെ കുന്നിടിച്ചിൽ പതിവായിരുന്നു.
പരിയാരത്ത് റോഡിൽ വീണ്ടും വിള്ളൽ
പരിയാരം ദേശീയപാതയിൽ പരിയാരം ഏമ്പേറ്റ്, മെഡിക്കൽ കോളജ് ഭാഗത്ത് മണ്ണിട്ടുയർത്തി ടാറിങ് നടത്തിയ റോഡിൽ വിള്ളൽ വ്യാപകമാകുന്നു. പരിയാരം ഔഷധിക്ക് എതിർവശത്തെ സർവീസ് റോഡിലും വിള്ളലുണ്ടായി. വിള്ളൽ അടച്ചിടത്തു വീണ്ടും വിള്ളലുണ്ടായതോടെ ടാറിങ് എടുത്തുമാറ്റി വിള്ളൽ ഇല്ലാതാക്കാനുള്ള ശ്രമം ദേശീയപാത നിർമാണകമ്പനി തുടങ്ങിയിട്ടുണ്ട്.