
ഒരുമയുടെ പെരുമയായി പിണറായിപ്പെരുമ; കാത്തിരിപ്പിൽ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിണറായി∙ പിണറായിപ്പെരുമ കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് പിണറായിപ്പെരുമയ്ക്കു വൻ വരവേൽപ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരങ്ങളും ബാഡ്മിന്റൻ ടൂർണമെന്റും ഇത്തവണത്തെ പെരുമയുടെ ഒരുമ കൂട്ടും. ഇന്നും നാളെയും അഞ്ചരക്കണ്ടിപ്പുഴയിലെ അഞ്ച് ബോട്ടുജെട്ടികളിലും നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേള നടക്കും.
പാറപ്രം ബോട്ടുജെട്ടിയിലെ പരിപാടികൾ എം.വിജിൻ എംഎൽഎയും ചിറക്കുനി ബോട്ടുജെട്ടിയിലേത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചേരിക്കൽ ബോട്ടുജെട്ടിയിലേത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരിയും നിർവഹിക്കും. സമാപനോദ്ഘാടനം ചെറുമാവിലായി റഗുലേറ്റർ കം ബ്രിജിൽ കെ.വി.സുമേഷ് എംഎൽഎ നിർവഹിക്കും. 13ന് രാത്രി 7.30നു നടക്കുന്ന പിണറായിപ്പെരുമ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എം.വി.ജയരാജൻ അധ്യക്ഷനാകും. സ്പീക്കർ എ.എൻ.ഷംസീർ, നടി മീന എന്നിവർ മുഖ്യാതിഥികളാകും. രാത്രി 8നാണ് ഗോപി സുന്ദറിന്റെ ലൈവ് മ്യൂസിക് ബാൻഡ് ഷോ. മാനസിക സംഘർഷങ്ങൾ കൂടി വരുന്ന ഇക്കാലത്ത് എല്ലാവർക്കും ഒത്തുചേരാനും സന്തോഷിക്കാനുമുള്ള ഒരിടം തീർക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് പിണറായിപ്പെരുമ എന്ന ആശയം മുന്നോട്ടുവച്ചത്. ഏഴാമത് പിണറായിപ്പെരുമ 23നു നടന്ന റിവർ ഫെസ്റ്റോടെ ആരംഭിച്ചു.
മറ്റ് പരിപാടികൾ
മാർച്ച് 30ന് 4.30നു പിണറായി ടൗണിൽ സാംസ്കാരിക ഘോഷയാത്ര. എരുവെട്ടി, പാറപ്രം, കംപൗണ്ടർഷാപ്പ് എന്നിവിടങ്ങളിൽ നിശ്ചല ദൃശ്യങ്ങളും ദഫ്മുട്ട്, ഒപ്പന, ചെണ്ടമേളം തുടങ്ങിയവയുമുണ്ടാകും. വൈകിട്ട് 6ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രഫ.ആർ.രാജശ്രീ പിണറായിപ്പെരുമയുടെ കൊടിയേറ്റും. മാർച്ച് 31ന് 6.30ന് ഏഴു ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ നിർവഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ രാത്രി 7.30ന് കൺവൻഷൻ സെന്ററിൽ കെപിഎസി ഉൾപ്പെടെയുള്ള നാടകസംഘങ്ങൾ അവതരിപ്പിക്കുന്ന 7 നാടകങ്ങൾ അരങ്ങേറും. ഏപ്രിൽ 2, 3 തീയതികളിൽ ടൂറിങ് ടാക്കീസ് എന്ന പേരിൽ വായനശാലകളുമായി ചേർന്നു പ്രാദേശിക സിനിമാപ്രദർശനം. പിണറായി ബാങ്ക് ഗ്രൗണ്ട്ഫ്ലോറിൽ സംഘടിപ്പിക്കുന്ന ഫോട്ടോ എക്സിബിഷൻ 5ന് വൈകിട്ട് 5ന് ചലച്ചിത്ര അക്കാദമി പ്രസിഡന്റ് പ്രേംകുമാർ നിർവഹിക്കും. എക്സിബിഷൻ രണ്ടിനു തുടങ്ങും. ഏപ്രിൽ 3 മുതൽ 12 വരെയാണ് ഫ്ലവർ ഷോ. നടി മഹാലക്ഷ്മി ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 3ന് വൈകിട്ട് 5ന് കൺവൻഷൻ സെന്ററിൽ ‘കവിയും കവിതയും’ എന്ന വിഷയത്തിൽ രാവുണ്ണി, കുരീപ്പുഴ ശ്രീകുമാർ, ഡോ.കെ.വി സിന്ധു എന്നിവരുടെ ചർച്ചയും കവിതാവതരണവും നടക്കും. ഏപ്രിൽ 6ന് വൈകിട്ട് 5ന് പ്രാദേശിക കലാകാരന്മാരുടെ കവിതകൾ അവതരിപ്പിക്കുന്ന കവിയരങ്ങും നടക്കും. ഏപ്രിൽ ഏഴു മുതൽ 13 വരെയാണ് ബാങ്ക് ഹാളിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. തുടർന്ന് ഓപ്പൺ ഫോറവും നടക്കും ഏപ്രിൽ 7ന് 7.30ന് മെഗാ ഷോ. മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷയാകും.
ഏപ്രിൽ 7 മുതൽ 13 വരെ വൈകുന്നേരം 5നാണ് പെരുമ ടോക്. എം.പി.കനിമൊഴി, ഡോ.എം.വി.പിള്ള, ജസ്റ്റിസ് കെ.ചന്ദ്രു തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 7ന് രാത്രി 8ന് ജി.വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ എന്നിവർ നയിക്കുന്ന ഗാനമേള. 8ന് കളരിപ്പയറ്റ് പ്രദർശനം, സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് ബാൻഡ്, 9ന് തെരുവരങ്ങ് ചവിട്ടുനാടകം, എം.സി.മസാല കോഫി, രാത്രി 9ന് രമ്യ നമ്പീശൻ നയിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്. 11ന് രാത്രി 7.30നാണ് മേതിൽ ദേവികയുടെ മോഹിനിയാട്ടം ഗ്രൂപ്പ് ഷോ. 8.30ന് മ്യൂസിക്കൽ ക്രോസ് റോഡ്സ്–അഭിരാമി അജയ് നയിക്കും.12ന് രാത്രി 7.30ന് പാട്ടു കമ്പനി ബാൻഡ് മ്യൂസിക്. രാത്രി 9ന് ഉത്തര ഉണ്ണിയുടെ ഭരതനാട്യം.
വർണാഭമായി ജലഘോഷയാത്ര
പിണറായി ∙ജല ഘോഷയാത്ര റിവർ ഫെസ്റ്റിന്റെ ഭാഗമായി മമ്പറം ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച 7 പ്ലോട്ട് ജലഘോഷയാത്ര അഞ്ചരക്കണ്ടി പുഴയിലൂടെ പാറപ്രം ചെറുമാവിലായി പാർക്കിൽ സമാപിച്ചു. റിവർ ഫെസ്റ്റ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ മുഖ്യാതിഥിയായി. ജലഘോഷയാത്ര കലക്ടർ അരുൺ കെ. വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത സമ്മാനങ്ങൾ നൽകി. കേരള അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കല്ലാട്ട് ചന്ദ്രൻ, മുരിക്കോളി പവിത്രൻ, എ.വി.ഷീബ, കെ.ശശിധരൻ, പി.കെ.അനിൽകുമാർ, പി.പി.കൃഷ്ണൻ, പി.ഇന്ദിര, മമ്പറം ദിവാകരൻ, കക്കോത്ത് രാജൻ, വി പ്രദീപൻ, പി.എം.അഖിൽ, എ.ടി.ദാസൻ, വി.കെ.ഗിരിജൻ, ടി.ഭാസ്കരൻ, പി.എം.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു